മെസ്സി ഇപ്പോൾ വിരമിക്കണോ...? അർജന്റീനയുടെ വിഖ്യാത താരം മരിയോ കെംപസിനും ചിലത് പറയാനുണ്ട്..
text_fieldsലോകകപ്പും രണ്ടു കോപ്പ അമേരിക്ക കിരീടങ്ങളും ക്ലബ് ഫുട്ബാളിലെ സർവവും നേടി ലോകത്തിന്‍റെ ഉന്നതങ്ങളിൽ നിൽക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. കരിയറിൽ രാജ്യത്തിനും ക്ലബിനും വേണ്ടി 45 കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ആർക്കും അത്ര എളുപ്പത്തിൽ എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ തന്നെയാണ് ഫുട്ബാളിന്‍റെ മിശിഹ. ഫൈനലിൽ കൊളംബിയയെ വീഴ്ത്തിയാണ് തുടർച്ചയായ രണ്ടാം തവണയും മെസ്സിയും സംഘവും കോപ്പ അമേരിക്കയിൽ മുത്തമിട്ടത്.
ഖത്തറിൽ വിശ്വകിരീടം നേടിയതിനു പിന്നാലെ മെസ്സിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായിരുന്നു. എന്നാൽ, താരം അർജന്‍റീന ടീമിനൊപ്പം പിന്നെയും പന്തുതട്ടി. ടീമിനെ രണ്ടാമതും കോപ്പയിലെ രാജക്കാന്മാരാക്കി. 37കാരനായ മെസ്സിക്ക് ഇനി എത്രകാലം ദേശീയ ഫുട്‌ബാളിൽ തുടരാനാകും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് അർജന്‍റീന മുൻ ഇതിഹാസം മരിയോ കെംപസ് മെസ്സിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ചില സൂചനകൾ നൽകുന്നത്. ഇനിയുള്ള കാലം വിശ്രമവും കുടുംബത്തോടൊപ്പം കൂടുതൽ സമയവും ലഭിക്കുമെന്ന പ്രതിക്ഷയിലാണ് താരം അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് ചുവടുമാറ്റിയത്.
എന്നാൽ, താരത്തെ തുടർച്ചയായി പരിക്കുകൾ അലട്ടുകയാണ്. ഫൈനലിൽ 66ാം മിനിറ്റിൽ കണങ്കാലിന് പരിക്കേറ്റ താരം കണ്ണീരോടെയാണ് കളം വിട്ടത്. പിന്നീട് ഡഗ് ഔട്ടിലിരുന്ന് കരയുന്ന മെസ്സിയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. സെപ്റ്റംബർ 2023 മുതൽ രാജ്യത്തിനും ക്ലബിനും വേണ്ടിയുള്ള 20ഓളം മത്സരങ്ങൾ താരത്തിന് പരിക്കുമൂലം നഷ്ടമായിട്ടുണ്ട്. ദേശീയ ടീമിനായി എല്ലാം നേടികൊടുത്ത മെസ്സി ഇനിയും അർജന്‍റീന കുപ്പായത്തിൽ എത്രകാലം ഉണ്ടാകും?
‘മെസ്സിയുടെ ശരീരത്തെ കുറിച്ച് അദ്ദേഹത്തേക്കാൾ നന്നായി മറ്റാർക്കും മനസ്സിലാക്കാനാകില്ല. കബ്ല് ഫുട്ബാളിൽനിന്ന് വ്യത്യസ്തമായി അന്താരാഷ്ട്ര ഫുട്ബാളിൽ തീർച്ചയായും ഒരു ദിവസം നമുക്ക് കളി നിർത്തേണ്ടിവരും. ക്ലബുകളുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്, എന്നാൽ ദേശീയ ടീമിൽ അത് നടക്കില്ല. കൂടുതൽ വിശ്രമിക്കാനും ടൂർണമെന്‍റുകൾ കളിക്കാനുമായിരിക്കാം ഒരുപക്ഷേ അദ്ദേഹം എം.എൽ.എസ് തെരഞ്ഞെടുത്തത്. പക്ഷേ, ഇപ്പോൾ പരിക്കേറ്റാൽ സുഖം പ്രാപിക്കാൻ അദ്ദേഹം കൂടുതൽ സമയമെടുക്കുന്നു. ചെറുപ്പക്കാരായ കളിക്കാർ നിങ്ങളേക്കാൾ വേഗത്തിൽ കുതിക്കുന്നത് കാണുമ്പോൾ സ്വയം മനസ്സിലാകും, നിങ്ങൾ പിന്നെയും തുടരാൻ ആഗ്രഹിക്കില്ല. നിർത്താനായെന്ന് ശരീരം നിങ്ങളോട് പറയും’ - മരിയോ കെംപസ് പറഞ്ഞു.
കോപ്പയിൽ ഒരു ഗോൾ മാത്രമാണ് മെസ്സിക്ക് നേടാനായത്. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 2021 കോപ്പ അമേരിക്ക ജേതാക്കളായിതിനു പിന്നാലെയാണ് മെസ്സിയുടെ നായക മികവിൽ അർജന്‍റീന ഫൈനലിസിമയും ഖത്തർ ലോകകപ്പും സ്വന്തമാക്കുന്നത്. ഒടുവിൽ കോപ്പയിൽ രണ്ടാം കിരീടവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.