മെസ്സിയും അർജന്‍റീന ടീമും കേരളത്തിലെത്തും; സ്ഥിരീകരിച്ച് കായിക മന്ത്രി
text_fieldsതിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്‍റീന ടീമും കേരളത്തിലെത്തും. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സ്പെയിനിൽ അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷമാണ് അർജന്‍റീന ടീം എത്തുക. സർക്കാർ സഹായത്തിലാകും മത്സരം നടത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ‘അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങൾ സ്പെയിനിലേക്കു പോയിരുന്നു. സ്പെയിനിൽവച്ച് ചർച്ച നടത്തി. 2025ൽ ഇന്ത്യയിൽ അർജന്റീനയുടെ സൗഹൃദമത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. സർക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോൾഡ് ആൻഡ് സിൽവര്‍ മർച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേർന്ന് മത്സരം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാറിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക’ -മന്ത്രി പറഞ്ഞു.
ഒന്നര മാസത്തിനകം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ വരും. സർക്കാറും അർജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. കേരളത്തിലെ ഫുട്ബാൾ പ്രേമികളെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്നതാണ് അർജന്‍റീനയുടെ വരവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് അർജന്‍റീന. ജനകീയ മത്സരമായി നടത്താനാണ് സർക്കാർ നീക്കം. അർജന്‍റീനക്കെതിരെ കളിക്കുന്ന എതിർ ടീം വിദേശ ടീമായിരിക്കും. രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അർജന്റീനയെ നേരിടാൻ ഇറക്കാനാണു സാധ്യത.
ഇതിനു മുമ്പ് 2011ലാണ് മെസ്സിയും അർജന്‍റീന ടീമും ഇന്ത്യയിലെത്തിയത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ സൗഹൃദ മത്സരമാണ് കളിച്ചത്. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിലുള്ള ടീമിനെതിരെയായിരിക്കും കളി. 15ാം സ്ഥാനത്തുള്ള ജപ്പാനാണ് റാങ്കിങ്ങിൽ മുന്നിലുള്ള ഏഷ്യൻ ടീം. അർജന്റീനയും നേരിടാനുള്ള ടീമും കേരളത്തിൽ മത്സരിക്കുന്നതിന്റെ ചെലവു മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു തീരുമാനം. നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബാള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.