വരുമാനത്തിൽ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും കടത്തിവെട്ടി എംബാപ്പെ
text_fieldsഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്‌ബാൾ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കെയ്‍ലിയൻ എംബാപ്പെ. ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്തള്ളിയാണ് 2022ലെ ഫോബ്‌സ് പട്ടികയിൽ എംബാപ്പെ ഒന്നാമനായത്.
2025 വരെ പി.എസ്.ജിയിൽ തുടരുന്ന കരാറിൽ ഒപ്പുവെച്ചതോടെ എംബാപ്പെ മെസ്സിയെ കടത്തിവെട്ടുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴാണ് റാങ്കിങ് പുറത്തുവന്നത്. നിരവധി പ്രീമിയർ ലീഗ് കളിക്കാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഒന്നാം സ്ഥാനത്തുള്ള എംബാപ്പെയുടെ കഴിഞ്ഞ 12 മാസത്തെ വരുമാനം 128 ദശലക്ഷം ഡോളറാണ്. ഇതിൽ 18 ദശലക്ഷം പരസ്യ വരുമാനമാണ്. രണ്ടാം സ്ഥാനത്തുള്ള പി.എസ്.ജിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ വരുമാനം 120 ദശലക്ഷം ഡോളറാണ്. ഇതിൽ പകുതിയോളവും പരസ്യ വരുമാനമാണ്. പട്ടികയിലെ മൂന്നാമനായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനം 100 ദശലക്ഷം ഡോളറാണ്. ഇതിൽ 60 ദശലക്ഷവും പരസ്യ വരുമാനമാണ്. പി.എസ്.ജിയുടെ ബ്രസീൽ താരം നെയ്മറാണ് പട്ടികയിൽ നാലാമത്. 87 ദശലക്ഷം ഡോളറാണ് വരുമാനം.
ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് (53 ദശലക്ഷം ഡോളർ), മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ ഗോളടിയന്ത്രം എർലിങ് ഹാലണ്ട് (39 ദശലക്ഷം), ബാഴ്സലോണയുടെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി (35 ദശലക്ഷം), റയൽ മാഡ്രിഡിന്റെ ബെൽജിയൻ താരം ഏഡൻ ഹസാർഡ് (31 ദശലക്ഷം), ജപ്പാനിൽ കളിക്കുന്ന സ്പാനിഷ് മിഡ്ഫീൽഡർ ആന്ദ്രെ ഇനിയസ്റ്റ (30 ദശലക്ഷം), മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിൻ (29 ദശലക്ഷം) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.