ഗോളടിച്ച് മെസ്സിയും സുവാരസും; തോൽവിയുടെ വക്കിൽനിന്ന് തിരിച്ചുവന്ന് ഇന്റർ മയാമി
text_fieldsകോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും ലൂയി സുവാരസിന്റെയും ഗോളുകളിൽ സമനില പിടിച്ച് ഇന്റർ മയാമി. നാഷ് വില്ലെക്കെതിരെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്റർ മയാമിയുടെ തകർപ്പൻ തിരിച്ചുവരവ്.
മത്സരത്തിൽ 71 ശതമാനവും മെസ്സിയും സംഘവും പന്ത് കൈവശം വെച്ചെങ്കിലും കളിയുടെ ഒഴുക്കിനെതിരെ രണ്ട് ഗോളടിച്ച് നാഷ് വില്ലെ ഞെട്ടിച്ചു. ജേക്കബ് ഷേഫൽബർഗ് ആയിരുന്നു ഇരുഗോളും നേടിയത്.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ നാഷ് വില്ലെ ഇന്റർമയാമി വലയിൽ പന്തെത്തിച്ചു. മയാമി പ്രതിരോധത്തിൽനിന്ന് തട്ടിയെടുത്ത പന്ത് ഷേഫൽബർഗ് ശക്തമായ ഇടങ്കാലൻ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തൊട്ടുടനെ മയാമി രണ്ടാം ഗോളും വഴങ്ങേണ്ടതായിരുന്നു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ ഗോൾകീപ്പറുടെയും പ്രതിരോധ താരത്തിന്റെ ഗോൾലൈനിലെയും സേവുകളാണ് അവർക്ക് രക്ഷയായത്. 37ാം മിനിറ്റിൽ മെസ്സി ഗോളിനടുത്തെത്തിയെങ്കിലും എതിർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.
രണ്ടാം പകുതി തുടങ്ങിയയുടൻ നാഷ് വില്ലെ രണ്ടാം ഗോളും നേടി. നിരവധി പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് തകർപ്പൻ ഷോട്ടിലൂടെയായിരുന്നു ഷേഫൽബർഗിന്റെ ഗോൾ. എന്നാൽ, ആറ് മിനിറ്റിനകം മെസ്സിയിലൂടെ ഇന്റർ മയാമി ഒരു ഗോൾ തിരിച്ചടിച്ചു. സുവാരസ് നൽകിയ പാസ് മെസ്സി മനോഹരമായി പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് സമനില ഗോൾ കണ്ടെത്താനുള്ള മയാമിയുടെ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ രക്ഷകനായി സുവാരസ് അവതരിച്ചു. വലതുവിങ്ങിൽനിന്ന് ബുസ്കറ്റ്സ് നൽകിയ ക്രോസ് സുവാരസ് ക്ലിനിക്കൽ ഹെഡറിലൂടെ എതിർ വലയിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.