ബ്രസീലിലെ മാറക്കാന സ്റ്റേഡിയം ഇനി ഫുട്ബാൾ ഇതിഹാസം പെലെയുടെ പേരിൽ
text_fieldsറിയോ: കണ്ണീരായും കനലായും ഓരോ ബ്രസീലുകാരന്‍റെയും ഹൃദയത്തിൽ കൊത്തിവെച്ച നാമമാണ് മാറക്കാന സ്റ്റേഡിയം. 1950ൽ രണ്ടു ലക്ഷത്തോളം നാട്ടുകാരെ സാക്ഷിനിർത്തി ലോകകിരീടമുയർത്താമെന്ന സ്വപ്നവുമായി എത്തിയവർ അവസാനം തോരാകണ്ണീരുമായി മടങ്ങിയ അതേ വേദി. അന്ന് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും ബ്രസീൽ ഫുട്ബാളിനൊപ്പം ലോകം ചേർത്തുവിളിക്കുന്ന നാമം. രാജ്യം ലോകത്തിന് ദാനമായി നൽകിയ ഇതിഹാസതാരം എഡ്സൺ അരാന്‍റസ് ഡോ നാസിമെേന്റാ എന്ന സാക്ഷാൽ പെലെ തന്‍റെ 1000ാം കരിയർ ഗോൾ കുറിച്ച മൈതാനത്തിന്‍റെ പേരു മാറ്റാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നു.
മാറക്കാന സ്റ്റേഡിയത്തിന് പെലെയുടെ പേരിടാനാണ് തീരുമാനം. പോർച്ചുഗീസ് ഭാഷയിൽ രാജാവ് എന്നർഥമുള്ള റീ എന്ന പദം കൂടി ചേർത്ത് എഡ്സൺ അരാന്‍റസ് ഡോ നാസിമെേന്റാ- റീ പെലെ സ്റ്റേഡിയം' എന്നാകും ഇനി മാറക്കാന വിളിക്കപ്പെടുക.
റിയോ ഡി ജനീറോ സംസ്ഥാന ഗവർണർ അംഗീകാരം നൽകുന്ന മുറക്ക് പേരുമാറ്റം പൂർത്തിയാകും.
ബ്രസീൽ മുന്നേറ്റനിര ഭരിച്ച പെലെ രാജ്യത്തിനായി മൂന്നു തവണ ലോകകപ്പ് നേടി റെക്കോഡ് കുറിച്ചിട്ടുണ്ട്. 1969ൽ സാേന്റാസിനായി കളിക്കുേമ്പാഴാണ് 1,000ാം ഗോൾ നേടുന്നത്. വാസ്കോ ഡ ഗാമ ക്ലബിനെതിരെയായിരുന്നു മത്സരം.
1950നു ശേഷം 2014ലെയും ലോകകപ്പ് ഫുട്ബാൾ കലാശപ്പോരും ഇവിടെയാണ് നടന്നിരുന്നത്. അന്ന് അർജന്‍റീനയെ ഒരു ഗോളിന് മടക്കി ജർമനി കപ്പിൽ മുത്തമിട്ടിരുന്നു. 2016ലെ റയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന വേദിയും മാറക്കാനയായിരുന്നു. 1950ലെ ചരിത്രപ്രധാനമായ ലോകകപ്പ് ഫൈനലിൽ ഇരിപ്പിടം ലക്ഷം പേർക്കായിട്ടും രണ്ടു ലക്ഷം പേർ കളി കാണാനെത്തിയെന്നാണ് കണക്കുകൾ. അവരുടെ മുമ്പിലായിരുന്നു ഇന്നും കദനം പെയ്യുന്ന ഓർമയായ തോൽവി. 78,838 പേർക്കാണ് നിലവിൽ ഈ സ്റ്റേഡിയത്തിൽ ഒരേ സമയം കളി കാണാനാവുക.
മാറക്കാന മൈതാനം നിർമാണത്തിന് മുന്നിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകൻ മരിയോ ഫിലോയുടെ പേരിലായിരുന്നു ഇതുവരെയും മൈതാനം. ആ പേരാണ് മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.