മാനേയും സലാഹും തിരിച്ചെത്തി; ബേൺലിയെ വീഴ്ത്തി ലിവർപൂൾ
text_fieldsസാദിയോ മാനേയും മുഹമ്മദ് സലാഹും തിരിച്ചെത്തിയ പ്രിമിയർ ലീഗ് മത്സരത്തിൽ കരുത്തരായ ലിവർപൂൾ ബേൺലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. ഫബീഞ്ഞോ ആയിരുന്നു സ്കോറർ. ജയത്തോടെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി പോയിന്റ് അകലം ഒമ്പതാക്കി ലിവർപൂൾ ചുരുക്കി. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഏകപക്ഷീയമായ രണ്ടു ഗോളിന് വുൾവ്സിനു മുന്നിൽ അടിയറവു പറഞ്ഞു.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാലു ഗോളുകൾക്ക് നോർവിച്ച് സിറ്റിയെ തോൽപിച്ചപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡിനെ സതാംപ്ടൺ 1-1ന് സമനിലയിൽ പിടിച്ചു.
ഒന്നാമന്മാരായി എ.സി മിലാൻ
കടുത്ത പോരാട്ടത്തിൽ സാംപ്ദോറിയയെ കീഴടക്കിയ എ.സി മിലാൻ ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനത്ത്. പലവട്ടം സാംപ്ദോറിയ ഗോളി വ്ലാഡ്മിറോ ഫാൽക്കൺ രക്ഷകനായ കളിയിൽ അവസാനം റാഫേൽ ലിയോക്കു മുന്നിൽ കീഴടങ്ങിയതോടെയാണ് മിലാൻ ടീം ഏകപക്ഷീയമായ ഒരു ഗോളിന് ജയം പിടിച്ചത്. ഇതുവരെയും ഒന്നാമതുണ്ടായിരുന്ന ഇന്ററിനെ ഒരു പോയന്റിനു പിറകിലാക്കിയാണ് എ.സി മിലാൻ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഒരു കളി അധികം കളിച്ച എ.സി മിലാന് 55 പോയന്റാണുള്ളത്. ഇന്ററിന് 54ഉം. നാപോളി 53 പോയന്റുമായി തൊട്ടുപിറകിലുണ്ട്. 45 ഉള്ള യുവന്റസ് ഏറെ പിറകിലാണ്.
ബയേണിനെ അട്ടിമറിച്ച് ബോക്കം
ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലുള്ള ബയേൺ മ്യൂണിക്കിനെതിരെ വമ്പൻ അട്ടിമറിയുമായി ഇത്തിരിക്കുഞ്ഞന്മാരായ ബോക്കം. ആദ്യ പകുതിയിൽ അരമണിക്കൂറിനിടെ തുടരെ നാലു ഗോളുകൾ നേടിയാണ് പട്ടികയിൽ 11ാമതുള്ള ടീം ഞെട്ടിക്കുന്ന വിജയവുമായി മടങ്ങിയത്. റോബർട്ട് ലെവൻഡോവ്സ്കിയാണ് സ്കോറിങ് തുടങ്ങിയത്. ഏഴാം മിനിറ്റിൽ ബയേണിനെ മുന്നിലെത്തിച്ചെങ്കിലും വൈകാതെ ബയേൺ വല നിരന്തരം പ്രകമ്പനം കൊള്ളുന്നതിനാണ് മൈതാനം സാക്ഷിയായത്.
14-ാം മിനിറ്റിൽ ആന്റ്വി ആഡ്ജിയിലൂടെ മുന്നിലെത്തിയ ബോക്കാമിനായി ലൊക്കാഡിയ, ഗാംബോവ, ഹോൾട്മാൻ എന്നിവർ ആദ്യ പകുതിയിൽ പട്ടിക തികച്ചു. രണ്ടാം പകുതിയിൽ ഒരിക്കൽകൂടി എതിർവലയിൽ പന്തെത്തിച്ച് ലെവൻഡോവ്സ്കി ആശ്വാസം നൽകിയെങ്കിലും എതിരാളികൾ വിജയമുറപ്പിച്ചുകഴിഞ്ഞിരുന്നു. 2004നു ശേഷം ആദ്യമായാണ് ബോക്കം ബയേണിനെ പരാജയപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.