ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാന് സ്വപ്ന ഫൈനൽ
text_fields13 വർഷത്തെ ഇടവേളക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ചുവടുവെച്ച് ഇന്റർ മിലാൻ. നാട്ടുകാരായ എ.സി മിലാനെ രണ്ടാം പാദത്തിൽ അർജന്റീനക്കാരൻ ലൗറ്ററോ മാർട്ടിനസ് നേടിയ ഏക ഗോളിന് കീഴടക്കിയാണ് സ്വപ്ന ഫൈനലിലേക്ക് മുന്നേറിയത്. ആദ്യപാദത്തിൽ 2-0ത്തിന് ജയിച്ചിരുന്ന ഇന്ററിന് ഇതോടെ ഇരുപാദത്തിലുമായി മൂന്ന് ഗോളിന്റെ വിജയമായി. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് രണ്ടാം പാദ മത്സരത്തിലെ വിജയികളാകും ഇറ്റലിക്കാരുടെ എതിരാളികൾ. ജൂൺ 10ന് ഇസ്തംബൂളിലാണ് കലാശക്കളി.
ആദ്യപാദത്തിൽ രണ്ട് ഗോൾ വഴങ്ങിയതിന്റെ കടമുള്ള എ.സി മിലാൻ പന്ത് കൂടുതൽ സമയം കൈവശം വെച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. മത്സരത്തിൽ ആദ്യ സുവർണാവസരം ലഭിച്ചതും അവർക്ക് തന്നെയായിരുന്നു. പത്താം മിനിറ്റിൽ ഡയസിന്റെ ഷോട്ട് ഇന്റർ ഗോൾകീപ്പർ ഒനാന കൈയിലൊതുക്കി. 38ാം മിനിറ്റിൽ റഫേൽ ലിയാവോയുടെ ഷോട്ട് പോസ്റ്റിനോട് ചാരിയാണ് പുറത്തുപോയത്. രണ്ട് മിനിറ്റികനം ലഭിച്ച ഫ്രീകിക്കിൽനിന്ന് ഗോൾ നേടാൻ ഇന്ററിനും സുവർണാവസരം ലഭിച്ചെങ്കിലും ഡിസീകോയുടെ ഹെഡർ ഗോൾകീപ്പർ മെയ്ഗ്നൻ അവിശ്വസനീയമായി തട്ടിത്തെറിപ്പിച്ചു.
74ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. റൊമേലു ലുകാകു ലൗറ്ററോ മാർട്ടിനസിന് നൽകിയ മനോഹരമായ പാസ് താരം പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. നാല് മിനിറ്റിനകം ഒരു ഗോൾ കൂടി അടിക്കാൻ മാർട്ടിനസിന് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ ആയാസപ്പെട്ട് തട്ടി ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.