അമേരിക്കയിലെങ്ങും മെസ്സി മാനിയ! ഇന്‍റർ മിയാമിയിൽ 21ന് അരങ്ങേറ്റം; ചൂടപ്പംപോലെ വിറ്റുതീർന്ന് ടിക്കറ്റുകൾ
text_fieldsഅമേരിക്കൻ മേജർ സോക്കർ ലീഗിനെ കീഴടക്കി മെസ്സി മാനിയ. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലെ അരങ്ങേറ്റ മത്സരം 21ന് നടക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ചൂടപ്പംപോലെയാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്.
ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ് ക്രൂസ് അസുലിനെതിരെ മെസ്സി ഇന്‍റർ മിയാമിക്കായി കളത്തിലിറങ്ങുമെന്നാണ് ക്ലബ് അധികൃതർ നൽകുന്ന വിവരം. എന്നാൽ, ക്ലബുമായി താരം ഇതുവരെ അന്തിമ കരാറിലെത്തിയിട്ടില്ല. 150 ദശലക്ഷം ഡോളർ (ഏകദേശം 1230 കോടി രൂപ) മൂല്യമുള്ളതാണ് കരാറെന്ന് യു.എസ് ഡിജിറ്റൽ മാധ്യമമായ സ്പോർട്ടിക്കോ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
മെസ്സിയുടെ ശമ്പളം, സൈനിങ് ബോണസ്, ക്ലബിലെ ഓഹരി പങ്കാളിത്തം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കരാറെന്ന് റിപ്പോർട്ട് പറയുന്നു. 2025 വരെയാണ് മെസ്സിയുമായി ക്ലബിന് കരാറുണ്ടാകുക. കൂടാതെ, ഒരു വർഷത്തേക്കു കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും ഉണ്ടാകും. സൂപ്പർതാരം മെസ്സി ലീഗിലേക്ക് വരുന്നുവെന്ന വാർത്തകൾ കേട്ടതുമുതൽ അമേരിക്കയിലെ ഫുട്ബാൾ ആരാധകർ വലിയ ആവേശത്തിലാണ്.
ഇതിനകം മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. കരിചന്തയിൽ 1,319 മുതൽ 6,000 വരെ ഡോളറാണ് ടിക്കറ്റിന്‍റെ വില. പറയുന്ന പണം നൽകി ടിക്കറ്റ് സ്വന്തമാക്കാനും നിരവധി പേരുണ്ട്. ഇന്‍റർ മിയാമിയുടെ ഉടമകളിലൊരാളായ ജോർജ് മാസാണ് മെസ്സി 21ന് അരങ്ങേറ്റം കുറിക്കുമെന്ന് വെളിപ്പെടുത്തിയത്.
‘അമേരിക്കയിൽ ഫുട്ബാളിനെ കുറിച്ച് സംസാരിക്കുമ്പോൾ മെസ്സിക്ക് മുമ്പും ശേഷവും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു....ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായി അമേരിക്കൻ ലീഗ് മാറുമെന്ന് എനിക്ക് വലിയ വിശ്വാസമുണ്ട്’ -ജോർജ് മാസ് പറഞ്ഞു. മേജർ ലീഗ് സോക്കറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അംബാസഡറും റിക്രൂട്ടറും മെസ്സിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.