മാർകോ വെറാറ്റി അൽ അറബിയിലേക്ക്
text_fieldsദോഹ: ഇറ്റലിയുടെ പ്രധാന താരങ്ങളിലൊരാളായ മാർകോ വെറാറ്റി ഖത്തർ ക്ലബായ അൽ അറബിയിലേക്ക്. പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് ഖത്തർ ക്ലബിലേക്ക് കൂടുമാറുന്ന വെറാറ്റി ദോഹയിലെ അസ്പെറ്റാർ ആശുപത്രിയിൽ വൈദ്യപരിശോധനക്കു വിധേയമായി.
ഖത്തറിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇവിടത്തെ അന്തരീക്ഷവുമായി വേഗത്തിൽ പൊരുത്തപ്പെടാൻ ശ്രമിക്കുമെന്നും ദോഹയിലെത്തിയ വെറാറ്റി പറഞ്ഞു.
ഖത്തറിലെ ജീവിതം നന്നായി മനസ്സിലാക്കിയതിനാലാണ് ഈ സാഹസികതക്ക് മുതിരുന്നതെന്നും തന്നെ സംബന്ധിച്ച് നല്ല സീസണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടുതൽ സംസാരിക്കുന്നതിനു പകരം ആരാധകരെ സന്തോഷിപ്പിക്കുന്നതിന് കളിക്കളത്തിൽ തെളിയിക്കുകയാണ് വേണ്ടതെന്നും വെറാറ്റി കൂട്ടിച്ചേർത്തു.
2012 മുതൽ പി.എസ്.ജിയുടെ മധ്യനിര അടക്കിവാഴുന്ന താരമായ വെറാറ്റി, അൽ അറബിയിൽ സെനഗാളിന്റെ അബ്ദോ ദിയാലോ, ബ്രസീലിയൻ മധ്യനിരതാരം റാഫിഞ്ഞ അൽകന്റാര, സിറിയൻ സ്ട്രൈക്കറായ ഉമർ അൽ സൗമ, തുനീഷ്യയുടെ യൂസഫ് മസാകിനി എന്നിവർക്കൊപ്പമായിരിക്കും പന്തുതട്ടുക. ഏകദേശം 50 ദശലക്ഷം യൂറോക്കാണ് ഇറ്റാലിയൻ താരം ഖത്തറിലെത്തുന്നത്.
ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാനികളിലൊരാളായ ഫാബ്രിസിയോ റൊമാനോ നേരത്തേതന്നെ വെറാറ്റിയുടെ കൂടുമാറ്റം പരസ്യപ്പെടുത്തിയിരുന്നു. മെഡിക്കൽ പരിശോധനക്കു പിന്നാലെ താരം ക്ലബുമായുള്ള കരാറിൽ ഒപ്പുവെക്കും. ബ്രസീൽ താരം ഫിലിപ് കുടീന്യോയെ അൽ ദുഹൈൽ സ്വന്തമാക്കിയതിനു പിന്നാലെയാണ് വെറാറ്റിയെ അമീർ കപ്പ് ജേതാക്കളായ അൽ അറബി സ്വന്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.