പുരുഷ ഫുട്ബാളിൽ ഇന്ന് പ്രീക്വാർട്ടർ: കൺമുന്നിൽ സൗദി; അത്ഭുതം കാട്ടാൻ ഛേത്രിയും സംഘവും
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബാൾ പ്രീക്വാർട്ടർ ഫൈനലിൽ വ്യാഴാഴ്ച ഇന്ത്യക്ക് എതിരാളികൾ കരുത്തരായ സൗദി അറേബ്യ. ഫിഫ റാങ്കിങ്ങിൽ 57ാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് സൗദി. ഖത്തർ ലോകകപ്പിലെ ആദ്യ കളിയിൽ അർജന്റീനയെ വരെ അട്ടിമറിച്ചവരുടെ യുവനിരയാണ് ഇറങ്ങുന്നത്. 102ാം റാങ്കിലേക്ക് ഇറങ്ങിയ ഇന്ത്യയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ് മത്സരം.
മുമ്പ് മൂന്നു തവണ സൗദിയോട് ഏറ്റുമുട്ടിയപ്പോഴും തോൽവിയായിരുന്നു ഫലം. ഏഷ്യയിലെ അഞ്ചാമത്തെ ടീമിനെതിരെ കളിക്കുന്ന സുനിൽ ഛേത്രിക്കും സംഘത്തിനും മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള പ്രയാണത്തിൽ അത് കരുത്തേകും. ഹുവാങ് ലോങ് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം വൈകീട്ട് അഞ്ചിനാണ് മത്സരം.
ഗ്രൂപ് എയിൽ ചൈനക്കെതിരെ 1-5ന്റെ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ തുടങ്ങിയത്. തുടർന്ന് ബംഗ്ലാദേശിനെ 1-0ത്തിന് തോൽപിച്ചും മ്യാന്മറിനെതിരെ ഗോൾരഹിത സമനില പിടിച്ചും രണ്ടാമന്മാരായി നോക്കൗട്ടിൽ കടക്കുകയായിരുന്നു. ഗ്രൂപ് ബിയിൽ രണ്ടു ജയവും ഒരു സമനിലയുമായാണ് സൗദി മുന്നേറിയത്.
ഇന്ത്യയുടെ മുഖ്യപരിശീലകനെന്ന നിലയിൽ ഇതുവരെയുള്ള തന്റെ വെല്ലുവിളികളിൽ ഏറ്റവും വലുതാണിതെന്ന് ഇഗോർ സ്റ്റിമാക് പറഞ്ഞു. ‘‘എന്നാൽ, ഞാൻ വെല്ലുവിളികളെ ഇഷ്ടപ്പെടുന്നു. അവയെ നേരിടാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരിക്കലും ഒഴിഞ്ഞുമാറുന്നില്ല.
സൗദി അറേബ്യക്കെതിരായ ഞങ്ങളുടെ ട്രാക്ക് റെക്കോഡ് എന്തുതന്നെയായാലും അത്ഭുതം സൃഷ്ടിക്കാൻ ഞങ്ങൾ പ്രാപ്തരാണ്. ഞാൻ കളിക്കാരുമായി കൂടിക്കാഴ്ച നടത്തുകയും മത്സരത്തിനായി ചില തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. വലിയ ആത്മവിശ്വാസത്തോടെയാണ് സൗദി കളിക്കുന്നത്’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ Vs സൗദി അറേബ്യ
- 1982: ഇന്ത്യ 0 സൗദി 1 (ഏഷ്യൻ ഗെയിംസ്)
- 2006: ഇന്ത്യ 0 സൗദി 3 (എ.എഫ്.സി ഏഷ്യൻ കപ്പ്)
- 2006: ഇന്ത്യ 1 സൗദി 7 (എ.എഫ്.സി ഏഷ്യൻ കപ്പ്)
(മൂന്നു മത്സരത്തിലും സൗദിക്ക് ജയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.