ഓർമകൾ വീണ്ടും ബൂട്ട് കെട്ടി നൂറ്റാണ്ടിന്റെ ഹാഫ് ടൈമിൽ
text_fieldsകൊച്ചി: 50 വർഷം മുമ്പത്തെ ആ സന്ധ്യയിലും കൊച്ചിയുടെ ആകാശം കറുത്തിരുണ്ടു കിടക്കുകയായിരുന്നു. ഇടക്ക് ചിന്നിച്ചിതറി ചാറ്റൽ മഴത്തുള്ളികൾ മഹാരാജാസ് കോളജ് മൈതാനത്തിന്റെ ഹൃദയത്തിലേക്ക് പെയ്തു വീണുകൊണ്ടിരുന്നു. എന്നാൽ, മുകളിലെ ഇരുണ്ട ഓരോ മേഘത്തിനുമപ്പുറം മനോഹരമായൊരു രജതരേഖയുണ്ടായിരുന്നു. കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയെന്ന സന്തോഷമായിരുന്നു അത്. അന്നത്തെ സന്തോഷ് ട്രോഫി വിജയസ്മരണകളെ ഉള്ളിലോമനിച്ച് വിജയശിൽപികൾ ഒരിക്കൽകൂടി ഗ്രൗണ്ടിലിറങ്ങി ആ ഓർമകളിൽ പന്തു തട്ടി, അന്ന് ചരിത്രവിജയം സമ്മാനിച്ച അതേ പന്ത്.
കേരളം സന്തോഷ് ട്രോഫി നേടിയതിന്റെ സുവർണ ജൂബിലി ആഘോഷവും അന്നത്തെ താരങ്ങൾക്കുള്ള ആദരവുമാണ് സന്തോഷ് ട്രോഫി ഫുട്ബാൾ പ്ലെയേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയത്. ടീം അംഗങ്ങളും ഒഫീഷ്യൽസും മൺമറഞ്ഞുപോയ താരങ്ങളുടെ കുടുംബാംഗങ്ങളുമെല്ലാം പരിപാടിയിൽ പങ്കെടുത്ത് അന്നത്തെ സന്തോഷത്തിന്റെ ഓർമകൾ പങ്കുവെച്ചു. 1973 ഡിസംബർ 27നാണ് കേരളം കരുത്തരായ റെയിൽവേസിനെ 3-2ന് പരാജയപ്പെടുത്തിയത്. സുന്ദരവും അവിസ്മരണീയവുമായ ആ കാഴ്ച കാണാൻ സ്റ്റേഡിയത്തിനു ചുറ്റും നിരന്നിരുന്ന അരലക്ഷത്തോളം പേരുടെ പ്രതീക്ഷക്കും പ്രാർഥനക്കുമൊടുവിലാണ് അന്നത്തെ ക്യാപ്റ്റനായ ടി.കെ.എസ്. മണിയുടെ ഹാട്രിക് ഗോളുകളിൽ കേരളം ഉജ്ജ്വല വിജയം നേടിയത്. എന്നാൽ, മണിയുൾപ്പെടെ ചില താരങ്ങൾ ഇന്ന് ജീവനോടെയില്ലെന്നതിന്റെ വേദനയും കളിക്കാർ പങ്കുവെച്ചു.
ടീമിന്റെ പരിശീലകനായ ഒളിമ്പ്യൻ സൈമൺ സുന്ദർരാജ്, കളിക്കാരായ വിക്ടർ മഞ്ഞില, കെ.പി. സേതുമാധവൻ, ജി. രവീന്ദ്രൻ നായർ, ബാബു നായർ, എൻ.കെ. ഇട്ടി മാത്യു, സി.സി. ജേക്കബ്, എം. മിത്രൻ, പി.പി. പ്രസന്നൻ, പി. പൗലോസ്, പി. അബ്ദുൽ ഹമീദ്, വി. ബ്ലാസി ജോർജ്, എ. നജീമുദ്ദീൻ, കെ.പി. വില്യംസ്, എ. സേവ്യർ പയസ് തുടങ്ങിയവരാണ് ഗൃഹാതുരത്വം പേറുന്ന അനുഭവങ്ങളുമായി ആ മൈതാനത്തേക്ക് ഒരിക്കൽ കൂടിയെത്തിയത്. അന്നത്തെ ഓർമകൾ പങ്കുവെച്ചപ്പോൾ പലരുടെയും ഉള്ളുനിറയുന്നുണ്ടായിരുന്നു.
