മെസ്സി, നെയ്മർ, എംബാപ്പെ ത്രയങ്ങൾക്ക് പരിശീലകന്‍റെ മുന്നറിയിപ്പ്; സൈഡ് ബെഞ്ചും നിങ്ങൾക്കുള്ളതാണ്...
text_fieldsഫുട്ബാൾ ലോകത്തെ മൂല്യം കൂടിയ ക്ലബുകളുടെ പട്ടികയിൽ പി.എസ്.ജി ഒരൽപം പിന്നിലാണ്. എന്നാൽ, താരമൂല്യത്തിൽ ക്ലബ് ഒന്നാമതു തന്നെയാണ്.
ഇതിഹാസ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ, സെർജിയോ റാമോസ്... ഇങ്ങനെ പോകുന്നു ക്ലബിലെ താരങ്ങളുടെ പട്ടിക. ടീമിൽ വമ്പൻതാരങ്ങൾ അണിനിരക്കുമ്പോൾ പരിശീലകനും പിടിപ്പത് പണിയാണ്. ആദ്യ ഇലവനിൽ ആരെ കളിപ്പിക്കണം, ആരെ പുറത്തിരുത്തണം എന്നതാണ് പരിശീലകനു മുന്നിലെ പ്രധാന വെല്ലുവിളി.
മുൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ അപൂർവമായി മാത്രമാണ് മുൻനിര താരങ്ങളെ സൈഡ് ബെഞ്ചിലിരുത്തിയിരുന്നത്.
എന്നാൽ, നിലവിലെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ മെസ്സി, എംബാപ്പെ, നെയ്മർ ത്രയങ്ങൾക്ക് ഇതിനകം കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. സൈഡ് ബെഞ്ചിലെ സ്ഥാനവും നിങ്ങൾക്കുള്ളതാണെന്നും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് സ്വീകരിക്കണമെന്നുമാണ് ക്രിസ്റ്റോഫിന്‍റെ നിലപാട്. ശനിയാഴ്ച ലീഗിലെ ആറാം മത്സരത്തിൽ നോണ്ടിനെതിരെ 3-0ത്തിന് വിജയിച്ച ടീമിൽ ആദ്യ ഇലവനിൽ നെയ്മറിന് സ്ഥാനമില്ലായിരുന്നു.
ഒരു മണിക്കൂറിനുശേഷം എംബാപ്പെയുടെ പകരക്കാരനായാണ് നെയ്മർ കളത്തിലെത്തുന്നത്. ഫ്രഞ്ച് താരത്തിന് ഇതിൽ ഒട്ടും നിരാശയില്ലായിരുന്നു. ഈ മൂന്നു താരങ്ങളിൽ ഏറ്റവും കൂടുതൽ സമയം കളിച്ചത് മെസ്സിയാണ്. മൊണാക്കോ, ടൂളൂസ് ടീമുകൾക്കെതിരായ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ മെസ്സിയെയും തിരിച്ചുവിളിച്ചിരുന്നു. നോണ്ടിനെതിരായ മത്സരത്തിൽ 62ാം മിനിറ്റിലാണ് റാമോസ് കളത്തിലിറങ്ങുന്നത്.
സീസണിൽ ടീം ഒന്നാമതെത്തുമെന്ന് ക്രിസ്റ്റോഫ് നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് പി.എസ്.ജി അവരുടെ ആദ്യ ആറ് ലീഗ് മത്സരങ്ങളിൽനിന്ന് നേടിയ 24 ഗോളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.