ലീഗ് വണ്ണിൽ അതിവേഗ ഗോൾ സെഞ്ച്വറി; എംബാപ്പെക്കു പിടിക്കാൻ ഇനിയെത്ര റെക്കോഡുകൾ!
text_fieldsപാരിസ്: കൗമാരക്കാരനായി ഫ്രഞ്ച് ടീം മൊണാക്കോയിൽ തുടങ്ങി ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊന്നായി അതിവേഗം ലോകം ജയിച്ച കിലിയൻ എംബാപ്പെ എന്ന 22കാരന്‍റെ പകിട്ടുള്ള ബൂട്ടുകളിൽ പിറന്ന് മറ്റൊരു റെക്കോഡ് കൂടി. ഫ്രഞ്ച് ലീഗിൽ അതിവേഗം 100 ഗോൾ നേടുന്ന താരമെന്ന ചരിത്രമാണ് ഞായറാഴ്ച ലിയോണിനെതിരായ മത്സരത്തിൽ എംബാപ്പെ വെട്ടിപ്പിടിച്ചത്. മത്സരത്തിൽ 4-2ന് ലിയോണിനെ കീഴടക്കി പി.എസ്.ജി ഫ്രഞ്ച് ലീഗ് വണ്ണിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
അതിവേഗവുമായി ആരെയും കീഴടക്കുന്ന എംബാപ്പെ 15ാം മിനിറ്റിൽ പി.എസ്.ജിക്കായി ആദ്യ ഗോൾ കണ്ടെത്തി. പിന്നീട് ഡാനിലോ പെരേരോയും എയ്ഞ്ചൽ ഡി മരിയയും ലക്ഷ്യം കണ്ടശേഷം 52ാം എംബാപ്പെ രണ്ടാം ഗോളും കണ്ടെത്തി. ലിയോണിനായ ഇസ്ലാം സ്ലിമാനി, കോർണെറ്റ് എന്നിവർ ആശ്വാസ ഗോളും കുറിച്ചു. വിജയത്തോടെ ഇതുവരെയും ഒന്നാം സ്ഥാനം അലങ്കരിച്ച ലിലെയെ ഗോൾശരാശരിയിൽ മറികടന്ന് പി.എസ്.ജി ലീഗിൽ ഒന്നാം സ്ഥാനത്തേക്കു കയറി. 30 കളികളിൽ ഇരു ടീമുകൾക്കും 63 പോയിന്‍റാണുള്ളത്. ലിയോൺ 60 പോയിന്‍റുമായി മൂന്നാമതും ഒരുപോയിന്‍റ് കുറഞ്ഞ് മൊണാക്കോ നാലാമതുമുണ്ട്. പരിക്കിൽ വലഞ്ഞ് ആറാഴ്ച പുറത്തിരുന്ന ശേഷം നെയ്മർ വീണ്ടും മൈതാനത്തിറങ്ങിയതും പി.എസ്.ജി വീര്യം ഇരട്ടിയാക്കി. 70ാം മിനിറ്റിൽ എംബാപ്പെക്കു പകരക്കാരനായിട്ടായിരുന്നു നെയ്മറുടെ രണ്ടാം വരവ്.
2015-16 സീസണിൽ ലീഗ് വണ്ണിലെത്തിയ എംബാപ്പെ അടുത്ത വർഷം 15 ഗോളുകളുമായി അതിവേഗം താരമൂല്യമുയർത്തി. 2018-19 സീസണിൽ 33 ലേക്ക് ഉയർത്തിയ ഗോൾ എണ്ണം വലിയ പരിക്കില്ലാതെ തുടർന്നുള്ള സീസണുകളിലും തുടർന്നു. ഏറ്റവുമൊടുവിൽ നടപ്പു സീസണിലും ഇതിനകം 20 ഗോളുകൾ പി.എസ്.ജിക്കായി താരം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.