ആരോഗ്യം, അതല്ലെ എല്ലാം
text_fieldsദോഹ: കളിക്കളത്തിൽ താരങ്ങൾ പരിക്കേറ്റു വീഴുമ്പോൾ മരുന്നും സ്ട്രെച്ചറുമായി ഓടിയെത്തുന്നവരായി മാത്രമേ നമ്മളിവരെ ടി.വി സ്ക്രീനിൽ കാണാറുള്ളൂ. എന്നാൽ, ആരോഗ്യമുള്ള ടീമിനെ കെട്ടിപ്പടുക്കാൻ രാവിലും പകലിലും എണ്ണയിട്ട യന്ത്രം പോലെ പണിയെടുക്കുന്ന ഇവരുടെ കൂടി വിജയമാണ് ഏഷ്യൻ കപ്പിൽ വമ്പൻ ടീമുകളുമായി ഏറ്റുമുട്ടിയ ഈ സംഘം. അവരാകട്ടെ, മലയാളികളാണെന്നതും ഫുട്ബാളിനെ നെഞ്ചേറ്റുന്ന നാടിന് ഏറെ അഭിമാനം നൽകുന്നതാണ്.
ഖത്തറിൽ ഏഷ്യൻ കപ്പ് ഗ്രൂപ് റൗണ്ടിൽ നിർണായക മത്സരത്തിന് ഇന്ത്യ സജ്ജമാവുമ്പോൾ അണിയറയിലെ പ്രധാനികളായ ടീം ഫിസിയോ ജിജി ജോർജിനും ടീം ഡോക്ടർ ഷെർവിൻ ഷെരീഫിനും ഇത് തിരക്കേറിയ നാളുകളാണ്. കാലംതെറ്റിയെത്തിയ ഏഷ്യൻ കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പെടെ ക്ലബ് ഫുട്ബാൾ സീസണിന്റെ തിരക്കിനിടയിൽ അരങ്ങു തകർക്കുമ്പോൾ കളിച്ചുതളർന്ന താരങ്ങളെ ദേശീയ ടീമിൽ മത്സര സജ്ജമാക്കുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം. ഇന്ത്യൻ
ഗ്രൂപ് റൗണ്ടിലെ എതിരാളികൾ ശാരീരിക മികവിലും പ്രതിഭയിലും ഏറെ ശക്തരാവുമ്പോൾ ഇവരുടെ ജോലി ഭാരവും വർധിക്കും. കടുത്ത മുന്നേറ്റങ്ങളെ തടയാൻ ശരീരവും ആയുധമാക്കുമ്പോൾ ആസ്ട്രേലിയക്കെതിരെ സന്ദേശ് ജിങ്കാന് സംഭവിച്ചതുപോലെയുള്ള പരിക്കുകളും കൈകാര്യം ചെയ്യേണ്ടി വരും. 2011 മുതൽ ഇന്ത്യൻ ടീമിനൊപ്പമുള്ള തൃശൂർ നെല്ലിക്കുന്നുകാരൻ ജിജി ജോർജിനും 2017 മുതൽ ടീമിനൊപ്പമുള്ള ചാവക്കാട്ടുകാരൻ ഡോ. ഷെർവിൻ ഷെരീഫിനുംപുറമെ മസാജുകാരായി തൃശൂരിൽനിന്നുള്ള ദീപക് രവി, പാലക്കാട് നിന്നുള്ള സതീഷ്, ഫിസിയോ ടീമിലുള്ള മലപ്പുറത്തു നിന്നുള്ള ജാബിർ എന്നിവർ കൂടിയാകുമ്പോൾ ഇന്ത്യൻ സംഘത്തിന്റെ ആരോഗ്യ സംരക്ഷണം ഒരു മലയാളി ഉത്തരവാദിത്തവുമാണ്.
തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചീഫ് ഫിസിയോ തെറപ്പിസ്റ്റായി 20 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ജിജി ജോർജ് 14 വർഷം മുമ്പാണ് ആദ്യമായി ഇന്ത്യൻ ക്യാമ്പിലെത്തുന്നത്. യൂത്ത് ക്ലബായ ഇന്ത്യൻ ആരോസിനൊപ്പമായിരുന്നു തുടക്കം. പിന്നീട്, ഏഷ്യൻ കപ്പ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് യോഗ്യത ഉൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവക്കായി ദേശീയ ക്യാമ്പുകളിലെത്തി. കോളജ് തലത്തിൽ ഫുട്ബാൾ കളിച്ച് കളിയെ ഇഷ്ടപ്പെട്ടുകൊണ്ടായിരുന്നു കരിയറിലും കാൽപന്തിന്റെ വഴിതന്നെ തിരഞ്ഞെടുത്തതെന്ന് ജിജി ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഡോ. ഷെർവിന് ഇത് ഇന്ത്യൻ സംഘത്തിനൊപ്പം രണ്ടാമത്തെ ഏഷ്യൻ കപ്പാണ്. സംസ്ഥാന ആരോഗ്യ വകുപ്പിൽ കോഴിക്കോട് ജില്ലയിലാണ് പ്രവർത്തിക്കുന്നത്. ദേശീയ ടീം ക്യാമ്പും മത്സരങ്ങളുമെത്തുമ്പോൾ ഇന്ത്യയുടെ മുൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റെയ്നും ഇപ്പോൾ ഇഗോർ സ്റ്റിമാകിനുമെല്ലാം ഷെർവിന്റെ സേവനം അനിവാര്യമാകും. അപ്പോൾ, സർവിസിൽനിന്നും അവധിയെടുത്ത് ടീമിനൊപ്പം ചേരുകയാണ് ഈ സ്പോർട്സ് മെഡിസിനിലെ സ്പെഷലിസ്റ്റായ ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.