നൂറാം ഗോളുമായി മെസ്സി-സുവാരസ് സഖ്യം; തകർപ്പൻ ജയവുമായി മയാമി കോൺകകാഫ് ചാമ്പ്യൻഷിപ്പ് കപ്പ് രണ്ടാം റൗണ്ടിൽ
text_fieldsന്യൂയോർക്ക്: തകർപ്പൻ ജയവുമായി ഇന്‍റർ മയാമി കോൺകകാഫ് ചാമ്പ്യൻഷിപ്പ് കപ്പിന്‍റെ രണ്ടാം റൗണ്ടിൽ. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ സ്പോർട്ടിങ് കാൻസാസ് സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി.
ഇരുപാദങ്ങളിലുമായി 4-1ന്‍റെ ജയവുമായാണ് മയാമി അവസാന 16ലെത്തിയത്. ആദ്യ പാദത്തിൽ 1-0ന് മയാമി ജയിച്ചിരുന്നു. സൂപ്പർതാരം ലയണൽ മെസ്സി, ടാഡിയോ അലൻഡെ, ലൂയിസ് സുവാരസ് എന്നിവരാണ് മയാമിക്കായി വലകുലുക്കിയത്. മിമോ റോഡ്രിഗോസ് സ്പോർട്ടിങ്ങിന്‍റെ ആശ്വാസ ഗോൾ നേടി. 19ാം മിനിറ്റിൽ മെസ്സിയിലൂടെ മയാമി ലീഡെടുത്തു. ഗ്രൗണ്ടിന്‍റെ ഇടതു പാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് ഓടിയെത്തിയ മെസ്സിക്ക് ഉയർത്തി നൽകിയ പന്ത്, താരം നെഞ്ചിൽ നിയന്ത്രിച്ച് തൊടുത്ത പവർഫുൾ ഇടങ്കാലൻ വോളി പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിയെയും നിസ്സഹായനാക്കി വലയിൽ. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി മെസ്സി-സുവാരസ് സഖ്യം നേടുന്ന നൂറാമത്തെ ഗോളാണിത്.
സുവാരസിന്‍റെ അസിസ്റ്റിൽ മെസ്സി നേടുന്ന 55ാം ഗോൾ. ഇടവേളക്കു പിരിയാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഇൻജുറി ടൈമിൽ മയാമിയുടെ ഇരട്ട പ്രഹരം. 45+1ാം മിനിറ്റിൽ അലൻഡെയും 45+3ാം മിനിറ്റിൽ സുവാരസും ലീഡ് വർധിപ്പിച്ചു. 63ാം മിനിറ്റിൽ റോഡ്രിഗോസിന്‍റെ ഒരു ലോങ് റേഞ്ച് ഷോട്ട് മയാമിയുടെ വല ചലിപ്പിച്ചു. എന്നാൽ, മയാമിയുടെ ലീഡ് മറികടക്കാൻ അതുമതിയായില്ല. രണ്ടാം റൗണ്ടിൽ കോൺകകാഫ് കരീബിയൻ കപ്പ് ചാമ്പ്യന്മാരായ കാവലിയർ എഫ്.സിയാണ് റൗണ്ട് ഓഫ് 16ൽ മയാമിയുടെ എതിരാളികൾ.
കഴിഞ്ഞദിവസം ന്യൂയോർക്ക് സിറ്റിക്കെതിരെ നടന്ന മേജർ സോക്കർ ലീഗ് സീസണിലെ ആദ്യ മത്സരത്തിലെ മോശം പെരുമാറ്റത്തിന് മെസ്സിക്കും സുവാരസിനും അച്ചടക്ക സമിതി പിഴ ചുമത്തിയിരുന്നു. മെസ്സി എതിർ ടീം സഹപരിശീലകൻ മെഹ്ദി ബല്ലൂച്ചിയുടെ കഴുത്തിനു പിടിച്ചതിനാണ് നടപടി. ന്യൂയോർക്ക് പ്രതിരോധ താരം ബിർക്ക റിസയോട് മോശമായി പെരുമാറിയതിനാണ് സുവാരസിന് പിഴയിട്ടത്.
ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അഞ്ചാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ തോമസ് അവിൽസ് മയാമിക്കായി ലക്ഷ്യം കണ്ടെങ്കിലും മിറ്റ ഇലനിക് (26ാം മിനിറ്റ്), അലോൻസോ മാർട്ടിനസ് (55) എന്നിവരിലൂടെ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽനിന്ന് ടെലസ്കോ സെഗോവിയയാണ് (90+10) മയാമിയുടെ സമനില ഗോൾ നേടിയത്. 23ാം മിനിറ്റിൽ ടോറ്റോ അവൈൽസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായാണ് മയാമി കളിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.