കെ.പി. രത്നാകരൻ, കെ.വി. ഉസ്മാൻ കോയ, ബി. ദേവാനന്ദ്, ജോൺ ജെ. ജോൺ, കെ. ചേക്കു, ടി.എ. ജാഫർ, എം.ആർ. ജോസഫ്, ഡോ. മുഹമ്മദ് ബഷീർ, ടൈറ്റസ് കുര്യൻ, അസി. കോച്ച് എ.വി. ദേവസിക്കുട്ടി, പി.പി ജോസ്, എം.എൽ. ജോർജ് തുടങ്ങിയവരുടെ ബന്ധുക്കളും പങ്കെടുക്കാനെത്തി. ഹൈബി ഈഡൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കളിക്കാർക്കുള്ള മെമൻറോ, ജഴ്സി, കാഷ് അവാർഡ് എന്നിവ സമ്മാനിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, എൻ. രവീന്ദ്രദാസ്, ഡോ. പി.കെ. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ഐ.എം. വിജയൻ, ആസിഫ് സഹീർ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി തുടങ്ങി നിരവധി താരങ്ങളും പങ്കെടുത്തു.
അന്നത്തെ രണ്ടാംഗോൾ ഇന്നും രവീന്ദ്രൻ നായരെ വേട്ടയാടുന്നു
‘‘അന്നും മഴയുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ഗ്ലൗസ് ഒന്നുമില്ല. റെയിൽവേ രണ്ടാമത് ഗോൾ അടിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷേ, പന്ത് കൈയിലെത്തിയപ്പോൾ നനഞ്ഞ് കൈയിൽ കിടന്ന് സ്പിൻ ചെയ്തു. അടുത്ത നിമിഷം കൈയിൽനിന്ന് വഴുതി ഗോൾമുഖത്തേക്ക്. എന്റെ സകലപ്രതീക്ഷകളും പോയി. ആ ഗോൾ ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. വല്ലാത്തൊരു വേദനയായിരുന്നു അത്. പിന്നീട് എങ്ങനെയൊക്കെയോ അവസാനംവരെ പിടിച്ചുനിന്നെങ്കിലും കളി കഴിഞ്ഞപ്പോൾ ഞങ്ങൾ ജയിച്ചെന്ന് വിശ്വസിക്കാനായില്ല...’’ -50 വർഷം മുമ്പ് കേരളത്തിനായി സന്തോഷ് ട്രോഫി നേടിയ ടീമിലെ ഗോളി ജി. രവീന്ദ്രൻ നായരുടെ വാക്കുകളിൽ ഇന്നും ആ നിമിഷങ്ങളിലെ നെഞ്ചിടിപ്പുണ്ട്. വിക്ടർ മഞ്ഞില, കെ.പി. സേതുമാധവൻ എന്നീ പ്രഗല്ഭരായ ഗോളികളുടെ പകരക്കാരനായാണ് അന്ന് രവീന്ദ്രൻ നായർ കളത്തിലിറങ്ങുന്നത്. റെയിൽവേസിനു വേണ്ടി ദിലീപ് പാലിത്ത് അടിച്ച ഗോളാണ് ഏറെ പരിശ്രമിച്ചിട്ടും അദ്ദേഹത്തിന് തടുക്കാനാവാതെ ഗോൾവല കുലുക്കിയത്.
കാണികളുടെ ആരവങ്ങളും പിന്തുണയും വലുതായിരുന്നു. അന്ന് ഫൈനൽ വിസിലടിച്ചപ്പോൾ നെഞ്ചോടുചേർത്ത് വാരിയെടുത്ത പന്ത് ഇന്നും നിധിപോലെ രവീന്ദ്രൻ നായർ സൂക്ഷിച്ചിട്ടുണ്ട്. അന്ന് വീട്ടിലെ ഷോകേസിൽ കൊണ്ടുവെച്ച പന്ത് പിന്നീട് അഞ്ചുപതിറ്റാണ്ടിനിപ്പുറം അതേ സ്റ്റേഡിയത്തിലേക്ക് സുവർണ ഓർമകൾ പുതുക്കാനും രവീന്ദ്രൻ നായർ കൊണ്ടുവന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ രവീന്ദ്രൻ നായർക്ക് ഡബിൾ പ്രമോഷൻ നൽകിയാണ് ബോർഡ് ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.