സേന്താഷ് ട്രോഫി: സ്വീകരിക്കാനൊരുങ്ങി മഞ്ചേരി
text_fieldsമഞ്ചേരി: 2014ൽ നടന്ന ഫെഡറേഷൻ കപ്പിന് ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയം വീണ്ടും ഒരു ഫുട്ബാൾ ആവേശത്തിന് വേദിയാകുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ നിശ്ശബ്ദമായ ഗാലറികളിൽ വീണ്ടും ആർപ്പുവിളികളുമായെത്തുന്ന കാണികൾക്കായി കാത്തിരിക്കുകയാണ് മലപ്പുറത്തിെൻറ സ്വന്തം പയ്യനാട് സ്റ്റേഡിയം. 2014ൽ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനത്തിന് സമ്മാനമായിട്ടായിരുന്നു ഫെഡറേഷൻ കപ്പ് ടൂർണമെൻറിന് പയ്യനാട് വേദിയായത്. വർഷങ്ങൾക്ക് ശേഷമാണ് ഇതേ സ്റ്റേഡിയത്തിലേക്ക് വീണ്ടും ഒരു ഫുട്ബാൾ മത്സരം വിരുന്നെത്തുന്നത്.
ഇതാദ്യമായാണ് വലിയ ചാമ്പ്യൻഷിപ്പിന് പയ്യനാട് വേദിയാകുന്നെതന്ന പ്രത്യേകതയുമുണ്ട്. ഫെഡറേഷൻ കപ്പ് സമയത്ത് കാണികളുടെ ആവേശവും അന്ന് വ്യാപകമായി ചർച്ചയായിരുന്നു. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തെ 'മഞ്ചേരിയിലെ മാഞ്ചസ്റ്റർ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത് സന്തോഷ് ട്രോഫിയിലും പ്രതിഫലിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. കോവിഡ് മാനദണ്ഡപ്രകാരം കർശനമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മത്സരമെങ്കിലും ആവേശം കുറയില്ല എന്നുതന്നെയാണ് അധികൃതരുടെ പ്രതീക്ഷ.
ജില്ല ആദ്യമായി സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ഒരു പോരായ്മക്കും ഇടവരുത്താതെയുള്ള മുന്നൊരുക്കമാണ് നടത്തുന്നത്. ജനുവരി അവസാനത്തോടെ മുഴുവൻ പ്രവൃത്തിയും പൂർത്തീകരിക്കാനാണ് സ്പോർട്സ് കൗൺസിൽ ലക്ഷ്യമിടുന്നത്. മുന്നോടിയായി സ്റ്റേഡിയത്തിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പരിശോധന നടത്തി തൃപ്തികരമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി സ്വാഗതസംഘമായി. യോഗത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യ രക്ഷാധികാരി. നിയമസഭ സ്പീക്കര്‍, മന്ത്രിമാര്‍, എ.ഐ.എഫ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് കെ.എം.ഐ. മേത്തര്‍, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി മാധവന്‍കുട്ടി വാര്യര്‍ എന്നിവര്‍ രക്ഷാധികാരികളും കായികമന്ത്രി വി. അബ്ദുറഹ്മാന് ചെയര്മാന്, ജില്ലയിലെ എം.പി, എം.എൽ.എമാർ വൈസ് ചെയര്മാന്, യു.എ. ലത്തീഫ് എം.എല്‍.എ വര്‍ക്കിങ് ചെയര്മാന്, കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപവത്കരിച്ചത്.
നവീകരിച്ച ഫ്ലഡ്ലൈറ്റ്
മഞ്ചേരി: സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റിെൻറ പ്രകാശ തീവ്രത വർധിപ്പിക്കാൻ ടെൻഡർ നൽകിയിട്ടുണ്ട്. നേരത്തേ നാല് കോടി രൂപ ചെലവഴിച്ച് 1200 ലെഗ്സസ് പ്രകാശശോഭയുള്ള ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഇത് 2000 ലെഗ്സസ് ആക്കിയാണ് ഉയർത്തുന്നത്. റഷ്യയിൽ നിന്നാണ് ലൈറ്റുകൾ എത്തിക്കുന്നത്. മത്സരങ്ങൾക്ക് മുന്നോടിയായി സ്റ്റേഡിയത്തിലെ പുല്ലുകളും നനച്ച് പരിപാലിക്കും. സ്റ്റേഡിയത്തിന് ചുറ്റും അലങ്കാരപ്പൂക്കളും െവച്ചുപിടിപ്പിച്ചിട്ടുണ്ട്. താരങ്ങൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം, ഗാലറി, മെഡിക്കൽ റൂം, റഫറിമാർക്കുള്ള മുറികൾ, മീഡിയ റൂം എന്നിവയെല്ലാം സ്റ്റേഡിയത്തിൽ തയാറാണ്. പവലിയനു താഴെ മറ്റൊരു ഇരിപ്പിടംകൂടി സജ്ജമാക്കുന്നുണ്ട്.
