മെസ്സി, എംബാപ്പെ, ബെൻസേമ, ഹാലൻഡ്...ഫിഫ ഇലവനിൽ ഇടമുറപ്പിച്ച് നാല് സൂപർ സ്ട്രൈക്കർമാർ
text_fieldsവല കാത്ത് ഗോളിയും പിൻനിരയുറപ്പിച്ച് പ്രതിരോധവും മൈതാനവും നീക്കങ്ങളും നിയന്ത്രിച്ച് മധ്യനിരയും കരുത്തോടെ നിൽക്കുന്നതാണ് ഏതുടീമിന്റെയും ആദ്യ വിജയമെങ്കിൽ അതുക്കും മീതെയാകും മികച്ച സ്ട്രൈക്കർമാരുടെ സ്ഥാനം. എതിർവല കുലുക്കി ടീമിന് ജയം നൽകാൻ അവർ തന്നെ വേണം. അതുകൊണ്ടുതന്നെയാകണം, ഏറ്റവും മികച്ച താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ ഫിഫ പുറത്തുവിട്ട ആദ്യ ഇലവനിൽ സ്ട്രൈക്കർമാർ മാത്രം നാലു പേരുണ്ട്. ഓരോരുത്തരും ലോക ഫുട്ബാളിൽ പകരക്കാരില്ലാത്ത പ്രതിഭാസാന്നിധ്യങ്ങൾ. കാലിൽ കവിത വിരിയിക്കുന്ന അസാധാരണ നീക്കങ്ങളുടെ (ഗോളുകളുടെയും) തമ്പുരാന്മാർ.
ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയിൽ മെസ്സിക്കൊപ്പമുണ്ടായിരുന്ന കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരും ഒപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലൻഡുമാണ് അർജന്റീന താരത്തിനൊപ്പം മുന്നേറ്റം നയിക്കുക. ഗോൾവല കാക്കാൻ റയൽ മഡ്രിഡ് വലക്കു മുന്നിലെ ചോരാത്ത കൈകളായ ബെൽജിയം ഗോളി തിബോ കൊർടുവ തന്നെ. പിൻനിരയിൽ പി.എസ്.ജിയുടെ മൊറോക്കോ താരം അഷ്റഫ് ഹകീമി, മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് വായ്പക്ക് ബയേൺ മ്യൂണിക്കിലെത്തിയ പോർച്ചുഗീസ് താരം യൊആവോ കാൻസലോ, ഡച്ചുകാരനായ ലിവർപൂൾ പ്രതിരോധതാരം വിർജിൽ വാൻ ഡൈക് എന്നിവരും അണിനിരക്കും.
ഫിഫ ഇലവനിലെ മധ്യനിരക്കും കരുത്ത് കൂടും. പ്രായം 37ലെത്തിയിട്ടും റയൽ നിരയുടെ കിങ് മേക്കറായ ക്രൊയേഷ്യൻ താരം ലൂക മോഡ്രിച്, ബ്രസീലിന്റെ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം കാസമീറോ, ബെൽജിയംകാരനായ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിൻ എന്നിവരാണ് മിഡ്ഫീൽഡ് ജനറൽമാർ.
ഖത്തർ ലോകകപ്പ് വിജയികളായ ടീം അർജന്റീനയാണെങ്കിലും ഒരാൾ മാത്രമാണ് അതിൽനിന്ന് ലോക ഇലവനിലെത്തിയത്- മെസ്സി. എന്നാൽ, നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയലിൽനിന്ന് കൊർടുവ, മോഡ്രിച്, കാസമീറോ (താരം ഇപ്പോൾ റയലിലല്ല) എന്നിവരും ഒപ്പം കരീം ബെൻസേമയും ഇടമുറപ്പിച്ചിട്ടുണ്ട്. പ്രിമിയർ ലീഗ് കിരീട ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ഡി ബ്രുയിനും ഒപ്പം കാൻസലോയും എത്തിയപ്പോൾ ഹാലൻഡും ഇടമുറപ്പിച്ചു.
എന്നാൽ, നിലവിലെ റയൽ മുന്നേറ്റങ്ങളിലെ മുഖ്യ സാന്നിധ്യമായ വിനീഷ്യസ് ജൂനിയർ, മാഞ്ചസ്റ്റർ യുനൈറ്റഡിനെ വലിയ നേട്ടങ്ങളിലേക്ക് ഗോളടിച്ചുകയറ്റുന്ന മാർകസ് റാഷ്ഫോഡ്, ബാഴ്സലോണയുടെ സൂപർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, വെറ്ററൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവർ പട്ടികയിൽനിന്ന് പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.