ഗോഡ്ഫാദര്‍ ഇടപെട്ടിട്ടും ക്രിസ്റ്റ്യാനോ മെരുങ്ങുന്നില്ല, രക്ഷയില്ലെങ്കില്‍ നെയ്മറെത്തും!
text_fieldsസൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വില്‍പ്പനക്ക് വെച്ചിട്ടില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും, ക്രിസ്റ്റ്യാനോക്കുള്ള പകരക്കാരുടെ ലിസ്റ്റ് ഓള്‍ഡ് ട്രഫോര്‍ഡ് ക്ലബ്ബ് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.
പ്രീ സീസണ്‍ മത്സരങ്ങളില്‍ വിട്ടു നിന്ന ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിന്റെ ക്യാമ്പില്‍ തിരിച്ചെത്തിയെങ്കിലും അഭ്യൂഹങ്ങള്‍ അടങ്ങിയിട്ടില്ല. പോര്‍ച്ചുഗല്‍ താരം ടീം വിടുകയാണെങ്കില്‍ നാല് താരങ്ങളെയാണ് മാഞ്ചസ്റ്റര്‍ കണ്ടു വെച്ചിരിക്കുന്നത്. പി എസ് ജിയുടെ ബ്രസീല്‍ താരം നെയ്മര്‍, ഇവാന്‍ ടോണി, വിസാം ബെന്‍ യെഡര്‍, സസ കലാസിച് എന്നിവരാണ് പട്ടികയിലുള്ളതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാഴ്‌സലോണയുടെ മെംഫിസ് ഡിപേയുടെ പേരും അയാക്‌സിന്റെ ആന്റണിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഈകൂട്ടത്തില്‍ അതിശയിപ്പിക്കുന്നത് നെയ്മറിന്റെ സാന്നിധ്യം തന്നെയാണ്.
ക്രിസ്റ്റ്യാനോയെ ടീമില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ഗോഡ്ഫാദര്‍ ആയ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഇടപെട്ടിരിക്കുന്നുവെന്നതാണ് പുതിയ സംഭവവികാസം. യുനൈറ്റഡിന്റെ സി ഇ ഒ റിചാര്‍ഡ് അര്‍നോള്‍ഡും ഫുട്‌ബോള്‍ ഡയറക്ടര്‍ ജോണ്‍ മുര്‍തോയും റൊണാള്‍ഡോയുമായി അന്തിമവട്ട ചര്‍ച്ചകള്‍ക്കൊരുങ്ങുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്നതാണ് ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം. എന്നാല്‍, ബയേണ്‍ മ്യൂണിക്കും ചെല്‍സിയും പിന്‍മാറിയതിന് പിന്നാലെ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡും സൂപ്പര്‍താരത്തെ വാങ്ങുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിരുന്നു. അതിനിടെയാണ്, ക്രിസ്റ്റ്യാനോ പോവുകയാണെങ്കില്‍ ടീമിലെത്തിക്കാനുള്ള താരങ്ങളുടെ പട്ടിക മിറര്‍ പുറത്തുവിട്ടത്.
പരിക്കിനെ തുടര്‍ന്ന് കരിയറില്‍ തുടരെ തിരിച്ചടി നേരിട്ട നെയ്മറിന് കഴിഞ്ഞ സീസണിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. കായികമായി ശക്തമായ പോരാട്ടം നടക്കുന്ന പ്രീമിയര്‍ ലീഗിന് നെയ്മര്‍ അനുയോജ്യനല്ലെന്ന വിലയിരുത്തലാണ് ക്ലബ്ബ് മാനേജ്‌മെന്റുകള്‍ക്കുള്ളത്. ചെല്‍സി നേരത്തെ തന്നെ നെയ്മറിനെ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.