അതിശയ ഗോളുമായി അർജന്റീന അണ്ടർ 23 താരം മത്യാസ് സൂലെ -വിഡിയോ
text_fieldsബ്വേനസ് എയ്റിസ്: ചരിത്രമെഴുതിയ ലയണൽ മെസ്സി യുഗത്തിനുശേഷവും അർജന്റീനയെ നയിക്കാൻ അതിമിടുക്കരായ പിൻഗാമികൾ വളർന്നുവരുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് അവരുടെ അണ്ടർ 23 ടീമിന്റെ സമീപകാല പ്രകടനങ്ങൾ. മുൻ സൂപ്പർതാരം യാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മെക്സിക്കൻ അണ്ടർ 23 ടീമുമായി സൗഹൃദ മത്സരത്തിനിറങ്ങിയ അർജന്റീന 23 ടീം വിജയിച്ചത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്. ലൂകാസ് ബെൽട്രാന്റെ ഇരട്ടഗോളുകൾക്കൊപ്പം ക്യാപ്റ്റൻ തിയാഗോ അൽമാഡയും മത്യാസ് സൂലെയുമാണ് അർജൻന്റീനക്കായി വല കുലുക്കിയത്.
കളിയുടെ ആദ്യപകുതിയിൽ അർജന്റീനയുടെ രണ്ടാം ഗോൾ നേടിയ സൂലെയുടെ കിടിലൻ ഫിനിഷിങ്ങാണ് ഈ മത്സരത്തിൽ ശ്രദ്ധേയമായത്. വലതു വിങ്ങിൽനിന്ന് ഗാർസ്യ നൽകിയ ക്രോസ് പെനാൽറ്റി ബോക്സിലേക്ക് ഊർന്നിറങ്ങി നിലത്തുകുത്തിയുയരുന്നതിനിടയിൽ നൃത്തച്ചുവടുപോലെ അൽപം ചാടിയുയർന്ന സൂലെ പന്തിനെ അപാര മെയ്വഴക്കത്തോടെ വലയിലേക്ക് ഗതിതിരിച്ചപ്പോൾ ഗോളിക്ക് ഒന്നും ചെയ്യാനായില്ല. പുഷ്‍കാസ് പുരസ്കാരത്തിന് പരിഗണിക്കാവുന്ന രീതിയിൽ വേറിട്ട ഗോളായിരുന്നു അത്.
20കാരനായ സൂലെ അറ്റാക്കിങ് മിഡ്ഫീൽഡറായോ റൈറ്റ് വിങ്ങറായോ ഫോർവേഡായോ കളിക്കാൻ കഴിയുന്ന താരമാണ്. യുവന്റസിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ സീരി എ ക്ലബ്ബായ ഫ്രോസിനോണിന് വേണ്ടിയാണ് ഇപ്പോൾ ബൂട്ടുകെട്ടുന്നത്. എയ്ഞ്ചൽ ഡി മരിയയുടെ ശൈലിയുമായി സാമ്യമുള്ള, ഇടങ്കാലിൽ കരുത്തുകാട്ടുന്ന റൈറ്റ് വിങ്ങറാണ് സൂലെ. ഡ്രിബ്ലിങ്ങിൽ മിടുക്കനായ താരം, സെറ്റ്-പീസുകൾ തൊടുക്കുന്നതിലും കേമനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.