എംബാപെക്ക് നൂറാം ഗോൾ; പി.എസ്.ജിക്ക് ജയം, ബഹുദൂരം മുന്നിൽ
text_fieldsക്ലബിനായി ഗോൾ സെഞ്ച്വറി തികച്ച സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപെയുടെ കരുത്തിൽ ലീഗ് വണിലെ മുമ്പന്മാരായ പി.എസ്.ജി വിജയക്കുതിപ്പ് തുടരുന്നു. എംബാപെയുടെ ഇരട്ട ഗോൾ മികവിൽ 2-0ത്തിന് എ.എസ് മോണകോയെയാണ് പി.എസ്.ജി തോൽപിച്ചത്.
പെനാൽറ്റിയിൽനിന്നും (12) ലയണൽ മെസ്സിയുടെ അസിസ്റ്റിൽനിന്നും (45) ആയിരുന്നു എംബാപെയുടെ ഗോളുകൾ. 22 വർഷവും 357 ദിവസവും പ്രായമുള്ളപ്പോൾ നൂറുഗോൾ തികച്ച എംബാപെ ഫ്രഞ്ച് ലീഗിൽ ആ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമാണ്.
18 കളികളിൽ 45 പോയൻറുള്ള പി.എസ്.ജി ഒന്നാംസ്ഥാനത്ത് ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള ഒളിമ്പിക് മാഴ്സെക്ക് 32 പോയൻറാണുള്ളത്. മാഴ്സെ 2-0ത്തിന് സ്ട്രാസ്ബർഗിനെ തോൽപിച്ചു.
തകർപ്പൻ ജയവുമായി ഇൻറർ മുന്നിൽ
ഇറ്റാലിയൻ സീരി എയിൽ നിലവിലെ ജേതാക്കളായ ഇൻറർ മിലാൻ സീസണിലാദ്യമായി മുന്നിലെത്തി. 17ാം റൗണ്ടിൽ കാഗ്ലിയാരിയെ 4-0ത്തിന് തകർത്ത ഇൻററിന് മുന്നിലുണ്ടായിരുന്ന എ.സി മിലാൻ സമനിലയിൽ കുടുങ്ങിയതും നേട്ടമായി. ഉദിനീസാണ് മിലാനെ 1-1ന് തളച്ചത്. ഇൻററിന് 40ഉം മിലാന് 39ഉം പോയൻറാണുള്ളത്.
മൂന്നാമതുണ്ടായിരുന്ന നാപോളി 1-0ത്തിന് എംപോളിയോട് തോറ്റപ്പോൾ വെറോണയെ 2-1ന് കീഴടക്കിയ അത്ലാൻറ മൂന്നാം സ്ഥാനത്തേക്ക് കയറി. അത്ലാൻറക്ക് 37ഉം നാപോളിക്ക് 36ഉം പോയൻറുണ്ട്. ഒരുഘട്ടത്തിൽ പോയൻറ് പട്ടികയിൽ തലപ്പത്തുണ്ടായിരുന്ന നാപോളിക്ക് അവസാന അഞ്ചു മത്സരങ്ങളിൽ മൂന്നു തോൽവിയും ഒരു സമനിലയും വഴങ്ങേണ്ടിവന്നതാണ് വിനയായത്.
കാഗ്ലിയാരിക്കെതിരെ ലൗതാറോ മാർട്ടിനെസ് (2), അലക്സിസ് സാഞ്ചസ്, ഹകാൻ ചൽഹാനോഗ്ലു എന്നിവരാണ് ഇൻററിനായി സ്കോർ ചെയ്തത്. ബെറ്റോയുടെ ഗോളിൽ മുന്നിലെത്തിയ ഉദിനീസിനെതിരെ ഇഞ്ചുറി സമയത്ത് സ്ലാറ്റൻ ഇബ്രാഹിമോവിചിെൻറ ഗോളിലാണ് മിലാൻ സമനില പിടിച്ചത്.
മഡ്രിഡ് പോരിൽ ജയം; കുതിപ്പ് തുടർന്ന് റയൽ
സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡ് വിജയക്കുതിപ്പ് തുടരുന്നു. മഡ്രിഡ് നഗരപോരിൽ അത്ലറ്റികോ മഡ്രിഡിെൻറ വെല്ലുവിളി 2-0ത്തിന് മറികടന്ന റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്ത് ലീഡ് എട്ടു പോയൻറാക്കി ഉയർത്തി. 17 മത്സരങ്ങളിൽ റയലിന് 42 പോയൻറായപ്പോൾ രണ്ടാമതുള്ള സെവിയ്യക്ക് 16 കളികളിൽ 34 പോയൻറാണുള്ളത്. റയൽ ബെറ്റിസ് (33), അത്ലറ്റികോ മഡ്രിഡ് (29), റയൽ സോസിഡാഡ് (29) ടീമുകളാണ് അഞ്ചു വരെ സ്ഥാനത്ത്. കഴിഞ്ഞദിവസം ഒസാസുനയോട് 2-2 സമനില വഴങ്ങിയ ബാഴ്സലോണ 24 പോയൻറുമായി എട്ടാംസ്ഥാനത്താണ്.
നഗരവൈരികളായ അത്ലറ്റികോക്കെതിരെ ഇരുപകുതികളിലായി സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമ (16), മാർകോ അസെൻസിയോ (57) എന്നിവരാണ് റയലിെൻറ ഗോളുകൾ നേടിയത്. ടോപ്സ്കോറർ സ്ഥാനത്തുള്ള ബെൻസേമയുടെ 13ാം ഗോളാണിത്. വിനീഷ്യസ് ജൂനിയറാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. 10 ഗോളുമായി ബെൻസേമക്കുപിന്നിൽ രണ്ടാമതുണ്ട് വിനീഷ്യസ്. അസിസ്റ്റ് കണക്കിലും ഏഴെണ്ണവുമായി ബെൻസേമ മുന്നിലുണ്ട്. വിനീഷ്യസിനും നാല് അസിസ്റ്റുണ്ട്. ബെൻസേമ-വിനീഷ്യസ് ജോടിയുടെ മികച്ച ഫോമാണ് സീസണിൽ റയലിെൻറ കുതിപ്പിനുപിന്നിലെ പ്രധാന ഊർജം.
രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ബാഴ്സ ഒസാസുനയോട് സമനില വഴങ്ങിയത്. ബാഴ്സക്കായി നികോ ഗോൺസാലസ്, അബ്ദുസ്സമദ് അസ്സൽസൗലി എന്നിവരാണ് സ്കോർ ചെയ്തത്. ഡേവിഡ് ഗാർഷ്യയും എസക്വീൽ ആവിലയും ഒസാസുനക്കായി സ്കോർ ചെയ്തു. റയൽ ബെറ്റിസ് 4-0ത്തിന് റയൽ സോസിഡാഡിനെയും സെവിയ്യ 1-0ത്തിന് അത്ലറ്റികോ ബിൽബാവോയെയും വിയ്യാറയൽ 2-0ത്തിന് റയോ വയ്യെകാനോയെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.