'മേഘ'പ്പൂട്ട്; കേരളത്തെ മേഘാലയ (2-2) സമനിലയിൽ തളച്ചു
text_fieldsപയ്യനാട് (മലപ്പുറം): സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളം-മേഘാലയ മത്സരം സമനിലയിലായതോടെ സെമിഫൈനൽ റൗണ്ടിൽ പ്രവേശിക്കാൻ ആതിഥേയർ കാത്തിരിക്കേണ്ടിവരും. ആദിമധ്യാന്തം ആവേശം നിറഞ്ഞ കളി 2-2 സ്കോറിൽ അവസാനിക്കുകയായിരുന്നു. കേരളത്തിനുവേണ്ടി മുഹമ്മദ് സഫ്നാദ് (17), സഹീഫ് (57), മേഘാലയക്കായി കിൻസൈബർ ലൂയിഡ് (40), ഫിഗോ സിൻഡായി (55) എന്നിവർ ഗോൾ നേടി.
ഗ്രൂപ് എയിൽ രണ്ടു ജയവും ഒരു സമനിലയും നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ് കേരളം. വെള്ളിയാഴ്ച പഞ്ചാബുമായാണ് ഗ്രൂപ്പിൽ ആതിഥേയരുടെ അവസാന കളി. മറ്റു ടീമുകൾക്കും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ സെമിഫൈനലിൽ ആരൊക്കെ എന്നറിയാൻ കാത്തിരിക്കേണ്ടിവരും. ബംഗാളിനെതിരായ ആദ്യ ഇലവനിൽനിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. അണ്ടർ 21 താരം ഷിഗിലിനു പകരം മുഹമ്മദ് സഫ്നാദ് എത്തി.
കഴിഞ്ഞ കളിയിൽ വിഘ്നേഷ് മാത്രമാണ് ഫോർവേഡ് കളിച്ചതെങ്കിൽ ഇന്നലെ സഫ്നാദും സ്ട്രൈക്കറായി. ആദ്യ മിനിറ്റുകളിൽ തുടരത്തുടരെ മേഘാലയക്ക് കോർണർകിക്കുകൾ ലഭിച്ചത് കേരള ഗോൾമുഖത്ത് ആളനക്കമുണ്ടാക്കി. എട്ടാം മിനിറ്റിൽ ഗാലറിയെ ആവേശത്തിലാക്കി കേരളത്തിന്റെ മുന്നേറ്റം. 11ാം മിനിറ്റിൽ വിഘ്നേഷിന്റെ ശ്രമം പാഴായെങ്കിലും കേരളത്തിന് അനുകൂലമായി കിട്ടിയ കോർണർകിക്കിനെത്തുടർന്ന് വലതു മൂലയിൽനിന്ന് സെക്കൻഡ് പോസ്റ്റ് ലക്ഷ്യമാക്കി അജയ് അലക്സ് തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. 17ാം മിനിറ്റിൽ വലതുമൂലയിൽനിന്ന് മേഘാലയൻ പ്രതിരോധക്കോട്ട ഭേദിച്ച് പെനാൽറ്റി ബോക്സിന്റെ മധ്യഭാഗത്തേക്ക് നിജോ ഗിൽബർട്ട് നൽകിയ ക്രോസ് ഞൊടിയിടയിൽ സഫ്നാദ് പോസ്റ്റിലേക്കു വിട്ടു. ഗാലറിയിൽ ഗോളാരവം.
ആദ്യ 25 മിനിറ്റ് കഴിഞ്ഞയുടനെ കേരളത്തിനും മേഘാലയക്കും അവസരങ്ങൾ. 28ാം മിനിറ്റിൽ സോയൽ ജോഷിയുടെ ക്രോസിൽ വിഘ്നേഷ് പന്ത് വലയിലാക്കിയെങ്കിലും കേരള താരങ്ങളുടെയും കാണികളുടെയും ആഘോഷത്തിനിടെ റഫറിയുടെ ഓഫ്സൈഡ് വിസിൽ. 37ാം മിനിറ്റിൽ മേഘാലയൻ സ്ട്രൈക്കർ കിൻസൈബർ ലൂയിഡിന്റെ ഗോളെന്നുറപ്പിച്ച മുന്നേറ്റം. ഗോളി മിഥുൻ മാത്രം മുന്നിൽനിൽക്കെ പറന്നെത്തിയ സോയലിന്റെ ഇടപെടൽ ദുരന്തമൊഴിവാക്കി. തൊട്ടടുത്ത മിനിറ്റിൽ പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചു. ബോക്സിലേക്ക് താഴ്ന്നുവന്ന പന്തിൽ കിൻസൈബർ ലൂയിഡ് തലവെച്ചപ്പോൾ ഇതാദ്യമായി കേരളത്തിന്റെ വല കുലുങ്ങി (1-1).
46ാം മിനിറ്റിൽ ബോക്സിലേക്ക് ജെസിന്റെ ക്രോസ്. സഫ്നാദിന് കണക്ട് ചെയ്യാൻ കഴിയാത്തത് കേരളത്തിന് മികച്ചൊരു ഗോളവസരം നഷ്ടപ്പെടുത്തി. 49ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ ജെസിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് പെനാൽറ്റി കിക്ക് ലഭിച്ചു. ലീഡ് പിടിക്കുമെന്നുറപ്പിച്ച നിമിഷം ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബാറിനു മുകളിലൂടെ പറന്നു. 53ാം മിനിറ്റിൽ നൗഫൽ നൽകിയ മികച്ചൊരു പാസ് കണക്ട് ചെയ്യാതെ പോയതോടെ വീണ്ടും നിരാശ. അടുത്ത മിനിറ്റുകളിൽ മേഘാലയയുടെ തിരിച്ചടി. 55ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിനെത്തുടർന്ന് വലതുമൂലയിൽനിന്ന് ഫിഗോ സിൻഡായിയുടെ മനോഹര ഹെഡർ. മേഘാലയ മുന്നിൽ (1-2).
58ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീ കിക്ക്. അർജുൻ ജയരാജെടുത്ത കിക്കിനെത്തുടർന്ന് ബോക്സിൽ മേഘാലയൻ ഡിഫൻഡർമാർക്കിടയിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് ഒന്നാം പോസ്റ്റിന്റെ വലതുമൂലയിലൂടെ സഹീഫ് അടിച്ചിട്ടു (2-2).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.