Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിട...ഡീഗോ

വിട...ഡീഗോ

text_fields
bookmark_border
maradona
cancel

ഭൂമിയിൽ കളിയെ കൈപിടിച്ചുയർത്താൻ ദൈവം പുൽമേട്ടിലിറക്കിയ മഹാപ്രതിഭ കളമൊഴിഞ്ഞു. കുമ്മായവരക്കുള്ളിൽ മനുഷ്യസാധ്യമായ മാന്ത്രിക നടനത്തി​െൻറ ഗോൾവരയും കടന്ന്​ അതിശയിപ്പിക്കുന്ന മായിക കാഴ്​ചകളിലേക്ക്​ തരാതരം പോലെ വെട്ടിഒഴിഞ്ഞ്​ കയറിയ ഇതിഹാസങ്ങളുടെ തമ്പുരാൻ ഡീഗോ അർമാൻഡോ മറഡോണ ഇനി ഓർമ. ഫുട്​ബാളി​െൻറ തുകലുറകളിൽ കളിയുടെ പ്രാണവായു അവശേഷിക്കുന്നിടത്തോളം കാലം ഇൗ മഹാനുഭാവനെ ഓർമകളുടെ ചില്ലുകൊട്ടാരത്തിൽ അണയാതെ കാക്കുമെന്നുറപ്പ്​.

തലച്ചോറിലെ രക്​തസ്രാവത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്​ചമുമ്പാണ്​ ആശുപത്രി വിട്ടത്​. വീട്ടിൽ വിശ്രമത്തിലിരിക്കെയാണ്​ ഹൃദയഘാതം. അർജൻറീനയുടെ ദേശീയ ടീമിലൂടെ ലോക ഫുട്​ബാൾ ആരാധകരുടെ മനസ്​ കീഴടക്കിയ മറഡോണ 1986 ൽ അർജൻറീനക്ക്​ ലോകകപ്പ്​ നേടിക്കൊടുത്ത താരമാണ്​. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജൻറീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി കകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെൻറീലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തി​െൻറ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടി​െൻറ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജൻറീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു.

ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജൻറിനോസ് ജൂനിയഴ്സി​െൻറ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജൻറീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു. 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു. 1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജൻറിനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975-ൽ അർജൻറീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജൻറീനോസ് ജൂനിയേഴ്സ്, 1980-ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്.

1981-ൽ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982-ൽ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതിൽ കാര്യമായി പങ്കുവഹിച്ചു.

1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. 1984-ൽ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.

1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്ബോൾജീവിതത്തി​െൻറ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. എങ്കിലും മയക്കുമരുന്നുപയോഗവും, പരിശീലനങ്ങളിൽ പങ്കെടുക്കാത്തതും, അവിഹിതബന്ധത്തെക്കുറിച്ചുമുള്ള കഥകളും ഈ കാലത്ത്​ മറഡോണയോടൊപ്പം വിവാദങ്ങളിൽ സ്​ഥാനം പിടിച്ചു.

1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി. ഇതിനു ശേഷം 1992-ൽ സ്പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വർഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993-ൽ ജന്മനാട്ടിലേക്ക് മടങ്ങി. 1993 മുതൽ 1995 വരെ അർജന്റീനയിലെ നെവെൽസ് ഓൾഡ് ബോയ്സിനു വേണ്ടിയും 1995 മുതൽ 1997 വരെ ബോക്ക ജൂനിയേഴ്സിനു വേണ്ടിയും കളിച്ചു.

1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ ത​െൻറ പതിനാറാം വയസ്സിലായിരുന്നു മറഡോണയുടെ ആദ്യ അന്താരാഷ്ട്രമൽസരം. 1979 ജൂൺ 2 ന്​ സ്കോട്ട്ലൻറിനെതിരെയുള്ള മൽസരത്തിലാണ് മറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്.

സംഭവബഹുലമായ ജീവിതത്തിൽ പരിശീലക​െൻറ വേഷവും മറഡോണക്കുണ്ടായിരുന്നു. 2010 ലെ ലോക കപ്പിനായുള്ള അർജൻറീന ടീമിനെ പരിശീലിപ്പിച്ചത്​ മറഡോണയായിരുന്നു. 2009 ൽ പരിശീലകനായി നിയമിതനായ മറഡോണ ടീമിനെ ക്വാർട്ടർ ​ഫൈനൽ വരെ എത്തിച്ചു. ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റാണ്​ അർജൻറീന പുറത്ത്​ പോകുന്നത്​.. ഇതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും രാജി ​െവക്കേണ്ടി വരുകയും ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradona
Next Story