എൻസോ ഫെർണാണ്ടസിനായി മാഞ്ചസ്റ്റർ യുനൈറ്റഡ്-ലിവർപൂൾ-ചെൽസി ‘പോരാട്ടം’
text_fieldsഖത്തർ ലോകകപ്പിലെ താരോദയങ്ങളിലൊരാളാണ് അർജന്റീനക്കാരനായ എൻസോ ഫെർണാണ്ടസ്. ടൂർണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട എൻസോക്കായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡും ലിവർപൂളും ചെൽസിയും തമ്മിൽ പോരിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ പോർച്ചുഗൽ ക്ലബ് ബെൻഫിക്കയിൽ കളിക്കുന്ന താരത്തിന് ചെൽസി മുന്നോട്ടുവെച്ച ഓഫർ 127 ദശലക്ഷം യൂറോയാണെന്നാണ് പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡും ലിവർപൂളും 118 ദശലക്ഷം യൂറോ വരെ ഓഫർ നൽകിയിരുന്നെന്നും പറയുന്നു. എന്നാൽ, എന്ത് വില കൊടുത്തും താരത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് ചെൽസി. ക്ലബ് പ്രതിനിധികൾ ബെൻഫിക്ക പ്രസിഡന്റ് റൂയി കോസ്റ്റയുമായും ഏജന്റ് ജോർജ് മെൻഡസുമായും ചർച്ച നടത്തിയതായി ‘ദ സൺ’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂണിൽ ബെൻഫിക്കയിൽ എത്തിയ 21കാരന് 2027 വരെ അവിടെ കരാറുണ്ട്. നിലവിൽ പോർച്ചുഗീസ് ലീഗിൽ നാല് സീസണിന് ശേഷം കിരീടത്തിലേക്ക് നീങ്ങുകയാണ് ബെൻഫിക്ക. ചാമ്പ്യൻസ് ലീഗിൽ അവസാന 16ൽ എത്തിയിട്ടുമുണ്ട്. ഇതിനിടയിൽ ക്ലബ് അധികൃതർ താരത്തെ വിട്ടുനൽകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ, വൻതുകയുടെ ഓഫറിൽ ക്ലബ് അധികൃതർ വീഴുമെന്നാണ് ചെൽസിയുടെ പ്രതീക്ഷ. ഈ സമ്മറിൽ കരാർ പൂർത്തിയാക്കുന്ന ജോർജീഞ്ഞോക്ക് പകരക്കാരനായാണ് ചെൽസി അർജന്റീനക്കാരനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ജോർജീഞ്ഞോ അടുത്ത സീസണിൽ ന്യൂ കാസിൽ യുനൈറ്റഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. 2018 മുതൽ ചെൽസി മധ്യനിരയിലെ പ്രധാനിയായ ഇറ്റലിക്കാരൻ 208 മത്സരങ്ങളിൽ നീലക്കുപ്പായത്തിലിറങ്ങിയിട്ടുണ്ട്.
ലോകകപ്പിൽ അർജന്റീനയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് എൻസോ ഫെർണാണ്ടസ്. ഫൈനലിൽ ഫ്രാൻസിനെതിരെ 77 പാസുകൾ വിജയകരമായി പൂർത്തിയാക്കിയ താരം പത്ത് ടാക്ലിങ്ങും നടത്തി. അതേസമയം, താരത്തിന് ഡിമാൻഡ് കൂടിയതോടെ ലിവർപൂൾ പിന്മാറിയതായും റിപ്പോർട്ടുണ്ട്. ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെ എത്തിക്കാനാണ് അവരുടെ പുതിയ നീക്കമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.