മെസ്സി വന്നതും ആരും കൊതിക്കുന്ന താരനിരയും മനസ്സിളക്കുന്നില്ല; എംബാപ്പെക്ക് റയലിലേക്ക് പോകണം...
text_fieldsപാരിസ്: ആധുനിക ഫുട്ബാളിലെ അനിഷേധ്യ താരം ലയണൽ െമസ്സിയെ അണിയിലെത്തിച്ച് കരുത്തു കാട്ടിയതിനു പിന്നാലെ പാരിസ് സെന്റ്് ജെർമെയ്നു മുന്നിൽ കടുത്ത വെല്ലുവിളിയായി ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ കരാർ. സ്പാനിഷ് ലീഗിലെ കരുത്തരായ റയൽ മഡ്രിലേക്ക് ചേക്കേറാൻ കുറച്ചുകാലമായി ആഗ്രഹിച്ചു കഴിയുന്ന എംബാപ്പെ ഈ സീസണിൽതന്നെ ആ കൂടുമാറ്റം കൊതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. റയലിൽ ചേക്കേറാനുള്ള തെന്റ ആഗ്രഹം പി.എസ്.ജി പ്രസിഡന്‍റ് നാസർ അൽ ഖലീഫിക്കു മുമ്പാകെ താരം ഉടൻ ബോധിപ്പിക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
പി.എസ്.ജിയുമായി 2022 വരെ കരാറുള്ള എംബാപ്പെയെ വരും സീസണിൽ ടീമിൽ പിടിച്ചു നിര്‍ത്താനാണ് ക്ലബ് ശ്രമിക്കുന്നത്. എന്നാൽ, 2022 വരെ കാത്തിരിക്കാൻ താൽപര്യമില്ലെന്നും ഈ സീണിൽതന്നെ മഡ്രിഡിലേക്ക് പോവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഖലീഫിയുമായി സ്വകാര്യ കൂടിക്കാഴ്ചയിൽ താരം വെളിപ്പെടുത്തിയേക്കുമെന്ന് എൽ ചിറിങ്ഗ്വിറ്റോ ടി.വി റിപ്പോർട്ട് ചെയ്തു.
എംബാപ്പെ ടീമിൽ തുടരുമോയെന്ന കാര്യത്തിൽ വരുന്ന ഒരാഴ്ച നിർണായകമാവും. ഒരാഴ്ചക്കുള്ളിൽ ഖലീഫിയുമായുള്ള കൂടിക്കാഴ്ച നടക്കും. തുടരാൻ താൽപര്യമില്ലെന്ന് താരം ഇതിനകം പ്രധാന അധികൃതർക്കു മുമ്പാകെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പി.എസ്.ജിയുടെ സ്പാനിഷ് താരം ആൻഡെർ ഹെരേരയുടെ പിറന്നാൾ വിരുന്നിൽ മെസ്സിയും നെയ്മറുമടക്കമുള്ള പ്രമുഖ താരങ്ങൾ മുഴുവൻ പങ്കെടുത്തപ്പോൾ എംബാപ്പെയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പി.എസ്.ജിയുമായി പുതിയ കരാർ ഒപ്പിടുന്ന കാര്യത്തില്‍ 22കാരനായ എംബാപ്പെ ഇതുവരെ മനസുതുറന്നിട്ടില്ല. അതോടെ, താരം റയലിലേക്ക് കൂടുമാറുമെന്ന വാര്‍ത്തകൾ ശക്തമാണ്. മെസ്സി കൂടിയെത്തിയതോടെ മെസ്സി-നെയ്മർ-എംബാപ്പെ ത്രയം അണിനിരക്കുന്ന സ്വപ്ന സദൃശമായ മുന്നേറ്റനിരയിലൂടെ ഈ സീസണിൽ ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധയുമാവാഹിക്കുകയാണ് പാരിസുകാരുടെ ലക്ഷ്യം. അതിനുശേഷം അടുത്ത വർഷം ഫ്രഞ്ചുതാരത്തിന് ഫ്രീ ഏജന്‍റായി ക്ലബ് വിടാമെന്നും പി.എസ്.ജി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ആരും കൊതിക്കുന്ന ഈ മുേന്നറ്റനിരയൊന്നും എംബാപ്പെയുടെ മനസ്സുമാറ്റുന്നില്ലെന്നാണ് അണിയറ വർത്തമാനങ്ങൾ. അതോടെ പി.എസ്.ജിയും ത്രിശങ്കുവിലാണ്. തന്‍റെ ആഗ്രഹത്തിനെതിരായി ഒരു കളിക്കാരനെ ടീമിൽ തുടരാൻ നിർബന്ധിതമാക്കുന്നത് ഒരു ക്ലബും സാധാരണഗതിയിൽ താൽപര്യപ്പെടാറില്ല. ഈ സീസണിൽ പി.എസ്.ജി തന്നെ വിൽക്കുന്നില്ലെങ്കിൽ താരത്തിന്‍റെ സമീപനം എന്താണെന്നതും കണ്ടറിയേണ്ടിവരും. എംബാപ്പെയെ വിട്ടുനൽകാൻ 150 ദശലക്ഷം യൂറോ (1,310 കോടി രൂപ) എന്ന വൻതുക മുടക്കാൻ റയൽ ഒരുക്കമാണെന്നാണ് സൂചനകൾ. താരത്തിന് തുടരാൻ താൽപര്യമില്ലെങ്കിൽ പൊന്നും വിലയ്ക്ക് വിൽക്കുകയെന്നതിലേക്ക് പി.എസ്.ജിക്ക് എത്തിച്ചേരേണ്ടി വരും.
മെസ്സിയും നെയ്മറും എംബാപ്പെയും ഏയ്ഞ്ചൽ ഡി മരിയയും സെർജിയോ റാമോസും മാർകോ വെറാറ്റിയും അടക്കമുള്ള ലോകത്തിലെ മിന്നും താരങ്ങൾ ബൂട്ടണിയുന്ന ഗംഭീര ടീം ചാമ്പ്യന്‍സ് ലീഗില്‍ കിരീടം നേടിത്തരുമെന്ന പ്രത്യാശയിലാണ് പി.എസ്.ജി. ആ സ്വപ്നങ്ങളിലേക്ക് വല കുലുക്കാൻ എംബാപ്പെ അനിവാര്യ ഘടകമാണെന്നും ക്ലബ് അധികൃതർ കരുതുന്നുണ്ട്. എന്നാൽ, ട്രാൻസ്ഫർ ജാലകം അടക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ എംബാപ്പെയുടെ കാര്യത്തിൽ ക്ലബും ക്ലബിന്‍റെ കാര്യത്തിൽ എംബാപ്പെയും സ്വീകരിക്കുന്ന സമീപനങ്ങൾ എന്താണെന്ന് വൈകാതെ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.