മെസ്സി മാനിയ; ഗാലറി ‘കൈയേറി’ വി.ഐ.പി നിര
text_fieldsലോസ് ഏഞ്ചൽസ്: മെസ്സിയുടെ കളി കാണാൻ സ്റ്റേഡിയത്തിലേക്കൊഴുകി വി.ഐ.പി നിര. മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചൽസ് എഫ്.സിയും (എൽ.എ.എഫ്.സി) ഇന്റർ മയാമിയും തമ്മിലുള്ള മത്സരം കാണാനാണ് ഹോളിവുഡ് താരങ്ങളും സംഗീതജ്ഞരും അടക്കമുള്ള പ്രമുഖരെത്തിയത്. ഇംഗ്ലീഷ് രാജകുമാരൻ ഹാരി, മുൻ ബാസ്കറ്റ് ബാൾ സൂപ്പർ താരം മാജിക് ജോൺസൻ, സിനിമ താരങ്ങളായ ലിയാനാഡോ ഡി കാപ്രിയോ, ടോം എല്ലിസ്, ജെറാർഡ് ബട്ട്‍ലർ, കോനി ബ്രിട്ടൻ, ജെയ്മി കാമിൽ, ടോം ഹോളണ്ട്, സെലേന ഗോമസ്, ബ്രൻഡൻ ഹണ്ട്, മാരിയോ ലോപസ്, ടോബി മഗ്വയർ, എഡ് നോർട്ടൻ, െഗ്ലൻ പവൽ, ജേസൻ സുഡെയ്കിസ്, ഓവെൻ വിൽസൺ, കൊമേഡിയൻ കിങ് ബാഷ്, സംഗീതജ്ഞരായ അലേമൻ, ബ്രിയേൽ, ബോബോ, ലിയാം ഗലേഗർ, നാസ്, തൈഗ തുടങ്ങിയവരാണ് സ്റ്റേഡിയത്തിലെത്തിയത്. ഇവർ മെസ്സിയുടെ നീക്കങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
മെസ്സിയുടെ ഇരട്ട അസിസ്റ്റിന്റെ മികവിൽ നിലവിലെ എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചൽസ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഇന്റർ മയാമി തകർത്തുവിട്ടിരുന്നു. മയാമിക്കായി ഫകുണ്ടോ ഫാരിയസ്, ജോർഡി ആൽബ, ലിയനാഡോ കംപാന എന്നിവരാണ് ഗോളടിച്ചത്. റ്യാൻ ഹോളിങ്സ് ഹെഡിന്റെ വകയായിരുന്നു എൽ.എ.എഫ്.സിയുടെ ആശ്വാസ ഗോൾ. വിജയത്തോടെ വരവിന് ശേഷം തുടർച്ചയായ 11 മത്സരങ്ങളിൽ ഇന്റർ മയാമി തോൽവിയറിഞ്ഞിട്ടില്ല.
14ാം മിനിറ്റിലാണ് ഫകുണ്ടോ ഫാരിയസ് മയാമിയുടെ അക്കൗണ്ട് തുറന്നത്. ആദ്യ പകുതിയിൽ കളം ഭരിച്ചത് എൽ.എ.എഫ്.സി ആയിരുന്നെങ്കിലും ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല. ഡെനിസ് ബുവാങ്ക നിരവധി അവസരങ്ങളാണ് തുലച്ചുകളഞ്ഞത്. 38ാം മിനിറ്റിൽ മെസ്സി ഗോളിനടുത്തെത്തിയെങ്കിലും ഇടങ്കാലൻ ഷോട്ട് ഗോൾ കീപ്പർ തട്ടിത്തെറിപ്പിച്ചത് ഗാലറിയിൽ നിരാശ പടർത്തി. എന്നാൽ, രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും മെസ്സിയുടെ മനോഹര പാസിൽ ജോർഡി ആൽബ ലീഡ് ഇരട്ടിയാക്കി. കളി അവസാനിക്കാൻ ഏഴ് മിനിറ്റ് ശേഷിക്കെ വീണ്ടും മെസ്സി അവതരിച്ചു. ഇത്തവണ ലിയനാഡോ കംപാനക്കായിരുന്നു പന്ത് വലയിലെത്തിക്കേണ്ട ചുമതല. താരം പിഴവില്ലാതെ അത് പൂർത്തിയാക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് എൽ.എ.എഫ്.സിയുടെ ആശ്വാസ ഗോൾ പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.