യൂറോപയിലും ബാഴ്സ പുറത്ത്; ‘ബ്രസീൽ കരുത്തിൽ’ കറ്റാലന്മാരെ കടന്ന് യുനൈറ്റഡ് ക്വാർട്ടറിൽ
text_fieldsടെൻ ഹാഗിനു കീഴിൽ ഇരട്ട എഞ്ചിനായി മാറിയ മാഞ്ചസ്റ്റർ യുനൈറ്റഡിനു മുന്നിൽ വീണ് ബാഴ്സലോണ. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ കറ്റാലന്മാരെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തിയാണ് യുനൈറ്റഡ് യൂറോപ ലീഗ് ക്വാർട്ടറിലെത്തിയത്.
ലെവൻഡോവ്സ്കി നേടിയ പെനാൽറ്റി ഗോളിൽ മുന്നിലെത്തിയ ബാഴ്സയെ പൂട്ടി രണ്ടാം പകുതിയിൽ പകരമിറങ്ങിയ ആന്റണിയും ഫ്രെഡും നേടിയ ഗോളുകളാണ് ഇംഗ്ലീഷുകാരെ അവസാന എട്ടിലെത്തിച്ചത്. ആദ്യ പാദ മത്സരത്തിൽ രണ്ടു ഗോൾവീതം നേടി ഇരുടീമുകളും തുല്യത പാലിച്ചിരുന്നു. മൊത്തം സ്കോർ 4-3.
18ാം മിനിറ്റിൽ സ്വന്തം ബോക്സിൽ യുനൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് വെറുതെ ഫൗൾ ചെയ്തതിന് ലഭിച്ച ‘അനാവശ്യ’ പെനാൽറ്റിയാണ് ലെവൻഡോവ്സ്കി ലക്ഷ്യത്തിലെത്തിച്ചത്. പന്തുമായി എത്തിയ ബാഴ്സ താരം അലിയാേന്ദ്രാ ബാൾഡെക്കു നേരെയായിരുന്നു അസമയത്തെ ബ്രൂണോ ‘കൈയാങ്കളി’. അവസരമാക്കി ബാൾഡെ മൈതാനത്തുവീണതോടെ റഫറി പെനാൽറ്റി വിധിക്കുകയും ലെവൻഡോവ്സ്കി വല കുലുക്കുകയും ചെയ്തു. പിന്നെയും കളി പിടിച്ച് ബാഴ്റ ഓടിനടന്ന ആദ്യ പകുതിയിൽ ആതിഥേയർക്ക് കാര്യമായ പങ്കുണ്ടായിരുന്നില്ല.
എന്നാൽ, ഇടവേള കഴിഞ്ഞെത്തുമ്പോൾ ടെൻ ഹാഗ് ടീമിൽ വരുത്തിയ മാറ്റം കളിയും മാറ്റി. മുന്നേറ്റത്തിൽ ഉഴറിയ വൂട്ട് വെഗോസ്റ്റിനു പകരം ബ്രസീൽ താരം ആന്റണിയെ ആണ് കോച്ച് പരീക്ഷിച്ചത്. ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹര പാസ് വലയിലെത്തിച്ച് ബ്രസീൽ താരം ഫ്രെഡ് 47 ാം മിനിറ്റിൽ യുനൈറ്റഡിനെ ഒപ്പമെത്തിച്ചു. 73ാം മിനിറ്റിൽ കൂട്ട ആക്രമണത്തിനൊടുവിൽ തകർപ്പൻ വോളിയിൽ ആന്റണിയും ഗോൾ നേടി. പിന്നെയും കളംനിറഞ്ഞ യുനൈറ്റഡ് തന്നെയായിരുന്നു അവസരങ്ങൾ തുറന്നത്. മങ്ങിപ്പോയ ബാഴ്സക്ക് അവസരം നൽകാതെ ആതിഥേയർ ക്വാർട്ടറിൽ ടിക്കറ്റുറപ്പിച്ചു.
2017നു ശേഷം കിരീടമൊന്നുമില്ലാതെ പഴിയേറെ കേട്ട യുനൈറ്റഡിന് ഇത്തവണ വലിയ മോഹങ്ങൾ നൽകുന്നതാണ് ഓരോ മത്സരഫലവും. ബുധനാഴ്ച ന്യൂകാസിലിനെതിരെ ഇ.എഫ്.എൽ കപ്പ് ഫൈനലിൽ ജയിച്ചാൽ വർഷങ്ങൾക്കിടെ സ്വന്തമാക്കുന്ന ആദ്യ കിരീടമാകും.
മറുവശത്ത്, കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് ബാഴ്സലോണ യൂറോപ്യൻ പോരാട്ടങ്ങളിൽ അവസാന എട്ടു കാണാതെ മടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഒരു വർഷം മുമ്പ് മെസ്സിയടക്കം പ്രമുഖരെയെല്ലാം വെട്ടിയ പ്രസിഡന്റ് ലപോർട്ടക്കെതിരെ ആരാധക രോഷം ഇരട്ടിയാക്കുന്നതാണ് പോയവർഷത്തെ വൻവീഴ്ചകൾ. സമീപകാലത്തു പക്ഷേ, കുതിപ്പു തുടരുന്ന ബാഴ്സ 18 കളികൾ തോൽവിയറിയാതെ കുതിച്ച ശേഷം ആദ്യമായാണ് എതിരാളികൾക്ക് മുന്നിൽ വീഴുന്നത്.
ലാ ലിഗയിൽ റയൽ മഡ്രിഡിനു മേൽ എട്ടു പോയിന്റ് ലീഡ് നിലനിർത്തുന്ന ടീമിനെതിരെ ജയം പിടിക്കാനായത് മഹത്തായ നേട്ടമാണെന്ന് മത്സര ശേഷം യുനൈറ്റഡ് കോച്ച് ടെൻ ഹാഗ് പറഞ്ഞു. ക്രിസ്റ്റ്യൻ എറിക്സൺ പരിക്കുമായി പുറത്തിരിക്കുന്ന ടീമിൽ പകരമെത്തിയ ഫ്രെഡിന്റെ അസാമാന്യ നീക്കമാണ് വ്യാഴാഴ്ച യുനൈറ്റഡിനെ ഒപ്പമെത്തിച്ചത്. ബാഴ്സ പ്രതിരോധം കോട്ട കാത്ത് നിൽക്കുന്നതിനിടെ ഒറ്റക്കുണ്ടായിരുന്ന ഫ്രെണ്ട് കാലിലെത്തിയ പന്ത് അതിവേഗ നീക്കത്തിൽ ബാഴ്സ കാവൽക്കാരനെ കീഴ്പെടുത്തുകയായിരുന്നു. പിന്നീടും കളി നയിച്ച ടീം ജയവുമായി ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു.
വൻവീഴ്ചകളിൽനിന്ന് തിരിച്ചെത്തിയ യുനൈറ്റഡ് പ്രിമിയർ ലീഗിലും മികച്ച പ്രകടനവുമായി ആദ്യ സ്ഥാനങ്ങളിലുള്ളവരുടെ നെഞ്ചിൽ ആധിയേറ്റുകയാണ്. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായി ടീമിന് അഞ്ചു പോയിന്റ് അകലമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.