കൊടുങ്കാറ്റ് കടന്നു പോയി
text_fieldsകൊടുങ്കാറ്റ് എപ്പോൾ എവിടെനിന്ന് പുറപ്പെടുമെന്നു പറയാനാവില്ല. മതിൽകെട്ടി തടയാനുമാവില്ല. അത് ചുഴലിയായി കറങ്ങി നമ്മുടെ കണ്ണുകൾക്ക് കാണാനാവാതെ കൈകൾക്ക് പിടിക്കാനാവാതെ കാലുകളെ കബളിപ്പിച്ച് ഗോൾവല നിറച്ചിരിക്കും. കാറ്റിെൻറ ഓരോ വരവിനും ശേഷം നമ്മൾ കടന്നുപോയ കാറ്റിെൻറ വഴിയും വ്യാകരണവും കണ്ടെത്തുമ്പോൾ വീണ്ടും കാറ്റ് വരും. നമ്മുടെ വ്യാകരണനിയമങ്ങളെ ദൂരേക്ക് പറത്തി അത് വീണ്ടും ഗോൾവല കണ്ടെത്തും. മനുഷ്യവംശം ഒരു മഹാറഫറിയായി ഡീഗോ മറഡോണയുടെ കാൽ എങ്ങനെ ഗോളടിക്കുന്നു എന്ന് നിരീക്ഷിക്കുമ്പോൾ ദൈവം കൈകൊണ്ട് ഗോളടിക്കും. റഫറി അത് കാണുകയില്ല. ഗാലറിയിലെ കാണികളും എല്ലാം കാണുന്ന കാമറകളും ഒരു നിമിഷം അന്ധരാവും.
കൊടുങ്കാറ്റ് എന്നും ഒറ്റയാനാണ്. പക്ഷേ, ഫുട്ബാൾ പ്രാഥമികമായി പതിനൊന്നു പേരുള്ള ഒരു കൂട്ടത്തിെൻറ ഒരുമിച്ചുള്ള കളിയാണ്. അഥവാ, അങ്ങനെയാണ് നമ്മൾ ഫുട്ബാളിനെ ധരിച്ചുവെച്ചിട്ടുള്ളത്. ഫുട്ബാൾ പണ്ഡിതരായ കളിപരിശീലകർ കുട്ടികളെ പഠിപ്പിക്കും, കാലിൽ പന്തും വെച്ചിരിക്കരുത്, കൂട്ടുകാർക്ക് കൈമാറിക്കൈമാറി വേണം ഗോളിലേക്ക് കുതിക്കാനെന്ന്. ഇതൊക്കെ മനുഷ്യനിയമങ്ങൾ. പക്ഷേ, 1986ലെ ഇംഗ്ലണ്ടിനെതിരെയുള്ള മറഡോണയുടെ ഒറ്റയാൾ മുന്നേറ്റം ഓർക്കുക. 1986 ജൂൺ 22ന് ഇംഗ്ലണ്ടിനെതിരെ അർജൻറീന കളിക്കുന്നു. കളിയുടെ രണ്ടാം പകുതി. അർജൻറീനയുടെ മിഡ്ഫീൽഡർ ഹെക്റ്റർ എൻറീക് നൽകിയ സാധാരണ പാസ് എത്തിയത് മറഡോണയുടെ കാലിലായിരുന്നു. മനുഷ്യവംശം നിലനിൽക്കുന്ന കാലം മുഴുവൻ ഓർക്കുന്ന ഒരു ഓർമച്ചലച്ചിത്രം അവിടെ ആരംഭിക്കുന്നു. മൈതാനത്തിെൻറ സ്വന്തം പകുതിയിൽനിന്ന് ആ പന്തുമായി മറഡോണ എതിർ ഭാഗത്തേക്ക് കുതിപ്പ് തുടങ്ങി.
