മെസ്സി വീണ്ടും ബാഴ്സയിലെത്തുമോ?- പി.എസ്.ജിയുമായി കരാർ പുതുക്കില്ലെന്ന് സ്പാനിഷ് മാധ്യമങ്ങൾ
text_fieldsഅർജന്റീനയെ ലോകകിരീടത്തിലെത്തിച്ച് മടങ്ങിയ ലയണൽ മെസ്സി പി.എസ്.ജിയിൽ തിരിച്ചെത്തിയിട്ട് നാളുകളേറെയായിട്ടില്ല. ഖത്തറിലെ ലുസൈൽ മൈതാനത്ത് രണ്ടു മണിക്കൂറിലേറെ നേരം ലോകത്തെ മുൾമുനയിൽ നിർത്തിയായിരുന്നു താരത്തിന്റെ കിരീടാരോഹണം. കിലിയൻ എംബാപ്പെ ഒറ്റക്കു നയിച്ച് ഫ്രാൻസ് പലവട്ടം തിരിച്ചുവന്ന കളിയിൽ ഷൂട്ടൗട്ട് വിധിനിർണയിച്ചപ്പോൾ മെസ്സിക്കൂട്ടം കപ്പുമായി മടങ്ങി.
കരിയറിൽ ഏതാണ്ടെല്ലാ നേട്ടങ്ങളും കൈയെത്തിപ്പിടിച്ചിട്ടും വിശ്വകിരീടം മാത്രം അകന്നുനിന്നതിന്റെ കടംതീർത്ത പ്രകടനം കാഴ്ചവെച്ച മെസ്സിയായിരുന്നു ലോകകകപ്പിലെ താരം. ദേശീയ ടീമിൽ പരമാവധി നേട്ടങ്ങൾ പൂർത്തിയാക്കിയ താരത്തിന് പക്ഷേ, ക്ലബ് കരിയറിനെ കുറിച്ച് കൂടുതൽ ആലോചനകളുണ്ടോ? ഗോളടിച്ചും അടിപ്പിച്ചും ദേശീയ ജഴ്സിയിലെന്നപോലെ ക്ലബിനൊപ്പവും തിളങ്ങുന്ന താരം സീസൺ അവസാനത്തോടെ പി.എസ്.ജി വിടുമോ?
ഫ്രഞ്ച് ടീമുമായി സീസൺ തീരുംവരെയാണ് മെസ്സിക്ക് കരാർ. രണ്ടര വർഷത്തെ കരാർ പൂർത്തിയാകുന്നതോടെ പാരിസുകാരുമായി പുതിയ കരാറിൽ ഒപ്പുവെക്കുന്ന കാര്യം സംശയത്തിലാണെന്ന് സ്‍പെയിനിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ലോകകപ്പ് കഴിഞ്ഞയുടൻ താരവുമായി പുതിയ കരാറിൽ ഒപ്പുവെക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഇതുവരെയും അത് നടന്നിട്ടില്ല.
താരം കറ്റാലൻ ക്ലബിലേക്ക് തിരികെ പോകാൻ ഉദ്ദേശിക്കുന്നുവെന്നും പി.എസ്.ജിയുമായി കരാർ പുതുക്കില്ലെന്നാണ് സ്പാനിഷ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകൻ ജെറാർഡ് റൊമേരോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ഈ റിപ്പോർട്ടിൽ കാര്യമില്ലെന്നും മെസ്സി പി.എസ്.ജിയിൽ അടുത്ത സീസണിലും പന്തുതട്ടുമെന്നും ഫ്രഞ്ച് മാധ്യമങ്ങളും പറയുന്നു.
രണ്ടര വർഷത്തെ കരാർ കഴിയുന്നതോടെ ഒരു വർഷം കൂടി നീട്ടാൻ നിലവിലുള്ള കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ, രണ്ടു വർഷത്തെ കരാർ താരവുമായി ഒപ്പുവെക്കാനാണ് പി.എസ്.ജി നീക്കങ്ങളെന്നും സൂചനയുണ്ട്. 2021ലാണ് ബാഴ്സ വിട്ട് മെസ്സി ഫ്രാൻസിലെത്തിയത്. എംബാപ്പെ, നെയ്മർ അടക്കം പ്രമുഖർക്കൊപ്പമാണ് താരം പന്തുതട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.