ലീഡ്സിനെതിരെ ആറാട്ട്; കൊടുങ്കാറ്റായി ചെങ്കുപ്പായക്കാർ വരുന്നു
text_fieldsലണ്ടൻ: ലോകത്തെ ഏറ്റവും ആരാധകരും സമ്പത്തുമുള്ള ക്ലബെന്ന ഖ്യാതിയുണ്ടായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് കഴിഞ്ഞ ഏതാനും സീസണുകളായി കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ല. അലക്സ് ഫെർഗൂസൺ പരിശീലക സ്ഥാനം രാജിവെച്ചതിന് ശേഷം ഓൾഡ് ട്രാഫോഡിൽ പ്രീമിയർ ലീഗ് കിരീടം എത്തിക്കാൻ പോയിട്ട് ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പോലും പ്രതാപികൾക്കായിരുന്നില്ല. തുടർതോൽവികളുമായി പുതുസീസൺ ആരംഭിച്ചതോടെ ഇക്കുറിയും കാര്യമായ മാറ്റമുണ്ടാകില്ലെന്ന് പലതും കരുതി. എന്നാൽ ക്രിസ്മസിന് മുമ്പായി പിരിയുേമ്പാൾ പ്രീമിയർ ലീഗിൽ 13കളികളിൽനിന്നും 26 പോയന്‍റുമായി യുനൈറ്റഡ് മൂന്നാമതാണ്. ഒരുമത്സരം കൂടുതൽ കളിച്ച ലിവർപൂളിന് 31ഉം ലെസ്റ്റർ സിറ്റിക്ക് 27പോയന്‍റുമാണുള്ളത്. യുനൈറ്റഡ് നിലവിലെ ഫോമിൽ പന്തുതട്ടിയാൽ കിരീടം നിലനിർത്താൻ ഇക്കുറി ലിവർപൂൾ പാടുപെടേണ്ടിവരും.
16 വർഷത്തിനുശേഷം ലീഡ്സും മാഞ്ചസ്റ്റർ യുനൈറ്റഡും മുഖാമുഖമെത്തിയ രാത്രി മാഞ്ചസ്റ്റർ ആരാധകർക്ക് അവിസ്മരണീയമായിമാറി. ഇംഗ്ലീഷ് ഫുട്ബാളിലെ ചിരവൈരികളുടെ ഏറ്റുമുട്ടലായ അങ്കത്തിൽ ലീഡ്സ് വലയിൽ ആറു ഗോൾ നിക്ഷേപിച്ചാണ് (6-2) യുനൈറ്റഡ് അർമാദിച്ചത്. പന്തുരുണ്ട് തുടങ്ങി കളിക്കാർ ശ്വാസം വിടുംമുേമ്പ ലീഡ്സിന്റെ വലകുലുങ്ങിയിരുന്നു. മൂന്നു മിനിറ്റിനകം യുനൈറ്റഡിനായി രണ്ടു ഗോളും പിറന്നത് സ്കോട്ട്ലൻഡ് താരം സ്കോട്ട് മക്ടൊമിനയിലൂടെയായിരുന്നു. .
കിക്കോഫ് വിസിലിനു പിന്നാലെ 67ാം സെക്കൻഡിൽ ബ്രൂണോ ഫെർണാണ്ടസ് നൽകിയ പന്ത് വലയിലെത്തിച്ച് മക്ടൊമിനി ആദ്യം വലകുലുക്കി. തുടർന്ന് അടുത്ത 60 സെക്കൻഡിനുള്ളിൽ ആൻറണി മാർഷൽ നൽകിയ ക്രോസിലൂടെ രണ്ടാം ഗോളും. കളിക്കളത്തിലെത്തി നടുനിവർത്തും മുേമ്പ വഴങ്ങിയ ഗോളിൽ ലീഡ്സ് തളർന്നു. പിന്നെ ഗോൾ ആറാട്ടായി. ബ്രൂണോ ഫെർണാണ്ടസ് (20, 70), വിക്ടർ ലെൻഡ്ലോഫ് (37), ഡാനിയേൽ ജെയിംസ് (66) എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ ലീഡ്സ് തരിപ്പണമായി. ലിയാം കൂപ്പറും, സ്റ്റുവർട്ട് ഡള്ളാസും ആശ്വാസഗോൾ നേടിയെങ്കിലും ലീഡ്സിന് തിരികെയെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.