തടയാൻ വന്ന ഇംഗ്ലീഷ് കളിക്കാർക്ക് തൊടാനാവാതെ കൊടുങ്കാറ്റ് കടന്നു പോകുന്നു. ആദ്യം എതിരെവന്നത് പീറ്റർ ബിയേഡ്സ്ലി. അയാൾ കണ്ണിമ വെട്ടും മുന്നേ മറഡോണ കടന്നുപോയി. പിന്നെ പീറ്റർ റീഡ്, റ്റെറി ബുച്ചർ, റ്റെറി ഫെൻവിക്. ഒരാൾക്കും തൊടാൻ പോലുമായില്ല മറഡോണയുടെ കാൽപന്തിനെ. ഒടുവിൽ ലോകത്തിലെ ഏറ്റവും വലിയ ഗോൾകീപ്പർ പീറ്റർ ഷിൽറ്റൻ. ആർക്കും തൊടാനായില്ല ചുഴലിക്കാറ്റിെൻറ കളിപ്പന്തിനെ. പന്ത് വലയിലെത്തിയപ്പോൾ സ്തബ്ധമായ നിശ്ശബ്ദത. പിന്നെ ഗാലറിയും ഭൂമി എന്ന ഗ്രഹവും ആഹ്ലാദത്തിൽ പൊട്ടിവിരിഞ്ഞു. ഭൂമിയിൽ ദൈവത്തിെൻറ കൈയൊപ്പു വീണ നിമിഷം. വ്യാകരണപണ്ഡിതരുടെ വിധി ഫുട്ബാൾ കൂട്ടുത്തരവാദിത്തമാണെന്നായിരുന്നല്ലോ. ഇവിടെയിതാ ഒരാൾ ഒറ്റക്കുവന്ന് ഗോളടിച്ച് നടന്നുപോകുന്നു. എക്കാലവും ഓർക്കാനുള്ള മഹത്തായ കവിതയായിരുന്നു അത്. ആ ഗോളിെൻറ സൗന്ദര്യത്തിന് തുല്യമായി നിൽക്കാൻ അർജൻറീനയിലെ വിശ്വസാഹിത്യകാരനായ ബോർഹസിെൻറ ഒരു കഥക്കും സാധിക്കില്ല.
ഈ ഗോൾ വന്നതിനു നാല് മിനിറ്റ് മുമ്പ് 'ദൈവത്തിെൻറ കൈ' എന്ന് അർജൻറീനയും 'സാത്താെൻറ കൈ' എന്ന് ഇംഗ്ലണ്ടും വിശേഷിപ്പിച്ച മറഡോണയുടെ ആദ്യ ഗോൾ വന്നുകഴിഞ്ഞിരുന്നു. തമാശ അതല്ല. തുനീഷ്യക്കാരനായ റഫറി അലി ബിൻ നാസറിന് അതിൽ മറഡോണ എന്ന മനുഷ്യെൻറ 'കൈ പ്രവർത്തിച്ചത്' കാണാൻ കഴിഞ്ഞില്ല.
