‘ഇത് പി.എസ്.ജിയിലെ അവസാന വർഷം’; സീസണൊടുവിൽ ക്ലബ് വിടുന്നത് സ്ഥിരീകരിച്ച് എംബാപ്പെ
text_fieldsപാരിസ്: സീസണൊടുവിൽ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) ക്ലബ് വിടുമെന്ന് ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ. താരത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് 25കാരനായ എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. താരം ആദ്യമായാണ് ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിക്കുന്നത്.
സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിലേക്കാണ് താരം പോകുന്നത്. ‘സമയം ആകുമ്പോൾ ഞാൻ നിങ്ങളോട് കാര്യങ്ങൾ തുറന്നുപറയുമെന്ന് പറഞ്ഞിരുന്നു. പി.എസ്.ജിയിൽ എന്‍റെ അവസാന വർഷമാണിത്. ഞാൻ കരാർ നീട്ടില്ല, ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ സാഹസിക യാത്ര അവസാനിക്കും’ -എംബാപ്പെ പറഞ്ഞു. ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്‍റെ കരാർ അവസാനിക്കുന്നത്. റയലിനൊപ്പം ചേരാൻ താരം ധാരണയിലെത്തിയതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനകം ലീഗ് വൺ കിരീടം ഉറപ്പിച്ച പി.എസ്.ജിയുടെ എക്കാലത്തെയും റെക്കോഡ് ഗോൾ സ്കോററാണ് എംബാപ്പെ. 255 ഗോളുകളാണ് താരം ക്ലബിനായി നേടിയത്. 2017 ആഗസ്റ്റിൽ മൊണോക്കോയിൽനിന്നാണ് താരം പി.എസ്.ജിയിലെത്തുന്നത്. ഞായറാഴ്ച ലീഗ് വണ്ണിൽ ടൂളൂസിനെതിരെ താരം പാരിസ് ക്ലബിനായി തന്‍റെ അവസാന ഹോം മത്സരത്തിന് പി.എസ്.ജി തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ കളിക്കാനിറങ്ങും.
മെയ് 15 നീസിനെതിരെയും 19ന് മെറ്റ്സിനെതിരെയും ലീഗ് മത്സരങ്ങളുണ്ട്. 25ന് ഫ്രഞ്ച് കപ്പ് ഫൈനലിൽ ലിയോണാണ് പി.എസ്.ജിയുടെ എതിരാളികൾ. ഒരു കളിക്കാരനായും മനുഷ്യനായും വളരാൻ ക്ലബ് തന്നെ സഹായിച്ചതായി എംബാപ്പെ പറഞ്ഞു. ഏറെ വൈകാരികമാണ്, ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനൊപ്പം കളിക്കാനുള്ള അവസരം ലഭിച്ചു. ക്ലബ് വിടുന്നത് ഇത്ര ബുദ്ധിമുട്ടാകുമെന്ന് കരുതിയില്ല. ഏഴു വർഷത്തിനുശേഷം പുതിയ വെല്ലുവിളി ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്നും താരം കൂട്ടിച്ചേർത്തു.
താരത്തെ ക്ലബിനൊപ്പം നിർത്താൻ പി.എസ്.ജി ഉടമകൾ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനുള്ള തീരുമാനവും ക്ലബും താരവും തമ്മിൽ തർക്കത്തിനിടയാക്കി. 2021-22 സീസണൊടുവിൽ ഫ്രീ ട്രാൻസ്ഫറിൽ താരം ക്ലബ് വിട്ടേക്കുമെന്ന ഏറെക്കുറെ ഉറപ്പിച്ചിരുന്നതാണ്. ഒടുവിൽ രണ്ടു വർഷം കൂടി ക്ലബിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഇരുപാദങ്ങളിലുമായി 2-0ത്തിന് പരാജയപ്പെട്ട് പി.എസ്.ജി പുറത്തായിരുന്നു. ഒരു ചാമ്പ്യൻസ് ലീഗ് കിരീടമെന്ന പാരിസ് ക്ലബിന്‍റെ മോഹം സ്വപ്നമായി തന്നെ തുടരുകയാണ്.
റയലിനൊപ്പം അഞ്ചു വർഷത്തെ കരാറാണ് താരം ഒപ്പിടുന്നതെന്നാണ് വിവരം. അഞ്ചു വർഷത്തേക്ക് സൈഗ്നിങ് ബോണസായ 150 മില്യൺ യൂറോയും കൂടാതെ ഓരോ സീസണിലും 15 മില്യൺ യൂറോയും താരത്തിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.