‘മാഞ്ചസ്റ്റർ യുനൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം ടീം’; സ്വന്തം മണ്ണിലെ നാണംകെട്ട തോൽവിക്കു പിന്നാലെ റൂബൻ അമോറിം
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബിന്‍റെ 147 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം ടീമാണ് ഇതെന്ന് പരിശീലകൻ റൂബൻ അമോറിം. ഓൾഡ് ട്രാഫോർഡിൽ പ്രീമിയർ ലീഗ് മത്സരത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ ബ്രൈറ്റണോട് 3-1ന്‍റെ പരാജയം ഏറ്റുവാങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം തട്ടകത്തിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ടീമിന്‍റെ നാലാം തോൽവിയാണിത്. ഇതോടെ പോയന്‍റ് പട്ടികയിൽ യുനൈറ്റഡ് 13ാം സ്ഥാനത്തേക്ക് വീണു. എറിക് ടെൻ ഹാഗിന്‍റെ പകരക്കാരനായി അമോറിം ചുമതലയേറ്റശേഷം 11 ലീഗ് മത്സരങ്ങളിൽ ടീമിന് നേടാനായത് വെറും 11 പോയന്‍റ് മാത്രമാണ്. പത്താം സ്ഥാനത്തുള്ള ഫുൾഹാമിനേക്കാൾ ഏഴു പോയന്‍റ് പിന്നിലും തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് 10 പോയന്‍റ് അകലത്തിലും മാത്രമാണ് നിലവിൽ ചുവന്ന ചെകുത്താന്മാർ.
‘അവസാന 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഞങ്ങൾ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിച്ചത്. യുനൈറ്റഡിന്‍റെ ഒരു ആരാധകന് ഇത് എന്താണെന്ന് സങ്കൽപ്പിക്കുക. എനിക്ക് ഇത് എന്താണെന്ന് സങ്കൽപ്പിച്ച് നോക്കു. കഴിഞ്ഞ പരിശീലകനേക്കാൾ കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന ഒരു പുതിയ പരിശീലകനെ ക്ലബിന് കിട്ടിയിരിക്കുന്നു. എനിക്ക് ഇതിനെക്കുറിച്ച് പൂർണ ബോധ്യമുണ്ട്’ -അമോറിം പറഞ്ഞു.
‘മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ടീമായിരിക്കാം ഞങ്ങളുടേത്. മാധ്യമങ്ങളുടെ തലക്കെട്ടുകൾ ഇതായിരിക്കാം. അത് അംഗീകരിക്കുകയും അത് മാറ്റുകയും ചെയ്യേണ്ടതിനാലാണ് ഞാൻ അങ്ങനെ പറയുന്നത്. എന്തായാലും ഞാൻ മാറാൻ പോകുന്നില്ല. നമുക്ക് വിജയിക്കാൻ കഴിയുമെന്ന് എനിക്കറിയാം, ഈ നിമിഷം നമ്മൾ അതിജീവിക്കേണ്ടതുണ്ട്’ -അമോറിം കൂട്ടിച്ചേർത്തു.
സീസണിൽ യുനൈറ്റഡിന്‍റെ ആറാമത്തെ ഹോം മത്സരത്തിലെ തോൽവിയാണിത്. യാൻകുബ മിൻതെ (അഞ്ചാം മിനിറ്റിൽ), കൗരു മിത്തോമ (60), പകരക്കാരൻ ജോർജിനിയോ റൂട്ടർ (76) എന്നിവരാണ് ബ്രൈറ്റണായി വലകുലുക്കിയത്. ബ്രൂണോ ഫെർണാണ്ടസിന്‍റെ (23ാം മിനിറ്റിൽ പെനാൽറ്റി) വകയായിരുന്നു യുനൈറ്റഡിന്‍റെ ആശ്വാസ ഗോൾ.
മുന്നേറ്റത്തിലും ആക്രമണത്തിലും ബ്രൈറ്റണ് തന്നെയായിരുന്നു മുൻതൂക്കം. മിത്തോമയുടെ അസിസ്റ്റിൽ മിൻതെ അഞ്ചാം മിനിറ്റിൽ തന്നെ ആതിഥേയരുടെ വലകുലുക്കി ഞെട്ടിച്ചു. ജോഷ്വാ സിർസിയെ ബോക്സിൽ ഫൗൾ ചെയ്തതിനാണ് യുനൈറ്റഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ഫെർണാണ്ടസ് പന്ത് അനായാസം വലയിലാക്കി. 1-1 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ 53ാം മിനിറ്റിൽ ജാവോ പെട്രോ യുനൈറ്റഡിന്‍റെ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു. വൈകാതെ മിൻതെയുടെ അസിസ്റ്റിൽ മിത്തോമ സന്ദർശകരുടെ ലീഡ് ഉയർത്തി. ഗോൾ കീപ്പർ ആന്ദ്രെ ഒനാനയുടെ പിഴവാണ് മൂന്നാം ഗോളിന് വഴിവെച്ചത്. 22 മത്സരങ്ങളിൽനിന്ന് 34 പോയന്‍റുമായി ബ്രൈറ്റൺ ഒമ്പതാം സ്ഥാനത്താണ്. യുനൈറ്റഡിന് 22 മത്സരങ്ങളിൽ 26 പോയന്‍റും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.