'സ്റ്റേഡിയത്തിന് അകത്തും പുറത്തും വ്യത്യസ്ത പ്രതിഷേധ പ്രകടനം കാണാം, ഇനിയുള്ള മത്സരങ്ങളിൽ ടിക്കറ്റ് എടുക്കില്ല'; ബ്ലാസ്റ്റേഴ്സിനെതിരെ സമരം പ്രഖ്യാപിച്ച് മഞ്ഞപ്പട
text_fieldsഐ.എസ്. എൽ 2024-25 സീസണിൽ 11 മത്സരം കഴിഞ്ഞപ്പോൾ വളരെ മോശം അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 11 മത്സരത്തിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയുമായി 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒരു തരത്തിലും ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല.
ബ്ലാസ്റ്റേഴ്സിന്‍റെ ഈ മോശം പ്രകടനത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് പറയുകയാണ് ടീമിന്‍റെ ആരാധക സംഘടനയായ മഞ്ഞപ്പട. ടീമിലെത്തിക്കേണ്ട താരങ്ങളിലും മറ്റ് കാര്യങ്ങൾക്കും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന് മുന്നിൽ മഞ്ഞപ്പട നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇതിലെല്ലാം മഞ്ഞപ്പടയെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് നിരാശപ്പെടുത്തി. തുടർ തോൽവികൾ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ മാനേജ്മെന്‍റിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം.
പുറത്തുവിട്ട ഒരു പ്രസ്തവനയിലാണ് ആരാധക സംഘടന അവരുടെ നിലപാട് വ്യക്തമാക്കുന്നത്. മാനേജ്മെന്‍റിന്‍റെ തെറ്റായ പ്രവർത്തിയുടെ പരിണിതഫലമാണ് ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനമെന്നും അക്കാരണം കൊണ്ട് തന്നെ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു. ടീമിനോടുള്ള പിന്തുണ അവസാനിപ്പിക്കില്ലെന്നും എന്നാൽ ടിക്കറ്റ് വിൽപ്പനയിൽ പങ്കെടുക്കാതെയും സ്റ്റേഡിയത്തിന് അകത്തും പുറത്തും മാനേജിമെന്‍റിനെതിരെ പ്രതിഷേധം അറിയിക്കുമെന്നും മഞ്ഞപ്പട വ്യക്തമാക്കി.
പുറത്തുവിട്ട സ്റ്റേറ്റ്മെന്‍റിന്‍റെ പൂർണരൂപം.
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
നമ്മുടെ ക്ലബ്ബിന്റെ നിലവിലെ അവസ്ഥ നിങ്ങൾക് അറിയാമല്ലോ. മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികളുടെ പരിണിത ഫലമെന്നോളം എത്തിനിൽക്കുന്ന ടീമിന്റെ ഈ അവസ്ഥയിൽ നമ്മൾ തീർത്തും നിരാശയിലാണ്, ആയതിനാൽ ഇനി മുതൽ ഈ സീസണിൽ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു നമ്മുടെ പ്രതിഷേധം അറിയിക്കുകയാണ്.നമ്മൾ ഒരിക്കലും ടീമിനോടുള്ള പിന്തുണ പിൻവലിയ്ക്കുകയല്ല, ഈസ്റ്റ് ഗാലറിയിൽ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എങ്കിൽ കൂടി മാനേജ്മെന്റുനു എതിരെ സ്റ്റേഡിയത്തിനു അകത്തും പുറത്തും നമ്മൾ പ്രതിഷേധം അറിയിച്ചിരിയ്ക്കും.
നമ്മൾ പറഞ്ഞ മാറ്റങ്ങൾ വരാതിടത്തോളം നമ്മൾ ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറല്ല.കൂടാതെ മാറ്റങ്ങൾ ഇല്ലാത്തിടത്തോളം കാലം ഇനി വരുന്ന കളികളിൽ സ്റ്റേഡിയത്തിൽ പല തരത്തിലും പ്രതിഷേധ പരിപാടികൾ നമ്മൾ സംഘടിപ്പിക്കുന്നതാണ്.
മഞ്ഞപ്പട സ്റ്റേറ്റ് കോർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.