മാഞ്ചസ്റ്റർ ചുവന്നു! ഡെർബിയിൽ അവസാന രണ്ടു മിനിറ്റിൽ രണ്ടു ഗോളടിച്ച് ജയം പിടിച്ച് യുനൈറ്റഡ്
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ ഡെർബിയിൽ അവസാന രണ്ടു മിനിറ്റിലെ രണ്ടു ഗോളിൽ ജയം പിടിച്ചെടുത്ത് യുനൈറ്റഡിന്‍റെ നാടകീയ തിരിച്ചുവരവ്.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുനൈറ്റഡിന്‍റെ ജയം. ബ്രൂണോ ഫെർണാണ്ടസ്, അമാദ് ദിയാലോ എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്. ജോസ്കോ ഗ്വാർഡിയോളിന്‍റെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ. അവസാന 11 മത്സരങ്ങളിൽ സിറ്റിയുടെ എട്ടാം തോൽവിയാണിത്.
ബദ്ധവൈരികളായ സിറ്റിക്കെതിരെ നേടിയ ജയം മോശം ഫോമിലൂടെ കടന്നുപോകുന്ന യുനൈറ്റഡിനും പുതിയ പരിശീലകൻ റൂബൻ അമോറിമിനും വലിയ ആത്മവിശ്വാസം നൽകുന്നതാണ്. സൂപ്പർതാരങ്ങളായ മാർക്കസ് റാഷ്ഫോർഡിനെയും ഗർനാചോയെയും സ്ക്വാഡിൽ പോലും ഉൾപ്പെടുത്താതെയാണ് യുനൈറ്റഡ് കളിക്കാനിറങ്ങിയത്. പതിവു ഡെർബിയുടെ ചൂടും ചൂരും ഒന്നുമില്ലാതെ വിരസമായിരുന്നു മത്സരം. ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാനായില്ല.
എന്നാൽ, അവസാന അഞ്ചു മിനിറ്റ് ഏറെ നാടകീയമായിരുന്നു. 38ാം മിനുറ്റിലാണ് എത്തിഹാദ് കാത്തിരുന്ന നിമിഷമെത്തിയത്. കോർണറിൽനിന്നുള്ള സെറ്റ് പീസിനിടെ കെവിൻ ഡിബ്രൂയിനിന്‍റെ ഷോട്ട് അമാദ് ദിയാലോയുടെ കാലിൽ തട്ടി ബോക്സിനുള്ളിലേക്ക്, ഉയർന്നുവന്ന പന്ത് ഗ്വാർഡിയോൾ ഹെഡ്ഡറിലൂടെ യുനൈറ്റഡിന്‍റെ വലയിലാക്കി. സിറ്റി നേടിയ ഒരു ഗോൾ ലീഡുമായാണ് ഇടവേളക്കുപിരിഞ്ഞത്. ആദ്യ പകുതിയിൽ യുനൈറ്റഡിന് ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല.
രണ്ടാം പകുതിയിൽ യുണൈറ്റഡ് പന്ത് കൂടുതൽ കൈവശം വെച്ചെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല. സിറ്റിയുടെ ഭാഗത്തുനിന്നു കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. ഇതിനിടെ അമദ് ദിയാലോയുടെ ഒരു ഹെഡർ എഡേഴ്സൺ പുറത്തേക്ക് തട്ടിയിട്ടു. സിറ്റി ഗോൾമുഖത്തെ പരീക്ഷിക്കാനാകാതെ വിയർത്ത യുനൈറ്റഡിന് 74ാം മിനിറ്റിലാണ് ലക്ഷണമൊത്ത അവസരം കിട്ടിയത്. ഹോയ്ലഡ് നീട്ടിനൽകിയ പന്തിനായി ബ്രൂണോ ഓടിക്കയറുമ്പോൾ താരത്തിനു മുന്നിൽ സിറ്റി ഗോൾ കീപ്പർ എഡേഴ്സൺ മാത്രം. പക്ഷേ, ബ്രൂണോയുടെ ഷോട്ട് പുറത്തേക്ക്.
സിറ്റി ഒരു ഗോളിന് വിജയമുറപ്പിച്ചുനിൽക്കെയാണ് യുനൈറ്റഡിന്‍റെ തിരിച്ചുവരവ്. ന്യൂനസിന്റെ അലക്ഷ്യമായ പാസ് തട്ടിയെടുത്ത് എഡേഴ്സണെയും മറികടന്ന് ദിയാലോ ബോക്സിനുള്ളിലേക്ക്. അപകടം മനസ്സിലാക്കിയ ന്യൂനസ് അമാദിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തു. റഫറിക്ക് പെനാൽറ്റി വിധിക്കാൻ ഒരു താമസ്സവുമുണ്ടായില്ല. കിക്കെടുത്ത ബ്രൂണോ പന്ത് അനായാസം വലയിലാക്കി. 88ാം മിനിറ്റിൽ യുനൈറ്റഡ് മത്സരത്തിൽ ഒപ്പമെത്തി. ഇതോടെ കളിയും മാറി.
അധികം വൈകാതെ 90ാം മിനിറ്റിൽ സിറ്റിയെ ഞെട്ടിച്ച് യുനൈറ്റഡിന്റെ രണ്ടാം ഗോളുമെത്തി. ലിസാൻട്രോ മാർട്ടിനസ് നീട്ടിനൽകിയ പന്തിനൊപ്പം സിറ്റി ബോക്സിലേക്ക് ഓടിക്കയറിയ അമദ് ദിയാലോ അതിമനോഹരമായി പന്ത് സിറ്റി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മൈതാനത്ത് യുനൈറ്റഡ് താരങ്ങളുടെ ആഘോഷം. ഇൻജുറി ടൈമിൽ സമനില ഗോളിനായി സിറ്റി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ജയത്തോടെ യുണൈറ്റഡ് 22 പോയന്റുമായി ടേബിളിൽ 12ാം സ്ഥാനത്തേക്ക് കയറി. സിറ്റി 16 മത്സരങ്ങളിൽ നിന്ന് 27 പോയന്റുമായി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.