പി.എസ്.ജി സൂപ്പർതാരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കുമോ?
text_fieldsലയണൽ മെസ്സിക്കു പിന്നാലെ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറും ഈ സീസൺ അവസാനം പി.എസ്.ജി വിടുന്നു. ഇരുവർക്കും സമ്മർ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ പി.എസ്.ജി മാനേജ്മെന്‍റ് അനുമതി നൽകിയതായാണ് വിവരം. ‘ദ സൺ’ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നെയ്മർ പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡാണ് താരത്തെ നോട്ടമിടുന്നത്. നെയ്മറിനെ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ യുനൈറ്റഡിന് ലഭിച്ചിരിക്കുന്നത്. നെയ്മറിൽ താൽപര്യം പ്രകടിപ്പിച്ച് യുനൈറ്റഡ് നേരത്തെ തന്നെ പി.എസ്.ജി അധികൃതരെ ബന്ധപ്പെട്ടിരുന്നു. 2025 വരെയാണ് നെയ്മറുമായി പി.എസ്.ജിക്ക് കരാറുള്ളത്.
തുടരെ അലട്ടുന്ന കണങ്കാലിലെ പരിക്കിനെ തുടര്‍ന്ന് താരം ഇപ്പോൾ കളിക്കുന്നില്ല. ഈ സീസണില്‍ 18 ഗോളുകളാണ് നേടിയത്. പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്ന വിലയിരുത്തലിലാണ് നെയ്മറെ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഒഴിവാക്കാൻ പി.എസ്.ജി ശ്രമിക്കുന്നത്. പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതോടെ അറ്റാക്കിങ്ങിൽ നെയ്മറെ പോലൊരു താരത്തെയാണ് യുനൈറ്റഡ് അന്വേഷിക്കുന്നത്.
ജാഡൻ സാഞ്ചോയുടെയും ആന്റണിയുടെയും മോശം ഫോമും ക്ലബിനെ വലക്കുന്നുണ്ട്. ഇതോടെയാണ് നെയ്മറിനായി ക്ലബ് കരുക്കൾ നീക്കിയത്. ഇതിനിടെയാണ് പി.എസ്.ജി ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയെ ചുറ്റിപ്പറ്റി കരുക്കൾ നീക്കാനും മെസ്സി, നെയ്മർ സൂപ്പർതാരങ്ങളെ ഒഴിവാക്കാനുമുള്ള തീരുമാനത്തിലെത്തുന്നത്. ഈ അവസരത്തിലാണ് നെയ്മറിനായി യുനൈറ്റഡ് ശക്തമായി രംഗത്തെത്തിയത്.
ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ചെയര്‍മാനും നിക്ഷേപകനുമായ ശൈഖ് ജാസിം ബിന്‍ ഹമദ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറ്റെടുത്താല്‍ നെയ്മര്‍ ഓള്‍ഡ് ട്രഫോര്‍ഡിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. യുനൈറ്റഡ് സ്വന്തമാക്കാനായി മൂന്നാമത്തേയും അവസാനത്തേയും ഓഫര്‍ ശൈഖ് ജാസിം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ക്ലബ് വില്‍ക്കാനുള്ള അന്തിമ തീരുമാനത്തിലേക്ക് ഗ്ലേസര്‍ കുടുംബം ഇതുവരെ എത്തിയിട്ടില്ല.
ക്ലബിന്റെ അനുവാദമില്ലാതെ സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്ന സ്ട്രൈക്കർ ലയണൽ മെസ്സിയെ പി.എസ്.ജി രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ താരവും ക്ലബുമായുള്ള ബന്ധം കൂടുതൽ വഷളാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.