മാർകോ ലെസ്കോവിചും ഡെയ്സുകെ സകായിയും ബ്ലാസ്റ്റേഴ്സ് വിട്ടു
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് മാർകോ ലെസ്കോവിചും മിഡ്ഫീൽഡർ ഡെയ്സുകെ സകായിയും ക്ലബ് വിട്ടു. ക്രൊയേഷ്യക്കാരനായ ലെസ്‌കോവിച്ചും ജപ്പാനിൽനിന്നുള്ള സകായിയും ടീമിനൊപ്പം തുടരില്ലെന്നും കരാര്‍ അവസാനിച്ചുവെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ലെസ്കോവിച്ചിന്റെ നിരന്തര പരിക്കാണ് കരാർ അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള ലെസ്കോവിച് ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിനായി 48 മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. ക്രൊയേഷ്യയിലെ മുൻനിര ക്ലബായ ഡൈനാമോ സഗ്രബിന്റെ ഭാഗമായിരുന്നു. ക്രൊയേഷ്യക്കായി അണ്ടർ 18 മുതൽ കളിച്ചുതുടങ്ങിയ താരം 2014ലാണ് സീനിയർ ടീമിനായി അരങ്ങേറിയത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായിരുന്ന ഡെയ്സുകെ ലീഗിൽ 21 മത്സരങ്ങളിൽ മൂന്ന് ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു. ഒരു വർഷത്തെ കരാറിലായിരുന്നു ബ്ലാസ്റ്റേഴ്സിലെത്തിയത്. അടുത്തിടെ ടീം വിട്ട കോച്ച് ഇവാന്‍ വുകമനോവിച്ചിന്റെ ഗെയിംപ്ലാനിലെ പ്രധാന താരങ്ങളായിരുന്നു ലെസ്‌കോവിച്ചും സകായിയും.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾവേട്ടക്കാരൻ ദിമിത്രിയോസ് ഡയമെന്‍റകോസ് ദിവസങ്ങൾക്ക് മുമ്പ് ക്ലബ് വിട്ടിരുന്നു. 31കാരനായ ഡയമെന്റകോസിനായിരുന്നു ഐ.എസ്.എൽ 2023–24 സീസണിലെ ഗോൾഡന്‍ ബൂട്ട്. താരം ഈസ്റ്റ് ബംഗാളുമായി രണ്ടുവർഷത്തെ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഡയമെന്‍റകോസിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായ ഫ്രാങ്ക് ദോവനും ഗോളിമാരായ കരണ്‍ ജിത്ത് സിങ്ങും ലാറ ശർമയും കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു.
അതേസമയം, അഡ്രിയാന്‍ ലൂണയുടെ കരാര്‍ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് പുതുക്കി നല്‍കിയിരുന്നു. 2024 മേയ് 31ന് നിലവിലെ കരാര്‍ അവസാനിക്കാനിരിക്കെയാണ് യുറുഗ്വെന്‍ താരത്തിന്റെ കരാർ 2027 വരെ ദീർഘിപ്പിച്ചത്. ലൂണക്ക് വേണ്ടി എഫ്.സി ഗോവ സജീവമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.