മനം കവർന്ന് എംബാപ്പെ; ഫ്രാൻസ് യൂറോകപ്പിന് യോഗ്യത നേടി
text_fieldsആംസ്റ്റർഡാം: എതിരാളികൾ കരുത്തരാകുമ്പോൾ തന്റെ പ്രഹരശേഷി മുഴുവൻ പുറത്തെടുക്കുന്ന എംബാപ്പെ മാജിക്കിന്റെ ചിറകിലേറി ഫ്രാൻസ് യൂറോകപ്പിന്. ആധുനിക ഫുട്ബാളിലെ മിന്നും സ്ട്രൈക്കറായ കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി മനം കവർന്ന കളിയിൽ നെതർലൻഡ്സിന്റെ ഓറഞ്ചുപടയെ 2-1നാണ് ഫ്രഞ്ചുനിര മറികടന്നത്. ഇതോടെ ഗ്രൂപ് ‘ബി’യിൽ കളിച്ച ആറു കളികളും ജയിച്ച് 18 പോയന്റുമായി ഫ്രാൻസ് 2024 ജൂൺ 14 മുതൽ ജൂലൈ 14 വരെ ജർമനിയിൽ നടക്കുന്ന യൂറോ കപ്പിൽ ഇടമുറപ്പിച്ചു.
യോഗ്യതാ റൗണ്ടിൽ അപരാജിത കുതിപ്പുതുടരാൻ കോച്ച് ദിദിയർ ദെഷാംപ്സ് മികവുറ്റ താരങ്ങളെ സ്റ്റാർട്ടിങ് ലൈനപ്പിൽ അണിനിരത്തിയാണ് മത്സരക്കളത്തിലിറങ്ങിയത്. പ്രതീക്ഷകൾക്ക് കരുത്തുപകരാൻ ജയം അനിവാര്യമായ കളിയിൽ ഡച്ച് കോച്ച് റൊണാൾഡ് കൂമാനും കരുത്തുറ്റ ഇലവനെത്തന്നെ രംഗത്തിറക്കിയപ്പോൾ മത്സരം തുല്യശക്തികളുടേതായി.
കളിക്ക് ചൂടുപിടിച്ചുതുടങ്ങിയതിനു പിന്നാലെ ഏഴാം മിനിറ്റിൽ എംബാപ്പെ ഫ്രാൻസിനു വേണ്ടി തന്റെ 41-ാം ഗോളിലേക്ക് നിറയൊഴിച്ചു. ജൊനാഥൻ ക്ലോസിന്റെ ക്രോസിൽ ക്ലോസ്റേഞ്ചിൽനിന്ന് പി.എസ്.ജി താരം തൊടുത്ത തകർപ്പൻ വോളിക്ക് തടയിടാൻ നെതർലാൻഡ്സ് ഗോളി ബാർട്ട് വെർബ്രൂഗന് കഴിഞ്ഞില്ല.
രണ്ടാം പകുതി എട്ടു മിനിറ്റ് പിന്നിട്ടതിനുപിന്നാലെ എംബാപ്പെ വീണ്ടും അവതരിച്ചു. അഡ്രിയൻ റാബിയോയുമായി ചേർന്നു നടത്തിയ നീക്കത്തിനൊടുവിലായിരുന്നു രണ്ടാം ഗോൾ. ബോക്സിന് തൊട്ടുമുന്നിൽനിന്നുതിർത്ത തകർപ്പൻ ലോങ് റേഞ്ചർ വളഞ്ഞുപുളഞ്ഞ് വലയുടെ മോന്തായത്തിലേക്ക് പാഞ്ഞുകയറുമ്പോൾ വീണ്ടും വെർബ്രൂഗൻ കാഴ്ചക്കാരൻ മാത്രമായി.
രണ്ടു ഗോൾ പിന്നിലായതോടെ ഡച്ചുനിര ഉണർന്നു. സ്വന്തം കാണികളുടെ അകമഴിഞ്ഞ പിന്തുണയിൽ ഫ്രഞ്ച് ഗോൾമുഖത്തേക്ക് അവർ ആക്രമണം കനപ്പിച്ചെത്തി. വൈകാതെ ഡോൺയെൽ മാലെൻ ഫ്രഞ്ചു വലയിൽ പന്തടിച്ചുകയറ്റിയെങ്കിലും ലൈൻസ്മാന്റെ ഓഫ്സൈഡ് ഫ്ലാഗിൽ ആ ആഹ്ലാദം മുങ്ങിപ്പോയി. ഇടതടവില്ലാത്ത ശ്രമങ്ങൾക്കൊടുവിൽ 83-ാം മിനിറ്റിലായിരുന്നു നെതർലൻഡ്സ് വല കുലുക്കിയത്.
ഫ്രഞ്ചുഗോളി മൈക് മൈഗ്നാനെ നിസ്സഹായനാക്കി ക്വിലിൻഡ്ഷി ഹാർട്മാനാണ് ഒരുഗോൾ തിരിച്ചടിച്ചത്. അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ഹാർട്മാൻ അവിസ്മരണീയ നേട്ടം കൊയ്തു. സമനിലഗോളിലേക്ക് പിന്നീട് ഉറച്ച ശ്രമങ്ങളൊന്നും നത്താനനുവദിക്കാതെ ഫ്രഞ്ച് പ്രതിരോധം പൂട്ടിയിട്ടതോടെ നെതർലൻഡ്സിന് തോൽവി തന്നെയായി ഫലം. അവസാന ഘട്ടത്തിൽ എംബാപ്പെയുടെ ഒരു ഷോട്ട് ക്രോസ് ബാറിലിടിച്ച് വഴിമാറിയിരുന്നില്ലെങ്കിൽ ഫ്രഞ്ച് ക്യാപ്റ്റന് ഹാട്രിക് സ്വന്തമായേനേ.
ആറു കളികളിൽ 18 പോയന്റുള്ള ഫ്രാൻസിന് പിന്നിൽ 12 പോയന്റുമായി ഗ്രീസാണ് രണ്ടാം സ്ഥാനത്ത്. അഞ്ചു കളികളിൽ ഒമ്പതു പോയന്റുള്ള നെതർലാൻഡ്സ് മൂന്നാമതാണ്. യൂറോ കപ്പ് യോഗ്യതയെന്ന പ്രതീക്ഷകൾ നിലനിർത്താൻ ഡച്ചുകാർക്ക് തിങ്കളാഴ്ച നടക്കുന്ന നിർണായക മത്സരത്തിൽ ഗ്രീസിനെ തോൽപിക്കേണ്ടത് അനിവാര്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.