ലോകം ജയിച്ച ആ ജഴ്സികൾ മെസ്സി ലേലത്തിനു നൽകുന്നു; തുക ബാഴ്സലോണയിലെ കുട്ടികളുടെ ആശുപത്രിക്ക്
text_fieldsബാഴ്സലോണ: ഖത്തറിന്റെ മണ്ണിൽ വിശ്വവിജയത്തിലേക്ക് ഡ്രിബ്ൾ ചെയ്തു കയറിയ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ആറു ജഴ്സികൾ ലേലത്തിന്. ബാഴ്സലോണയിൽ അപൂർവരോഗം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്ക് ഫണ്ട് സമാഹരിക്കുന്നതിനായാണ് മെസ്സി ലേലത്തിനായി ഫൈനലിൽ ധരിച്ചതുൾപ്പെടെ ഖത്തർ ലോകകപ്പിലെ തന്റെ ജഴ്സികൾ സംഭാവന ചെയ്തത്.
സൗദി അറേബ്യ, മെക്സികോ, ആസ്ട്രേലിയ, നെതർലാൻഡ്സ്, ക്രൊയേഷ്യ, ഫ്രാൻസ് ടീമുകൾക്കെതിരായ മത്സരങ്ങളിൽ അണിഞ്ഞ ജഴ്സിയാണ് ലേലത്തിനു വെക്കുക. സോത്തേബി എന്ന ലേലകമ്പനിയാണ് ലേലം നടത്തുക. കമ്പനിയുടെ വെബ്സൈറ്റിൽ നവംബർ 30 മുതൽ ഡിസംബർ 14 വരെ ലേലത്തിൽ പങ്കെടുക്കാം.
‘ആറു ലോകകപ്പ് ജഴ്സികൾ. ഒരു ലേലം. ഇന്ന് @acmomentoയിലെ എന്റെ സുഹൃത്തുക്കൾ @sothebysൽ ഒരു ലേലം പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ഞാനണിഞ്ഞ ആറു കുപ്പായങ്ങൾക്കുവേണ്ടിയാണത്. ഫൈനലിൽ കളിച്ച ജഴ്സിയും ലേലത്തിനുണ്ടാകും’-മെസ്സി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
‘നിങ്ങൾക്ക് സോത്തേബിയുടെ വെബ്സൈറ്റിൽ നവംബർ 30 മുതൽ ഡിസംബർ 14 വരെ ലേലത്തിൽ പങ്കെടുക്കാം. ലേലം ചെയ്തുകിട്ടുന്ന തുകയിലൊരു പങ്ക് ബാഴ്സലോണയിലെ സാന്റ് യോവാൻ ദേ ദ്യൂ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അപൂർവരോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സക്കുവേണ്ടി ആശുപത്രിയുടെ യൂനികാസ് പ്രൊജക്ടിനു നൽകും’ -കുറിപ്പിൽ താരം വിശദീകരിച്ചു. പത്തു ദശലക്ഷം ഡോളറാണ് (ഏകദേശം 76.4 കോടി രൂപ) ജഴ്സികൾക്ക് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.