ലാ ലിഗ കിരീട നേട്ടം; ബാഴ്സയുടെ ആഘോഷത്തിൽ പങ്കാളികളായി പി.എസ്.ജി സൂപ്പർതാരങ്ങൾ!
text_fieldsനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൈപ്പിടിയിലൊതുക്കിയ ലാ ലീഗ കിരീടനേട്ടം മതിമറന്ന് ആഘോഷിക്കുകയാണ് ബാഴ്സലോണ താരങ്ങളും ആരാധകരും. ബാഴ്‌സ നഗരത്തിൽ തുറന്ന വാഹനത്തിൽ ടീമിന്‍റെ വിജയാഘോഷ പരേഡിൽ ആയിരകണക്കിന് ആരാധകരാണ് പങ്കെടുത്തത്.
ഇതിനിടെയാണ് ബാഴ്സയിലെ ഒരു നിശാക്ലബിൽ നടന്ന ടീമിന്‍റെ ആഘോഷ വിരുന്നിൽ പി.എസ്.ജി സൂപ്പർതാരങ്ങൾ പങ്കെടുത്തെന്ന വിവരം പുറത്തുവരുന്നത്. പി.എസ്.ജിയിൽനിന്ന് രണ്ടു ദിവസത്തെ അവധിയെടുത്ത ബ്രസീൽ താരം നെയ്മർ വിരുന്നിൽ പ്രത്യേക ക്ഷണിതാവായി എത്തി. അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സി താരങ്ങളെ വിഡിയോ കോളിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാഡ് റൊമേരോയാണ് നെയ്മർ വിജയാഘോഷത്തിൽ പങ്കെടുത്ത വിവരം പുറത്തുവിട്ടത്. കൂടാതെ, ആഘോഷത്തിനിടെ ബാഴ്‌സ താരങ്ങളുടെ സോഷ്യൽ മീഡിയ ലൈവിൽ മെസ്സിയും നെയ്മറും പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബാഴ്സയിലെ മുതിർന്ന താരങ്ങളുമായി ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ക്ലബിന്‍റെ മുൻ താരങ്ങൾ കൂടിയായ മെസ്സിയും നെയ്മറും.
ബാഴ്സയിലെ വിമാനത്താവളത്തിൽ നെയ്മർ ഇറങ്ങുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. മെസ്സിയും നെയ്മറും സീസണൊടുവിൽ പി.എസ്.ജി വിടാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. മെസ്സിയെ ടീമിൽ തിരിച്ചെത്തിക്കാൻ ബാഴ്‌സ നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അധ്യക്ഷൻ ജോൻ ലപോർട്ട വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പി.എസ്.ജി വിടുകയാണെന്ന് നെയ്മറും പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസിലെ വീടിനു മുന്നിൽ പി.എസ്.ജി ആരാധകർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് താരത്തിന്‍റെ മനംമാറ്റം.
എന്നാൽ, താരം ബാഴയിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഞായറാഴ്ച എസ്പാനിയോളിനെ 4-2ന് തോല്‍പ്പിച്ച ബാഴ്സ, ലീഗിൽ നാലു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് കിരീടം ഉറപ്പിച്ചത്. ലയണൽ മെസ്സി ക്ലബ് വിട്ടതിനുശേഷമുള്ള ക്ലബിന്‍റെ ആദ്യ കിരീട നേട്ടമാണിത്. സാവി ഹെർണാഡസ് ചുമതലയേറ്റശേഷം ആദ്യമായാണ് ബാഴ്സ സ്പാനിഷ് ലീഗ് കിരീടം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.