മെസ്സി കളിച്ചിട്ടും രക്ഷയില്ല; ഇന്റർമയാമിക്ക് തോൽവിയോടെ മടക്കം
text_fieldsഷാർലെറ്റ്: ലയണൽ മെസ്സി മുഴുവൻ സമയം കളിച്ചിട്ടും ഇന്റർമയാമിക്ക് ജയിക്കാനായില്ല. എം.എൽ.എസിലെ അവസാന മത്സരത്തിൽ ഷാർലെറ്റിനെതിരെ ഒരു ഗോളിന്റെ തോൽവിയോടെ ഇന്റർമയാമി ഈ സീസൺ അവസാനിപ്പിച്ചു.
ഷാർലെറ്റിന്റെ സ്വന്തം തട്ടകമായ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ 70000ത്തോളം കാണികൾക്ക് മുൻപിൽ ഇതിഹാസ താരം മുന്നിൽ നിന്ന് നയിച്ച മയാമിയെ അവർ കീഴടക്കുകയായിരുന്നു. ഇതോടെ 43 പോയിന്റുമായി ഒമ്പതാം സ്ഥാനം ഉറപ്പിച്ച ഷാർലെറ്റ് എം.എൽ.എസ് പ്ലേ ഓഫ് കടന്നു.
13-ാം മിനിറ്റിൽ ഷാർലറ്റിന്റെ കൊളംബിയൻ സ്‌ട്രൈക്കർ കെർവിൻ വർഗാസ് നേടിയ ഒറ്റഗോളിന്റെ ബലത്തിൽ ജയിച്ചു കയറുകയായിരുന്നു. പന്തിന്റെ കൈവശാവകാശത്തിൽ മേധാവിത്തം പുലർത്തിയത് ഇന്റർ മയാമി ആയിരുന്നെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഇന്റർ മയാമിക്ക് ഇത് വിജയമില്ലാത്ത തുടർച്ചയായ ഏഴാം മത്സരമാണ്.
എം.എൽ.എസ് ഈസ്റ്റേൺ കോൺഫ്രൻസ് പോയിന്റ് പട്ടികയിൽ 14ാം സ്ഥാനത്തായാണ് മയാമി സീസൺ അവസാനിപ്പിച്ചത്. 34 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവും 18 തോൽവിയും എഴ് സമനിലയും ഉൾപ്പെടെ 34 പോയിന്റ് മാത്രമാണ് ഇന്റർ മയാമിയുടെ സമ്പാദ്യം. ഇനി ഇന്റർ മയാമിക്ക് ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങളുണ്ട്. അതിന് ശേഷം അടുത്ത ഫെബ്രുവരിയിൽ സീസൺ ആരംഭിക്കുന്നത് വരെ വിശ്രമമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.