റാഷ്ഫോർഡ് വായ്പയിൽ ആസ്റ്റൺ വില്ലയിലേക്ക്; കരാറിൽ ധാരണയായി; ഇനി വൈദ്യപരിശോധന മാത്രം
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡ് വായ്പയിൽ ആസ്റ്റൺ വില്ലയിൽ ചേരും. രണ്ടു ക്ലബുകളും കരാറിൽ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്.
ഇനി വൈദ്യ പരിശോധന എന്ന കടമ്പ മാത്രമാണ് ബാക്കിയുള്ളത്. കരിയറിന്‍റെ തുടക്കം മുതൽ യുനൈറ്റഡിനൊപ്പമുള്ള ഇംഗ്ലീഷ് താരത്തിന്, പരിശീലകനായി ഓൾഡ് ട്രാഫോർഡിൽ റൂബൻ അമോറിം എത്തിയതോടെയാണ് കഷ്ടകാലം തുടങ്ങുന്നത്. താരത്തിന്‍റെ പ്രതിബദ്ധതയും ജീവിത രീതിയും ചോദ്യം ചെയ്താണ് അമോറിം പ്ലെയിങ് ഇലവനിൽനിന്ന് മാറ്റിനിർത്തിയത്. യുനൈറ്റഡിന്‍റെ കഴിഞ്ഞ 12 മത്സരങ്ങളിലും റാഷ്ഫോഡ് ടീമിന്‍റെ പ്ലെയിങ് ഇലവനിൽ ഇല്ലായിരുന്നു.
മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കുള്ള യുനൈറ്റഡ് ടീമില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ തന്നെ 27കാരനായ താരം ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
കരാർ പ്രകാരം റാഷ്ഫോർഡിന്റെ ശമ്പളത്തിന്റെ 70 ശതമാനത്തിലധികം വില്ല ക്ലബ് നൽകും. കരാറിൽ 40 മില്യൺ പൗണ്ടിന്‍റെ ഒരു ബൈ ഓപ്ഷൻ ക്ലോസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വില്ലക്ക് അടുത്ത സീസണിൽ മൂന്നര വർഷത്തേക്ക് താരവുമായി സ്ഥിരം കരാറിലെത്താനാകും. ഞായറാഴ്ച താരത്തിന്‍റെ മെഡിക്കൽ പരിശോധന നടക്കും.
ടീമിൽ ഇനി അവസരം ഉണ്ടാകില്ല എന്ന് ഉറപ്പായതിനെ തുടർന്നാണ് റാഷ്ഫോർഡിന്‍റെ കൂടുമാറ്റം. നിലവിൽ യുനൈറ്റഡ് ആഴ്ചയിൽ 350,000 പൗണ്ടാണ് താരത്തിന് നൽകുന്നത്. 2028 വരെയാണ് യുനൈറ്റഡുമായി കരാറുള്ളത്. വില്ല അടുത്ത സീസണിൽ യൂറോപ ലീഗിലും ചാമ്പ്യൻസ് ലീഗിലും യോഗ്യത നേടിയാൽ ബോണസും ലഭിക്കും. എവർട്ടണെതിരെ 4-0ത്തിന് ജയിച്ച മത്സരത്തിലാണ് റാഷ്ഫോർഡ് അവസാനമായി യുനൈറ്റഡിനായി കളിച്ചത്. നേരത്തെ, സ്പാനിഷ് ക്ലബ് ബാഴ്സലോണക്കൊപ്പം ചേരാനാണ് താൽപര്യമെന്ന് താരം വ്യക്തമാക്കിയിരുന്നു.
ട്രാൻസ്ഫർ വിൻഡോ തിങ്കളാഴ്ച ക്ലോസ് ചെയ്യാനാരിക്കെയാണ് താരം വില്ലയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.