സത്യത്തിൽ ഇംഗ്ലണ്ടിനെ നേരിട്ട മറഡോണയെ ശരിക്ക് പഠിച്ച ശേഷമായിരുന്നു ഫൈനലിൽ പശ്ചിമ ജർമനി അർജൻറീനയെ നേരിട്ടത്. 1986 ജൂൺ 29 െൻറ ലോകകപ്പ് ഫൈനലിൽ കളിക്കാൻ പോകുന്ന അവർക്ക് ഒരു കാര്യം ബോധ്യമായിരുന്നു, നേരിടുന്നത് ഒരേ സമയം ഒരു ടീമിനോടും ഒരു കൊടുങ്കാറ്റിനോടും ഒന്നിച്ചാണെന്ന്. ആദ്യം അവർ ചെയ്തത് മറഡോണയെ തളക്കാനായി കരുത്തനായ ഒരു ചെറുപ്പക്കാരനെ നിയോഗിച്ചു. പേര് ലോതർ മത്യാസ്. പിന്നീട് ജർമൻ ക്യാപ്റ്റനായി ലോകകപ്പ് നേടിയ കഴിവുറ്റ കളിക്കാരൻ. പന്ത് കാൽകൊണ്ട് തൊട്ടാലല്ലേ മറഡോണയുടെ ഇന്ദ്രജാലം പ്രവർത്തിക്കാൻ തുടങ്ങൂ. മറഡോണയെ ഏതുവിധേനയും പന്ത് തൊടാൻ അനുവദിക്കരുത്. അതിനുവേണ്ടി എന്തു ചെയ്യണമെന്ന് മത്യാസിന് നന്നായി അറിയാം. മറഡോണ എന്നിട്ടും കുതറിച്ചാടിപ്പോയാൽ ബാക്കി പശ്ചിമ ജർമൻ കളിക്കാരും 'വേണ്ടത്' ചെയ്യും. 1986 ജൂൺ 29ന് മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്റ്റക്ക സ്റ്റേഡിയത്തിൽ കലാശപ്പോര്. ഒരു ലക്ഷത്തി പതിനയ്യായിരത്തോളം കാണികൾ. കൂടാതെ ടെലിവിഷന് മുന്നിൽ ഭൂമിയിലെ മനുഷ്യകുലം ഒന്നടങ്കവും. കളി തുടങ്ങിയപ്പോൾ പശ്ചിമ ജർമനിയുടെ ശ്രദ്ധ മുഴുവൻ മറഡോണയിൽ. കൊടുങ്കാറ്റിനെ പിടിച്ചുകെട്ടി പശ്ചിമ ജർമൻ ഫുട്ബാൾ പാണ്ഡിത്യം. പക്ഷേ, അതിെൻറ ഫലമായി മറ്റ് അർജൻറീനൻ താരങ്ങളെ ജർമനിക്ക് വേണ്ടത്ര തടയാനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അർജൻറീനക്കുവേണ്ടി ബ്രൗണും വാൾഡാനോയും ജർമനിക്കെതിരെ ഗോളുകൾ നേടി. പക്ഷേ, പശ്ചിമ ജർമനി സന്തുഷ്ടരായിരുന്നു. കാരണം മുഖ്യലക്ഷ്യം നേടിക്കഴിഞ്ഞിരിക്കുന്നു. മറഡോണ നിശ്ചലനായിരിക്കുന്നു. കളിയുടെ രണ്ടാം പകുതിയിൽ പശ്ചിമ ജർമനി വർധിതവീര്യരായി.
റുമനിഗയോ റൂഡി വോളറോ കൂടുതൽ നല്ല കളിക്കാരൻ എന്നായിരുന്നില്ലേ ചോദ്യം? ആ ചോദ്യം ചോദിക്കാൻ അർഹത തങ്ങൾക്കുണ്ടെന്ന് ഇരുവരും തെളിയിച്ചു. പശ്ചിമ ജർമനിക്ക് മാത്രം കഴിയാവുന്ന തിരിച്ചു വരവിൽ ഇരുവരും ഗോളടിച്ചു. സ്കോർ 2-2 എന്ന സമനിലയായി. മറഡോണയുടെ ദേവസ്പർശം അവസാനിച്ചുവോ? കാണികൾ ആശങ്കിച്ചു. കളിയുടെ എൺപത്തിയാറാം മിനുട്ട്. കെട്ടിയിടപ്പെട്ട് നിശ്ചേതനായ മറഡോണ ആ നിമിഷം വിസ്മയജാലം തിരിച്ചെടുക്കുന്നു. മത്യാസിന് പോലും തടയാൻ കഴിയാത്ത മറഡോണയുടെ ഒരു പാസ്. സകല ജർമൻ പൂട്ടുകളും ചങ്ങലക്കെട്ടുകളും അപ്പോൾ തകർന്നു പോയി. ആ പന്ത് നേരെ എത്തിയത് ബുറുച്ചാഗയുടെ കാലിൽ. പശ്ചിമ ജർമനിയുടെ എല്ലാവരും മറഡോണയെ മാത്രം നോക്കിനിന്ന ആ സമയം ബുറുച്ചാഗയുടെ സമീപം ആരുമുണ്ടായിരുന്നില്ല. അദ്ദേഹം മുന്നേറി പന്ത് വലക്കകത്താക്കിയപ്പോൾ പശ്ചിമ ജർമനി 'ദൈവ'ത്തിന് മുന്നിൽ മുട്ടുകുത്തി.
