മേഴ്സിക്കുട്ടൻ രാജിവെച്ചു; യു. ഷറഫലി സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു. ഷറഫലിയെ നിയമിച്ച് സർക്കാർ ഉത്തരവായി. സ്പോർട്‌സ് കൗൺസിലുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ തുടർന്ന്, അധ്യക്ഷയായിരുന്ന മേഴ്സിക്കുട്ടനോടും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവെക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. തുടർന്ന് മേഴ്സിക്കുട്ടൻ രാജിവെച്ച ഒഴിവിലാണ് നിയമനം.
സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ഐ.എം. വിജയന്‍, ജോര്‍ജ് തോമസ്, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി. സുനില്‍കുമാര്‍, എസ്. രാജീവ്, എം.ആര്‍. രഞ്ജിത് എന്നിവരും രാജിവെച്ചിട്ടുണ്ട്. അടുത്തവർഷം ഏപ്രില്‍ വരെ ഇവർക്ക് കാലാവധി ഉണ്ടായിരുന്നു. 2019ൽ ടി.പി ദാസന്റെ പിൻഗാമിയായാണ് മുൻ അത്‍ലറ്റ് കൂടിയായ മേഴ്സിക്കുട്ടൻ സ്പോർട്‌സ് കൗൺസിലിന്റെ തലപ്പത്തേക്ക് വരുന്നത്.
കോവിഡിന് ശേഷം കൗൺസിലിന്റെ നേതൃത്വത്തിൽ പ്രധാന കായികമേള സംഘടിപ്പിച്ചില്ലെന്നും ഫണ്ടുകളുടെ വിനിയോഗത്തിൽ പ്രശ്നങ്ങളുണ്ടെന്നും ആക്ഷേപം ഉയർന്നിരുന്നു.
മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. വി.പി സത്യൻ, ഐ.എം വിജയൻ, സി.വി പാപ്പച്ചൻ എന്നിവർക്കൊപ്പം കേരള പൊലീസ് ടീമിലും സന്തോഷ് ട്രോഫി നേടിയ കേരള ടീമിലും അംഗമായിരുന്നു. ഒമ്പത് തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും രണ്ടു തവണ ദേശീയ ഗെയിംസിലും ജഴ്സിയണിഞ്ഞു. മലബാർ സ്പെഷൽ പൊലീസ് (എം.എസ്.പി) കമാൻഡന്റായാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.