എഫ്.എ കപ്പ്: വിവാദ ഗോളിൽ കടന്ന് യുനൈറ്റഡ്
text_fieldsലണ്ടൻ: അവസാന വിസിലിന് തൊട്ടുമുമ്പ് ഹാരി മഗ്വയർ നേടിയ ഗോളിൽ ലെസ്റ്ററിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് അഞ്ചാം റൗണ്ടിൽ. ഓരോ ഗോളുമായി സമനിലയിൽ നിൽക്കെയാണ് ഇഞ്ച്വറി സമയത്ത് ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീ കിക്കിൽ തലവെച്ച് മഗ്വയർ ടീം കാത്തിരുന്ന വിജയം സമ്മാനിച്ചത്.
പ്രീമിയർ ലീഗിൽ 13ാമതുള്ള യുനൈറ്റഡിന് ആത്മവിശ്വാസം പകരുന്നതാണ് എഫ്.എ കപ്പിലെ വിജയം. എഫ്.എ കപ്പ് നാലാം റൗണ്ടിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന് ഓറിയന്റിനെ വീഴ്ത്തി. ഖുസാനോവും ഡി ബ്രുയിനും സിറ്റിക്കായി വല കുലുക്കിയപ്പോൾ ഒർട്ടേഗയുടെ സെൽഫ് ഗോളാണ് ഓറിയന്റിന് ആശ്വാസമായത്.
കെയിൻ ഡബ്ളിൽ ബയേൺ
ബർലിൻ: ബുണ്ടസ് ലിഗയിൽ കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇനിയും വിട്ടുനൽകാനില്ലെന്ന വിളംബരമായി ബയേണിന് വമ്പൻ ജയം. രണ്ടുവട്ടം പെനാൽറ്റി വലയിലെത്തിച്ച് ഹാരി കെയിൻ തിളങ്ങിയ ദിനത്തിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് വീഴ്ത്തിയാണ് ബയേൺ ബുണ്ടസ് ലിഗ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് ഒമ്പതുപോയന്റ് മുന്നിലേക്ക് കയറിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ കെയിൻ ഇതോടെ സീസണിലെ ഗോൾ സമ്പാദ്യം 21 ആക്കി. ബുണ്ടസ് ലിഗയിൽ മൊത്തം 57ഉം. ലിറോയ് സാനെയും ബയേണിനായി ഗോൾ നേടി. 45 പോയന്റോടെ ബയേർ ലെവർകൂസൻ രണ്ടാമതുണ്ട്.
ഡബ്ളടിച്ച് ഡെംബലെ; പി.എസ്.ജിക്ക് ജയം
പാരിസ്: കരുത്തർ മാറ്റുരച്ച ലീഗ് വണ്ണിൽ വമ്പൻ ജയവുമായി പി.എസ്.ജി. ഉസ്മാൻ ഡെംബലെ രണ്ടു ഗോളടിച്ച കളിയിൽ മൊണാക്കോയെ ഒന്നിനെതിരെ നാലു ഗോളിനാണ് ടീം കടന്നത്. വിറ്റിഞ്ഞ, ക്വാരറ്റ്സ്കലിയ എന്നിവരും പാരിസ് ടീമിനായി വല കുലുക്കിയപ്പോൾ സക്കറിയ മൊണാക്കോയുടെ ആശ്വാസ ഗോൾ നേടി. 21 കളികൾ പിന്നിട്ട ലീഗിൽ 53 പോയന്റുമായി പി.എസ്.ജി ഒന്നാമതാണ്. രണ്ടാമതുള്ള മാഴ്സെക്ക് 40 പോയന്റാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.