1986ലെ ലോകകപ്പും അതിലെ മറഡോണയുടെ ഗോളുകളും കണ്ട ശേഷമാണ് നമ്മൾ മലയാളികളുടെ മനസ്സിൽ അർജൻറീന എന്ന ലാറ്റിനമേരിക്കൻ രാജ്യം പിറന്നതുതന്നെ. അതുവരെ ലാറ്റിനമേരിക്ക എന്നാൽ പെലെയുടെ ബ്രസീൽമാത്രമായിരുന്നു. പക്ഷേ, 1986 മുതൽ നമുക്ക് ഫുട്ബാൾ രാജാവ് പെലെയും ഫുട്ബാളിെൻറ ദൈവം മറഡോണയുമായി. പക്ഷേ, യൂറോപ്യൻ കാണികൾക്ക് അതിനും മുന്നേ മറഡോണയെ അറിയാമായിരുന്നു. 1983ൽ മറഡോണ ബാഴ്സലോണക്കു വേണ്ടി കളിക്കുകയായിരുന്നു. അക്കാലത്ത് റയൽ മഡ്രിഡിനെതിരെ നടന്ന എൽ ക്ലാസികോ മത്സരത്തിൽ മറഡോണ വിസ്മയജനകമായ ഒരു ഗോൾ നേടി. ആ ഗോളിൽ ആഹ്ലാദചിത്തരായി ഗാലറിയിലിരുന്ന് കൈയടിച്ചവരിൽ റയൽ മഡ്രിഡിെൻറ മുഴുവൻ ആരാധകരുമുണ്ടായിരുന്നു. പിന്നീട് ഇറ്റലിയിലെ നാപോളി ക്ലബിലേക്ക് വന്ന മറഡോണ നേപ്ൾസിൽ എത്തിയപ്പോൾ ആ പട്ടണത്തിലെ ആയിരക്കണക്കിന് ആരാധകർ ഹർഷാരവത്തോടെ മറഡോണയെ വരവേറ്റത് ഇറ്റലിയുടെ ഓർമകളിൽ എന്നുമുണ്ടാവും. അത്ര വലിയ ക്ലബായിരുന്നില്ല അന്നുവരെ നാപോളി. പക്ഷേ, മറഡോണയുടെ കഴിവിൽ നാപോളി ഇറ്റലിയിലെ മാത്രമല്ല ലോകത്തിലെത്തന്നെ കേമപ്പെട്ട ക്ലബായി മാറി.
മറഡോണയെ പെലെയുമായി താരതമ്യപ്പെടുത്തുന്നതിൽ ഒരു കാര്യവുമില്ല. സ്വഭാവത്തിലും ജീവിതവിധിയിലും അവർ വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. മറഡോണയുടെ കളിയുടെ മാന്ത്രികസ്വഭാവം ഒരെഴുത്തുകാരന് കിട്ടിയാൽ ഗബ്രിയേൽ ഗാർസ്യ മാർേകസ് എന്ന സാഹിത്യകാരനായി മാറും. പക്ഷേ, കൊക്കെയ്ൻ എന്ന മയക്കുമരുന്ന് കഴിച്ചും നിയമപാലകരുടെ നടപടികളിൽ പ്രതിയായും നടന്ന ഒരു ചരിത്രം മാർേകസിനില്ല.
നൂറ്റാണ്ടുകളിലൊരിക്കൽമാത്രം വീശിയടിക്കുന്ന കൊടുങ്കാറ്റ് അവസാനിച്ചു. അതിെൻറ കാഴ്ചക്കാരാവാൻ കഴിഞ്ഞു എന്നത് നമ്മുടെ ജന്മസൗഭാഗ്യമായി കരുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.