മെസ്സിയും റൊണാൾഡോയും മുഖാമുഖം വന്നത് 36 തവണ; വിജയക്കണക്ക് ഇങ്ങനെ...
text_fieldsരണ്ടു വർഷത്തിനുശേഷം ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ചവരിൽ ഉൾപ്പെട്ട രണ്ടു താരങ്ങൾ വീണ്ടും മുഖാമുഖം എത്തുകയാണ്. പി.എസ്.ജിയുടെ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസ്സിയും അൽനസ്റിന്റെ പോർചുഗൽ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് വ്യാഴാഴ്ച റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന സീസൺ കപ്പ് ഫുട്ബാളിൽ ഇറങ്ങുന്നത്.
നേരത്തെ ഇരുവരും മുഖാമുഖം എത്തിയത് 36 തവണയാണ്. ഇതിൽ 16 തവണ മെസ്സിക്കൊപ്പവും 11 തവണ റൊണാൾഡോക്കൊപ്പവും ആയിരുന്നു വിജയം. ഒമ്പത് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. മെസ്സി അർജന്റീനയുടെയും ബാഴ്സലോണയുടെയും പി.എസ്.ജിയുടെയും ജഴ്സിയിൽ ഇറങ്ങിയപ്പോൾ റൊണാൾഡോ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവക്കായി ബൂട്ടണിഞ്ഞു. ഇപ്പോൾ അൽ നസ്റിനായും ഇറങ്ങുന്നു. മെസ്സി 22 ഗോൾ നേടുകയും 12 ഗോളിന് വഴിയൊരുക്കുകയും ചെയ്തപ്പോൾ റൊണാൾഡോ 21 ഗോൾ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തു. ഇരുവരും രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമേ നേർക്കുനേർ വന്നിട്ടുള്ളൂ. മെസ്സി ഒരു ഗോൾ നേടുകയും ഒന്നിന് അസിസ്റ്റ് നൽകുകയും ചെയ്തപ്പോൾ ഒരു ഗോളാണ് റൊണാൾഡോയുടെ സമ്പാദ്യം.
2008 ഏപ്രിൽ 23നായിരുന്നു ആദ്യമായി ഇരുവരും എതിരാളികളായി കളത്തിലിറങ്ങിയത്. മെസ്സി ബാഴ്സലോണക്കായും ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡിനായുമാണ് ഇറങ്ങിയത്. ഗോൾരഹിത സമനിലയായിരുന്നു മത്സരഫലം. 2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനം ഏറ്റുമുട്ടിയത്. അന്ന് ക്രിസ്റ്റ്യാനോയുടെ യുവന്റസ് മെസ്സി നയിച്ച ബാഴ്സലോണയെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിനെ നയിക്കുന്നത് ക്രിസ്റ്റ്യാനോയാണ്. അൽനസ്റിലെത്തിയശേഷം ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരംകൂടിയാണിത്. മെസ്സിക്കൊപ്പം മറ്റു സൂപ്പർ താരങ്ങളായ നെയ്മറും കിലിയൻ എംബാപ്പെയുമെല്ലാം ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.