സാക്ഷാൽ ആശാൻ ചാത്തുണ്ണി
text_fieldsചാലക്കുടി: കളിക്കളത്തിലെ രാജാവായും കളിക്കളത്തിലെ രാജാക്കന്മാരെ സൃഷ്ടിച്ചെടുക്കുകയും ചെയ്ത് താരമായി മാറിയ കായികവ്യക്തിത്വമാണ് ടി.കെ. ചാത്തുണ്ണിയുടേത്. ചാലക്കുടിയുടെ കളിക്കളത്തില്‍ പയറ്റിത്തെളിഞ്ഞ അദ്ദേഹം ഫുട്ബാളിന് പുതിയ സൗന്ദര്യശാസ്ത്രം നെയ്തെടുത്ത് ഇന്ത്യന്‍ കാൽപന്തുകളിയുടെ ചരിത്രത്തില്‍ വിസ്മയമായി.
കളിക്കാരനെന്ന നിലയിൽ ഗാലറികളെ ത്രസിപ്പിച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ചാത്തുണ്ണി ഐ.എം. വിജയനടക്കം ഫുട്ബാൾ പ്രതിഭകളെ വാര്‍ത്തെടുത്ത് പരിശീലകനെന്ന നിലയിലും കായികലോകത്തിന് വിലയേറിയ സംഭാവനകൾ നൽകി.
ചാലക്കുടി സെന്റ് മേരീസ് എല്‍.പി സ്കൂളിലെ ചെറിയ കളിസ്ഥലത്താണ് ചാത്തുണ്ണി പന്തു തട്ടി തുടങ്ങിയത്. അവിടത്തെ തമ്പാന്മാഷായിരുന്നു പ്രചോദനം. പിന്നീട് ചാലക്കുടി സര്‍ക്കാര്‍ ബോയ്സ് ഹൈസ്കൂളില്‍ ചേര്‍ന്നപ്പോള്‍ റപ്പായി മാഷുടെ പ്രോത്സാഹനത്തിൽ ജൂനിയര്‍ ടീം അംഗമായി.
18ാം വയസ്സിൽ പട്ടാളത്തില്‍ ചേര്‍ന്നു. 1963ല്‍ പട്ടാളത്തിലെ ജൂനിയര്‍ ടീം അംഗമായി. 64ല്‍ പട്ടാളത്തിലെ ടീമില്‍ ഒളിമ്പ്യന്‍ കിട്ടുവിന്റെ കീഴിൽ പരിശീലനം ലഭിച്ചു. 1965ല്‍ ഡൽഹി ഗാരിസണിനു കീഴിൽ ഡ്യൂറന്റ് കപ്പില്‍ കളിച്ചു. പിന്നീട് ഇ.എം.ഇ ടീമിൽ അംഗമായി നെഹ്റു ട്രോഫി, ചാക്കോള ട്രോഫി, ലാല്‍ബഹദൂര്‍ ശാസ്ത്രി ട്രോഫി, സന്തോഷ് ട്രോഫി തുടങ്ങി പ്രധാനപ്പെട്ട ടൂർണമെന്റുകളിലെ വിജയത്തിൽ പങ്കാളിയായി.
70കളിൽ പട്ടാളത്തിൽനിന്ന് പിരിഞ്ഞ് ഗോവയിലെ വാസ്കോ ക്ലബിൽ ചേർന്ന കിട്ടുണ്ണി അവിടെയും തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇക്കാലത്താണ് ഡൽഹിയിൽ ജർമനിയുമായി നടന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചത്.
കോഴിക്കോട് നടന്ന സേട്ട് നാഗ്ജി ടൂർണമെന്റില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 1973ല്‍ ഗോവ ടീം വൈസ് ക്യാപ്റ്റനായിരുന്നു. 1973ല്‍ ക്വാലാലാംപുരിൽ നടന്ന മെര്‍ഡെക്ക ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തത് കളിക്കാരനെന്ന നിലയില്‍ ചാത്തുണ്ണിയുടെ പ്രധാന നേട്ടമായിരുന്നു. ഇക്കാലത്തുതന്നെ ജർമനിക്കെതിരായ മറ്റൊരു മത്സരത്തിലും ചാത്തുണ്ണി ഇന്ത്യൻ ജഴ്സിയണിഞ്ഞു.
1978ല്‍ ബംഗളൂരുവിൽനിന്ന് കോച്ചിങ് പരിശീലനം നേടിയതോടെയാണ് ചാത്തുണ്ണിയുടെ ഫുട്ബാള്‍ രംഗത്തെ മറ്റൊരു പ്രധാനപ്പെട്ട അധ്യായം ആരംഭിക്കുന്നത്. കേരള സ്പോർട്സ് കൗണ്‍സിലിന്റെയും കേരള പൊലീസിന്റെയും കോച്ചായിട്ടായിരുന്നു തുടക്കം. നിരവധി പ്രതിഭകളെ വാർത്തെടുത്ത ചാത്തുണ്ണി മികവുറ്റ പരിശീലനതന്ത്രങ്ങളിലൂടെ ടീമുകളെ വിജയവഴികളിലെത്തിക്കുകയും ചെയ്തു.
പിന്നീടുള്ള മൂന്ന് ദശകങ്ങളിൽ കെ.എസ്.ഇ.ബി, എം.ആര്.എഫ്, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഗോവ സ്റ്റേറ്റ്, സാല്‍ഗോക്കര്‍, മോഹന്ബഗാന്, എഫ്.സി, ഡെംപോ, വിവ തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്ന ചാത്തുണ്ണി ഈ ടീമുകളെ വിവിധ ടൂർണമെന്റുകളിൽ കിരീടമണിയിക്കുകയും ചെയ്തു.
ഇന്ത്യയിലെ മികച്ച കളിക്കാരനായ ഐ.എം. വിജയൻ അടക്കം പ്രതിഭകളെ കണ്ടെത്തിയത് ചാത്തുണ്ണിയാണ്. സി.എ. ലിസ്റ്റന്‍, വി.എഫ്. റോബര്‍ട്ട്, പി.എസ്. വേണു, വി.എസ്. ദേവദാസ്, കെ.എസ്. റഷീദ്, സി.എ. ജോഷ്വാ, ജോണ്സണ് റൊസാരിയോ... ചാത്തുണ്ണി കണ്ടെത്തിയ പ്രതിഭകളുടെ നിര നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.