വിരമിക്കൽ ഉടനെന്ന് മെസ്സി
text_fieldsബ്വേനസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നുള്ള വിരമിക്കൽ ഉടനുണ്ടാവുമെന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. എപ്പോഴാണെന്ന് പറയാനാവില്ലെങ്കിലും സമയമായാൽ സംഭവിക്കുമെന്നും ദേശീയ മാധ്യമമായ ടി.വി പബ്ലികക്ക് നൽകിയ അഭിമുഖത്തിൽ 36കാരൻ വ്യക്തമാക്കി.
വിരമിക്കലിനെക്കുറിച്ച് ചോദിച്ചപ്പോൾ മെസ്സി നൽകിയ മറുപടി ഇങ്ങനെ: “സത്യസന്ധമായി, എപ്പോൾ വരെയുണ്ടാവുമെന്ന് എനിക്കറിയില്ല. സംഭവിക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. ഈയിടെയായി എല്ലാം നേടിയ ശേഷം, ആസ്വദിക്കൽ മാത്രം നടക്കാതെ പോവുന്നു. ആ നിമിഷം എപ്പോൾ വരുമെന്ന് ദൈവം പറയും. യുക്തിപരമായി, എന്റെ പ്രായം കാരണം, അത് ഉടൻ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ ശരിയായ സമയം എപ്പോഴായിരിക്കുമെന്ന് എനിക്കറിയില്ല.
മനോഹരമായ എല്ലാം ആസ്വദിച്ചുകൊണ്ട് ഞാൻ ദൈനംദിന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ദേശീയ ടീമിൽ ഞങ്ങൾക്ക് വളരെ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ലോകകപ്പ്, കോപ അമേരിക്ക ചാമ്പ്യന്മാരാകാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു. ആസ്വദിക്കാനുള്ള സമയമാണിത്”.
സകുടുംബം അമേരിക്കയിൽ
ഫ്ലോറിഡ: ഇന്റർ മിയാമി ക്ലബിൽ അരങ്ങേറുന്നതിനായി ലയണൽ മെസ്സി അമേരിക്കയിലെത്തി. കഴിഞ്ഞ ദിവസം ഭാര്യക്കും മക്കൾക്കുമൊപ്പമാണ് ഇതിഹാസ താരം ഫ്ലോറിഡയിലെ വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ജൂൺ16ന് ഇന്റർ മിയാമിയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മെസ്സിയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. 21ന് മെക്സിക്കൻ ടീമായ ക്രൂസ് അസൂലിനെതിരായ ലീഗ്സ് കപ്പ് മത്സരത്തിൽ സൂപ്പർ സ്ട്രൈക്കറുടെ അരങ്ങേറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിൽനിന്ന് പുതിയസീസൺ ലക്ഷ്യമിട്ട് അമേരിക്കയിലെ മേജർ സോക്കർ ലീഗിലേക്ക് മാറുകയായിരുന്നു മെസ്സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.