പി.എസ്.ജിയില്‍ എംബാപെ വില്ലനാകുന്നു; ആകാശത്ത് സ്വകാര്യ ജെറ്റ് വിമാനവും പണി കൊടുത്തു! നെയ്മറിന്റെ ഭാവി?
text_fieldsഫുട്‌ബോള്‍ ലോകത്തെ നടുക്കുന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരിക്കുന്നു. കാമുകിക്കും സഹോദരിക്കുമൊപ്പം ലാസ് വെഗാസില്‍ ഒഴിവുകാലം ആഘോഷിക്കാനെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം.
ജെറ്റിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കുകയായിരുന്നുവെന്ന് നെയ്മറിന്റെ ഉടമസ്ഥതയിലുള്ള നെയ്മര്‍ സ്‌പോര്‍ട് ഇ മാര്‍ക്കറ്റിങ് വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ല.
ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായി നെയ്മര്‍ പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലേക്കാണ് അപകട വാര്‍ത്തയും വരുന്നത്. ക്ലബ്ബില്‍ നെയ്മറിന്റെ അടുത്ത സുഹൃത്തായിരുന്ന കിലിയന്‍ എംബാബെ തന്നെയാണ് പുറത്താക്കലിന് നേതൃത്വം നല്‍കുന്നത്. റയല്‍ മാഡ്രിഡിലേക്ക് പോകാതിരിക്കാന്‍ മൂന്ന് വര്‍ഷത്തേക്ക് 250 ദശലക്ഷം പൗണ്ടിന്റെ കരാറാണ് പി.എസ്.ജി ഫ്രഞ്ച് സ്‌ട്രൈക്കര്‍ക്ക് നല്‍കിയത്. ഒപ്പം ടീമിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ അഭിപ്രായം പറയാനും ഇഷ്ടപ്പെട്ട കളിക്കാരെ ടീമിലെത്തിക്കാനും എംബാപെക്ക് പ്രത്യേക അവകാശം തന്നെ പി.എസ്.ജി മാനേജ്‌മെന്റ് നല്‍കി.
പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയിസ് കാംപോസും എംബാപെയും ചേര്‍ന്നാകും ടീമിലേക്ക് പുതിയ കളിക്കാരെ കണ്ടെത്തുക.
നെയ്മറിനെ ഒഴിവാക്കാനുള്ള ക്ലബ്ബ് മാനേജ്‌മെന്റിന്റെ തീരുമാനത്തെ എതിര്‍ക്കില്ലെന്ന് എംബാപെ വ്യക്തമാക്കിക്കഴിഞ്ഞു. ബാഴ്‌സലോണയില്‍ നിന്ന് ലോക റെക്കോഡ് ട്രാന്‍സ്ഫറിലാണ് നെയ്മറിനെ പി.എസ്.ജി ടീമിലെത്തിച്ചത്. എന്നാല്‍, ബാഴ്‌സക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയ നെയ്മറിന് പി.എസ്.ജിക്കൊപ്പം പ്രതീക്ഷ പുലര്‍ത്താനായില്ല.
ലോകകപ്പില്‍ ബ്രസീലിന്റെ വലിയ താരം നെയ്മറാണെന്ന് കോച്ച് ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ നെയ്മറിന്റെ ഭാവി തീരുമാനിക്കുന്നത് പോലും നവംബറിലെ ലോകകപ്പായിരിക്കും. തിളങ്ങിയാല്‍ ജനുവരി ട്രാന്‍സ്ഫറില്‍ നെയ്മറിന് വലിയ ക്ലബ്ബുകളുടെ ശ്രദ്ധയാകര്‍ഷിക്കാം. പ്രീ സീസണ്‍ ട്രാന്‍സ്ഫര്‍ നടന്നാല്‍, നെയ്മര്‍ എവിടേക്ക് പോകും? കാത്തിരിപ്പിലാണ് ആരാധകര്‍....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.