മരിയോ സഗല്ലോ -സാംബ സോക്കറിന്റെ പ്രഫസർ
text_fieldsറിയോ ഡി ജനീറോ: ഭാഗ്യ നമ്പറായി 13നെ പ്രണയിക്കുകയും എന്നും ആ അക്കം ജീവിതത്തിൽ അദ്ഭുതങ്ങൾ സമ്മാനിച്ചെന്ന് ഉറക്കെ പറയുകയും ചെയ്താണ് മരിയോ സഗല്ലോ എന്ന ഇതിഹാസം ജീവിതത്തിന്റെ മൈതാനംവിടുന്നത്. ജനനവർഷമായ 1931ന്റെ അവസാനത്തിലെ രണ്ട് അക്കങ്ങൾ ചേർന്നത് എന്ന പരിഗണനയിലായിരുന്നു സഗല്ലോ ഭാഗ്യനമ്പറിനെ കൂടെ കൂട്ടിയത്.
എന്നാൽ, ലോക സോക്കറിൽ ടീം കുറിച്ച ഏതാണ്ടെല്ലാ വിജയങ്ങളിലും ഈ കാൽപന്ത് മഹാരാജാവ് സാംബകൾക്കൊപ്പമുണ്ടായിരുന്നു. 1958ൽ ആദ്യമായി ടീം കപ്പുയർത്തുമ്പോൾ മുതൽ 2014ൽ ബ്രസീൽ ആതിഥേയത്വം വഹിച്ചപ്പോൾ വരെ. തുടക്കം താരമായിട്ടാണെങ്കിൽ പിന്നീട് പരിശീലകനായും ഒടുവിൽ ടീം മാനേജ്മെന്റ് ഭാഗമായും വരെ നിറഞ്ഞുനിന്നു ആ സാന്നിധ്യം. 2018ലും 2022ലും ടീം കപ്പ് ലക്ഷ്യമിട്ടിറങ്ങുംമുമ്പ് കോച്ച് ടിറ്റെ ആദ്യം പോയി കണ്ടതും സഗല്ലോയെ.
ഫുട്ബാളിന്റെ ലാറ്റിൻ അമേരിക്കൻ വശ്യത ബ്രസീൽ ആദ്യമായി ലോകത്തിനു മുന്നിലെത്തിച്ച 1958ലെ സ്വിഡൻ ലോകകപ്പിലും പിറകെ 1962ലെ ചിലി ലോകകപ്പിലും ടീം കിരീടത്തിൽ മുത്തമിടുമ്പോൾ സാംബ മുൻനിരയിലെ അനുപേക്ഷ്യ സാന്നിധ്യമായിട്ടാണ് ലോകമറിയുന്നത്. 1965ൽ പ്രഫഷനൽ ഫുട്ബാൾ വിട്ട താരം റയോ ഡി ജനീറോ ക്ലബിൽ പരിശീലക വേഷത്തിലെത്തി കരിയർ തുടർന്നു. പെലെ, ജഴ്സീഞ്ഞോ, ഗെഴ്സൺ, റിവലിനോ, ടൊസ്റ്റാവോ തുടങ്ങി പ്രതിഭാ ധാരാളിത്തം അടയാളപ്പെട്ട ടീം 1970ൽ മൂന്നാം തവണ ലോകചമ്പ്യൻപട്ടത്തിലേക്ക് പന്തടിച്ചുകയറുമ്പോൾ പരിശീലകക്കുപ്പായത്തിലായിരുന്നു സഗല്ലോ.
ഇറ്റലിയെ ഫൈനലിൽ ടീം തകർത്തത് 4-1ന്. പെലെയില്ലാതെ 1974ലും പരിശീലകനായെങ്കിലും ലോകപോരാട്ടത്തിൽ ടീം നാലാമന്മാരായി. ബ്രസീൽ കിരീടം മാറോടുചേർത്ത 1994ൽ സഗല്ലോ പരിശീലകൻ കാർലോസ് പെരേരയുടെ സഹായിയായിരുന്നു. നാലു വർഷം കഴിഞ്ഞ് ഫൈനലിൽ വീണുപോയ ഫ്രാൻസിലെ ചാമ്പ്യൻഷിപ്പിൽ പരിശീലകനുമായി. 2006ലും പരിശീലക സഹായിയായെങ്കിലും അവസാന എട്ടിൽ വീണ് ടീം മടങ്ങി.
ബ്രസീലിലെ ഏറ്റവും പ്രമുഖ ക്ലബുകളായ ഫ്ലാമിംഗോ, ഫ്ലൂമിനെസ്, ബൊട്ടാഫോഗോ, വാസ്കോ ഡ ഗാമ ക്ലബുകളെ എന്നിവയിലെല്ലാം പരിശീലക വേഷത്തിലെത്തിയ ഏക താരവും സഗല്ലോ മാത്രം.
സഗല്ലോ സോക്കർ കരിയർ തുടങ്ങുന്നത് റയോ’സ് അമേരിക്കക്കൊപ്പം പന്തു തട്ടിയാണ്. പിന്നീട് ഫ്ലാമിംഗോ, ബൊട്ടാഫോഗോ ക്ലബുകൾക്കൊപ്പവും പന്തുതട്ടി. പെലെയുടെ സാന്റോസിനെതിരെ 1960കളിൽ പിടിച്ചുനിന്ന ടീമുകളായിരുന്നു ഇവ. 2005ൽ ആദ്യമായി ആശുപത്രിയിലായ താരം നാലു വർഷം കഴിഞ്ഞ് വീണ്ടും ചികിത്സ തേടി. അതുകഴിഞ്ഞ് കഴിഞ്ഞ ആഗസ്റ്റിലും ആശുപത്രി വാസമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.