ദേശീയ വനിത ഫുട്ബാൾ: മണിപ്പൂർ-റെയിൽവേ ഫൈനൽ
text_fieldsകോഴിക്കോട്: ദേശീയ സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് ഫൈനലിൽ കഴിഞ്ഞ തവണത്തെ തനിയാവർത്തനമായി നിലവിലെ ജേതാക്കളായ മണിപ്പൂരും റണ്ണേഴ്സപ്പായ റെയിൽവേയും ഏറ്റുമുട്ടും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. സെമിഫൈനൽ മത്സരങ്ങൾ പെനാൽട്ടി ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. ആദ്യ സെമിയിൽ റെയിൽവേ സഡൻഡെത്തിൽ 6-5ന് മിസോറമിനെ കീഴടക്കി. നിശ്ചിതസമയവും എക്സ്ട്രാടൈമും കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു.
രണ്ടാം സെമിയിൽ മണിപ്പൂരും ഒഡിഷയും നിശ്ചിത സമയത്ത് 1-1ന് തുല്യനില പാലിച്ചു. ഷൂട്ടൗട്ടിൽ ഒഡിഷ ആദ്യ മൂന്ന് കിക്കുകളും പാഴാക്കി. മണിപ്പൂർ മൂന്നും ലക്ഷ്യത്തിലെത്തിച്ച് 3-0ന് ഷൂട്ടൗട്ടിൽ ജയിക്കുകയായിരുന്നു. നിശ്ചിത സമയത്ത് 11ാം മിനിറ്റിൽ യുംലെമ്പം പക്പി ദേവി സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയപ്പോൾ മണിപ്പൂർ ഒരു ഗോളിന് പിന്നിലായി. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് കിരൺ ബാല ചാനു മണിപ്പൂരിനായി തിരിച്ചടിച്ചു. രണ്ടാംപകുതിയിലും അധികസമയത്തും പോരാട്ടം കനത്തെങ്കിലും ഗോൾ പിറന്നില്ല.
എന്നാൽ പെനാൽട്ടി ഷൂട്ടൗട്ട് ഏകപക്ഷീയമായിരുന്നു. ബേബി സന ദേവി, അസെം റോജ ദേവി, സുൽത്താന എന്നിവർ മണിപ്പൂരിനായി ഗോൾ സ്വന്തമാക്കി. ഒഡിഷയുടെ യശോദ മുണ്ട, സുഭദ്ര സാഹു, സുമൻ മഹാപാത്ര എന്നിവരുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിയില്ല. 26 വർഷത്തെ ചാമ്പ്യൻഷിപ്പിൽ 25ാം തവണയാണ് മണിപ്പൂർ ഫൈനലിലെത്തുന്നത്.
സഡൻഡെത്തിൽ തീവണ്ടിപ്പട
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മിസോറാമിനെ സഡൻഡെത്തിൽ റെയിൽവേ വീഴ്ത്തിയത്. അഞ്ച് പെനാൽട്ടി കിക്കുകൾ അവസാനിക്കുേമ്പാൾ ഇരു ടീമുകളും 4-4 എന്ന നിലയിലായിരുന്നു. സഡൻഡെത്തിൽ ആദ്യ കിക്ക് റെയിൽവേയും മിസോറാമും ലക്ഷ്യത്തിലെത്തിച്ചതോടെ 5-5 എന്ന നിലയിലായി. രണ്ടാമത്തെ കിക്ക് മിസോറാം പാഴാക്കിയതോടെ തീവണ്ടിപ്പട ഫൈനലിലേക്ക് കുതിച്ചു. 70ാം മിനിറ്റിൽ പത്താം നമ്പർ താരം മമത റെയിൽവേയെ മുന്നിലെത്തിച്ചു. 1-0െൻറ വിജയം ഉറപ്പിച്ച റെയിൽവേ അവസാന വിസിലിന് കാതോർത്തിരിക്കെയാണ് ലാൽനുസിയാമി മിസോറാമിെൻറ സമനില ഗോൾ നേടിയത്.
കളി തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെയായിരുന്നു തകർപ്പൻ ടീം വർക്കിലൂടെ മിസോറാമിെൻറ ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും നിരവധി തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നു. അധികസമയത്ത് ഇരു ടീമുകൾക്കും ലക്ഷ്യം കാണാനായില്ല.
ഷൂട്ടൗട്ടിൽ റെയിൽവേയുടെ സുപ്രിയ റൗത്രേ, രവീണ യാദവ്, സുസ്മിത സെയ്ൻ, നവോബി ചാനു, എൻഗൗബി ദേവി, നന്ദിനി മുണ്ട എന്നിവർ ഗോളടിച്ചു. സുപർവ സമലിെൻറ കിക്ക് മിസോറം ഗോളി തടുത്തിട്ടു. എൻഗോപൗഡി, ലാൽലുങ്മുവാനി, ലാൽറിൻമാവി, സിയാമി, എലിസബത്ത് വാൻലാൽമാവി എന്നിവർ മിസോറാമിനായി കിക്കുകൾ വലയിലെത്തിച്ചു. ക്യാപ്റ്റൻ ഗ്രേസിനും വാൻസുവാലിക്കും ലക്ഷ്യം കാണാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.