മെഹ്ദി തരീമിയെന്ന പ്രചോദനം
text_fieldsദോഹ: പ്രീക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ സിറിയക്കെതിരെ ഇറാന്റെ ഗോൾ നേടുകയും, എന്നാൽ കളി അവസാനിക്കും മുമ്പേ രണ്ട് മഞ്ഞ കാർഡുമായി പുറത്താവുകയും ചെയ്ത മെഹ്ദി തരീമിയുടെ അസാന്നിധ്യമായിരുന്നു ജപ്പാനെതിരായ ക്വാർട്ടർ ഫൈനലിൽ നേരിട്ട വലിയ വെല്ലുവിളി. എന്നാൽ, സ്റ്റാർ സ്ട്രൈക്കറുടെ അഭാവത്തിലും ഉജ്ജ്വലമായി പോരാടിയ ഇറാൻ 2-1ന് ബ്ലൂ സാമുറായീസിനെ തോൽപിച്ച് ഏഷ്യൻ കപ്പിന്റെ സെമി ഫൈനലിലേക്ക് കടന്നു. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേറിയ ആ പോരാട്ടത്തിൽ രണ്ടു ചിത്രങ്ങളായിരുന്നു മത്സരശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഇറാന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് എടുക്കുമ്പോൾ ഗാലറിയിൽ ഉദ്വേഗഭരിതനായ മെഹ്ദി തരീമിയും മത്സരശേഷം തരീമിയെ ആശ്ലേഷിക്കാൻ ഓടിയെത്തിയ മുഹമ്മദ് മുഹിബ്ബിയും. രണ്ട് വിഡിയോയും ആരാധകർക്കു നൽകുന്ന സന്ദേശത്തെ ശരിവെക്കുകയാണ് എ.എഫ്.സിക്കു നൽകിയ അഭിമുഖത്തിൽ ക്വാർട്ടറിലെ ഗോൾ കുറിച്ച മുഹമ്മദ് മുഹിബ്ബി.
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ലീഡെടുത്ത ജപ്പാനെതിരെ മുഹിബ്ബിയുടെ ഗോളാണ് ഇറാന് സെമിയിലേക്ക് വഴിയൊരുക്കിയത്. ഗ്രൗണ്ടിന് പുറത്തായിട്ടും മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ തരീമിയുടെ പിന്തുണയും പ്രചോദനവും ഏറെ സഹായിച്ചെന്ന് എഫ്.സി റുസ്തോവ് താരമായ മുഹിബ്ബി കൂട്ടിച്ചേർത്തു. ‘ഇറാന്റെ വിജയത്തോടൊപ്പം തരീമിക്കും നന്ദി പറയുകയാണ്. ഇറാനിലെ മാത്രമല്ല, ഏഷ്യയിലെതന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മെഹ്ദി തരീമി’ -മുഹിബ്ബി പറഞ്ഞു.
എന്റെ കഴിവുകൾ പുറത്തെടുക്കാനാവശ്യപ്പെട്ടും മാർഗനിർദേശങ്ങൾ നൽകിയും മത്സരത്തിന് മുമ്പ് അരമണിക്കൂർ സമയമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ടീമിന്റെ ഐക്യം നിലനിർത്താനും ഇത് സഹായിച്ചു. എനിക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകിയതിൽ പരിശീലകനും ടീം സ്റ്റാഫുകൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്. സിറിയക്കെതിരായ മത്സരത്തിനുശേഷം തൊട്ടടുത്ത ദിവസങ്ങളിൽ ഞങ്ങളെ അടുത്ത മത്സരത്തിന് പ്രാപ്തമാക്കിയ ഫിസിയോ, മെഡിക്കൽ ടീമിനും നന്ദി- മുഹിബ്ബി പറഞ്ഞു.
ഇറാന്റെ ആദ്യ നാല് മത്സരങ്ങളിൽ മുഹിബ്ബിക്ക് സ്ഥാനം ബെഞ്ചിലായിരുന്നെങ്കിലും തരീമി പുറത്തായതോടെ ജപ്പാനെതിരെ ആദ്യ ഇലവനിൽ കളത്തിലിറങ്ങാൻ അദ്ദേഹത്തിനായി. ജപ്പാനെതിരെ സർദാർ അസ്മോന്റെ മികച്ച പാസ് സ്വീകരിച്ച് മുഹിബ്ബി ഗോൾ നേടിയപ്പോൾ എ.എഫ്.സി ഏഷ്യൻ കപ്പിൽ അവർക്കെതിരെ ഇറാൻ നേടുന്ന ആദ്യ ഗോളായി അത് മാറി. മുമ്പ് നാല് തവണയും ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ജയം ജപ്പാനൊപ്പമായിരുന്നു.
വിജയത്തിലും ഗോളടക്കം മികച്ച പ്രകടനം നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഏഷ്യൻ ഫുട്ബാളിന്റെ ഉന്നത നിലവാരത്തെയാണ് മത്സരം ഉയർത്തിക്കാട്ടുന്നത്. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി അറിയിക്കുകയാണ്. ഈ ഫോം തുടരാനും ചാമ്പ്യന്മാരാകാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ ഇറാൻ ജനതക്ക് അഭിമാനിക്കാനും സന്തോഷിക്കാനുമുള്ള അവസരം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു -മുഹിബ്ബി പറഞ്ഞു. ബുധനാഴ്ച സെമിയിൽ ഖത്തറിനെയാണ് ഇറാൻ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.