മെസ്സി- നെയ്മർ- എംബാപ്പെ ത്രയം വഴിപിരിയുന്നു?- അടുത്ത സീസണിൽ മുഖം മാറ്റാൻ പി.എസ്.ജി
text_fieldsപാരിസ് മൈതാനത്തെ ആവേശക്കാഴ്ചയായിരുന്നു മുന്നേറ്റത്തിൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മൂവർ സംഘം ഒന്നിക്കുന്ന അപൂർവ നീക്കങ്ങൾ. അവസരങ്ങൾ സൃഷ്ടിച്ചും ഗോളടിച്ചും അടിപ്പിച്ചും മെസ്സി- നെയ്മർ- എംബാപ്പെ കൂട്ടുകെട്ട് ചിലപ്പോഴെങ്കിലും നിറഞ്ഞാടിയപ്പോൾ ആരാധകർ ആവേശം കൊണ്ടു. എന്നാൽ, ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ നേരത്തെ മടങ്ങുകയും ലീഗ് വണ്ണിൽ പോലും വിയർക്കുകയും ചെയ്യുന്ന ടീം മൊത്തം ഉടച്ചുവാർക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതിന്റെ ഭാഗമായി മൂവർ സംഘത്തിലെ ഒരാളോ കൂടുതൽ പേരോ പുറത്താകുമെന്നാണ് സൂചന. ഒപ്പം, പരിശീലകൻ ക്രിസ്റ്റഫ് ഗാൽറ്റിയെക്കും തൊപ്പി തെറിച്ചേക്കും.
കിലിയൻ എംബാപ്പെയെന്ന സൂപർ താരത്തെ മുന്നിൽനിർത്തി ടീമിനെ വാർത്തെടുക്കാനാണ് ടീം ലക്ഷ്യമിടുന്നത്. യുവതാരങ്ങൾക്ക് അവസരം നൽകിയും കൂടുതൽ കൗമാരക്കാരെ ടീമിലെടുത്തും അക്ഷരാർഥത്തിൽ ടീം മുഖംമാറാനാണ് ഒരുങ്ങുന്നത്. ലാ ലിഗയിൽ റയൽ മഡ്രിഡ് അടുത്തിടെയായി സ്വീകരിച്ച ഈ തന്ത്രം ഒരളവോളം വിജയമാണ്. ആരാധകർ മനംമടുത്ത് ടീമിനെ കൈയൊഴിയുന്ന സാഹചര്യം മറികടക്കാനും ഇത് സഹായകമാകും.
സൂപർ താരം മെസ്സിയെ ഒരു വർഷം കൂടി ക്ലബിൽ നിലനിർത്തണമെന്ന് മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിൽ എല്ലാം കൈവിട്ട മട്ടാണ്. താൻ ബാഴ്സലോണയിലേക്ക് മടങ്ങുകയാണെന്ന് ഇതിനകം പലവട്ടം മെസ്സി സൂചന നൽകുകയും ചെയ്തിട്ടുണ്ട്.
നെയ്മറുടെ വിഷയത്തിൽ ടീം എന്നേ തീരുമാനം എടുത്തുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. 2027 വരെ കാലാവധിയുണ്ടെങ്കിലും അടുത്ത സീസണിൽ തന്നെ വിറ്റൊഴിവാക്കാനാണ് നീക്കം. പരിക്കിന്റെ പിടിയിൽ തുടരുന്ന താരത്തെ ഇത്രയുംഉയർന്ന തുക നൽകി ആര് സ്വീകരിക്കുമെന്ന ചോദ്യം മാത്രം ബാക്കി.
രണ്ടു വർഷം കുടി കരാർ ബാക്കിയുള്ള എംബാപ്പെയെ എത്ര വില നൽകാൻ ടീമുകൾ തയാറായാലും നിലനിർത്താൻ പി.എസ്.ജി ആഗ്രഹിക്കുന്നു. താരത്തിന്റെ ചിറകേറി ചാമ്പ്യൻസ് ലീഗിൽ മുത്തമിടാമെന്നും ടീം സ്വപ്നം കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.