കിക്കോഫിന് മുമ്പേ റോഡ് നന്നാക്കണം
മഞ്ചേരി: സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് മുന്നോടിയായി സ്റ്റേഡിയത്തിലേക്കുള്ള റോഡുകൾ നവീകരിക്കുന്നതാകും പ്രധാന വെല്ലുവിളി. കളിക്കാർക്കും കാണികൾക്കും മികച്ച റോഡുകളിലൂടെ സ്റ്റേഡിയത്തിലെത്തണമെങ്കിൽ റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തേണ്ടി വരും.
ഇതിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിലേക്ക് അയച്ചിട്ടുണ്ട്. കാട്ടുങ്ങൽേചാല പിലാക്കൽ പുഴങ്കാവ് റോഡ്, പിലാക്കൽ സ്റ്റേഡിയം കോംപ്ലക്സ് റോഡ്, കൊട്ടാരം പിലാക്കൽ റോഡ്, ചീനിക്കാമണ്ണ് സ്റ്റേഡിയം റോഡ്, കവളങ്ങാട് മുക്കം സ്റ്റേഡിയം റോഡ് എന്നിവ ബി.എം ആൻഡ് ബി.സി ചെയ്യാൻ 19 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. സർക്കാർ കനിഞ്ഞാൻ കളിക്കാർക്കും കാണികൾക്കും മികച്ച റോഡിലൂെടെ സ്റ്റേഡിയത്തിലെത്താം. ഇതിന് അനുമതി വൈകിയാൽ അറ്റുകുറ്റപ്പണി നടത്തുന്നതിനായി 25 ലക്ഷം രൂപയുടെ മറ്റൊരു എസ്റ്റിമേറ്റും തയാറാക്കിയുണ്ട്.
അവസാന നിമിഷം ഇടംപിടിച്ച് കോട്ടപ്പടിയും
മലപ്പുറം: ജില്ല ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിൽ അവസാന നിമിഷം ഇടം പിടിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവും. നേരത്തേ മഞ്ചേരി പയ്യനാട് സ്റ്റേഡിയമായിരുന്നു വേദിയായി നിശ്ചയിച്ചത്. വ്യാഴാഴ്ച അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ സ്റ്റേഡിയം സന്ദർശിച്ച് വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലായിരുന്നു കോട്ടപ്പടിക്കും നറുക്ക് വീണത്.
എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി കുശാല്‍ ദാസ്, ഡെപ്യൂട്ടി സെക്രട്ടറി അഭിഷേക് യാദവ്, സി.കെ.പി. ഷാനവാസ് തുടങ്ങിയവരാണ് കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച് സ്റ്റേഡിയത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്തിയത്. മറ്റു കാര്യങ്ങളിൽ തൃപ്തി അറിയിച്ച സംഘം 35 ദിവസത്തിനുള്ളിൽ ടര്ഫിെൻറ നിലവാരം മെച്ചപ്പെടുത്തണമെന്ന് നിർദേശിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ അടിയന്തരമായി പ്രവൃത്തി ആരംഭിക്കാനാണ് സ്പോർട്സ് കൗൺസിൽ തീരുമാനം. ഫ്ലഡ്ലൈറ്റ് സംവിധാനമില്ലാത്തതിനാൽ പകൽ നടക്കുന്ന ഗ്രൂപ് മത്സരങ്ങൾക്കായിരിക്കും കോട്ടപ്പടി വേദിയാകുക.
പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കു മാത്രം
മലപ്പുറം: പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സേന്താഷ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ പ്രവേശനം പൂർണമായി കോവിഡ് മാനദണ്ഡ പ്രകാരം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം നൽകുകയെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
നിലവിൽ സ്റ്റേഡിയത്തിൽ 25,000 പേർക്ക് മത്സരം കാണുന്നതിനുള്ള സൗകര്യമാണുള്ളത്. എത്ര പേരെ പ്രവേശിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ടിക്കറ്റ് നിരക്ക് സംബന്ധിച്ചും തീരുമാനം വന്നിട്ടില്ല. സംസ്ഥാന സർക്കാറുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും ടിക്കറ്റ് നിരക്ക് തീരുമാനിക്കുക. നിരക്കിൽ ഇളവ് വേണമോയെന്ന കാര്യവും പരിഗണനയിലുണ്ട്.
താരങ്ങൾ ബയോബബിളിൽ
മലപ്പുറം: സന്തോഷ് ട്രോഫി ടൂർണമെൻറിെൻറ അവസാന റൗണ്ടിൽ മത്സരിക്കുന്ന മുഴുവൻ ടീമുകളിലെയും താരങ്ങൾ ബയോബബിളിലായിരിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. മറ്റുള്ളവരുമായുള്ള ഇടപഴകൽ ഒഴിവാക്കും. താമസിക്കുന്ന േഹാട്ടലിൽനിന്ന് നേരെ സ്റ്റേഡിയത്തിലേക്ക് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം. ടീമുകൾക്കായി താമസ സൗകര്യം പരിഗണനയിലുള്ളത് കോഴിക്കാടാണ്. ജില്ലയിലെ മറ്റ് ഹോട്ടലുകളും പരിഗണനയിലുണ്ട്. ഒഫിഷ്യൽസിനും രണ്ട് ഇടങ്ങളിലായി താമസം ഒരുക്കും. പരിശീലനത്തിനായി ജില്ലയിലെ മുഴുവൻ സ്റ്റേഡിയങ്ങളെയും ഉപയോഗപ്പെടുത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.